Open Space

06 Nov 2018 15:10 PM IST

ആര്‍ത്തവം അയിത്തമല്ല സ്ത്രീകള്‍ അശുദ്ധരുമല്ല

ആചാരസംരക്ഷക്ഷകരെ ഒറ്റപ്പെടുത്താന്‍ നവോത്ഥാന പാരമ്പര്യങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജമാണ് കേരളം സ്വാംശീകരിക്കേണ്ടത്.

ആര്‍ത്തവം അശുദ്ധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വീടകങ്ങളില്‍ നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ആചാരം സമീപഭൂതകാലം വരെ നിലനിന്നിരുന്നു. അടുക്കളപ്പണിക്ക് മറ്റ് സ്ത്രീകള്‍ ഉള്ള ചില കുടുംബങ്ങളില്‍ ഭേദഗതികളോടെ ഇന്നും അത് തുടരുന്നുമുണ്ട്. കൂട്ടുകുടംബങ്ങളില്‍ പരിചരണത്തിന് മറ്റ് സ്ത്രീകള്‍ ഉള്ളതുകൊണ്ട് ആണിനെ ഈ അനാചാരം ബാധിക്കാറില്ല. എന്നാല്‍ അണുകുടുംബങ്ങളിലേക്ക് സമൂഹം മാറിയതോടെ ഈ 'പുറത്താവല്‍' സ്വാഭാവികമായി ഇല്ലാതാവുകയാണ് ചെയ്തത്.

 

ആര്‍ത്തവദിവസങ്ങളിലെ 'പുറത്താക്കല്‍' പെണ്ണിന് വിശ്രമത്തിനവസരമുണ്ടാക്കാനായിരുന്നു എന്നൊരുവാദവും ആണ്‍കോയ്മ മനസ്സുകള്‍ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തില്‍ വിറക് സംഘടിപ്പിക്കുക, വിറകിനായുള്ള ഉണങ്ങിയ ഇലകള്‍ അടിച്ചുവാരിക്കൊണ്ടുവെക്കുക, കൃഷിപ്പണികള്‍ ചെയ്യുക, പരിസരം വൃത്തിയാക്കുക, തുടങ്ങിയ അദ്ധ്വാനമുള്ള പണികള്‍ക്കുള്ള സമയമായിരുന്നു സ്ത്രീകള്‍ക്ക് അത്. ഈ ദിവസങ്ങളില്‍ പുരുഷന്മാര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഒന്നിച്ചലക്കേണ്ട അമിതഭാരവും അവര്‍ക്കുണ്ടായിരുന്നു. എന്നിട്ടും വിശ്രമസമയം എന്ന് പ്രചരിപ്പിക്കാന്‍ നമുക്കൊരു മടിയുമില്ല. ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീ ഉപയോഗിച്ച വസ്ത്രം അശുദ്ധി മാറണമെങ്കില്‍ ചില ജാതിവിഭാഗങ്ങളെക്കൊണ്ട് അലക്കി വാങ്ങണം എന്നതും ഒരാചാരമായിരുന്നു. സമാനമായ പല ആചാരങ്ങളും അവനോടൊപ്പം അവളും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്നപ്പോള്‍ ഇല്ലാതായിട്ടുണ്ട്.

 

നീണ്ട 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്രവിധി ഉണ്ടാകുന്നത് കേരള ഹിന്ദു പൊതു ആരാധനാചട്ടത്തിലെ 3ബി വകുപ്പ് സ്ത്രീകളുടെ അന്തസ്‌സിനും തുല്യതയ്ക്കുമുള്ള ഭരണഘടനാ അവകാശത്തെ ഹനിക്കുന്നതാണെന്ന് വിലയിരുത്തിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അല്ലാതെ അനാചാര സംരക്ഷകര്‍ വാദിക്കുന്നതുപോലെ ഹിന്ദുവിന്റെ ആചാരത്തിലേക്കും വിശ്വാസത്തിലേക്കുമുള്ള കടന്നുകയറ്റമല്ല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീ പുരുഷസമത്വത്തിന്റെയും തുല്യനീതിയുടെയും നിഷേധമാണ് 3ബി വകുപ്പ് എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. തന്ത്രികുടുംബവും പന്തളം കുടുംബവും ദേവസ്വംബോര്‍ഡും അയ്യപ്പസേവാ സംഘടനയും അടക്കം ഇന്ന് വിധിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തെ പ്രമുഖ അഭിഭാഷകരെ വെച്ച് അവരുടെ വാദങ്ങള്‍ സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. അതൊക്കെ കേട്ടുകൊണ്ട് പ്രഖ്യാപിക്കപ്പെട്ട വിധിക്കെതിരേയാണ് സവര്‍ണ ബ്രാഹ്മണാധിപത്യവും ആണ്‍കോയ്മയും കൈകോര്‍ത്തുകൊണ്ട് അനാചാരസംരക്ഷണ യജ്ഞവുമായി ഇറങ്ങിയിരിക്കുന്നത്.

 

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും (പ്രത്യേകിച്ച് സ്ത്രീ വിരുദ്ധമായവ) ഇല്ലായ്മചെയ്യപ്പെട്ടിട്ടുള്ളത് ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെയും കോടതിവിധികളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയുമാണ്. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും അനാചാരങ്ങള്‍ കൊണ്ടുള്ള കോടതിവിധികളും നിയമനിര്‍മ്മാണങ്ങളും വന്നപ്പോഴെല്ലാം യാഥാസ്ഥിതിക വിഭാഗങ്ങള്‍ ചെറുത്തുനില്‍പ്പുകളും അതിക്രമങ്ങളുമായി രംഗത്തുവന്നിട്ടുമുണ്ട്. സതിനിരോധനനിയമം, ബാലികാ വിവാഹനിരോധന നിയമം, ക്ഷേത്രപ്രവേശന വിളംബരം, മാറുമറയ്ക്കാനുള്ള അവകാശം, കല്ലുമാല സമരം, ക്രിസ്ത്യന്‍സ്ത്രീകളുടെ സ്വത്തവകാശം, വിവാഹപ്രായം ഉയര്‍ത്തല്‍, മുത്തലാഖ് നിരോധനം തുടങ്ങിയവയൊക്കെ ആചാരസംരക്ഷകരുടെഎതിര്‍പ്പുകളോടെ സ്വീകരിക്കപ്പെട്ടാതാണ്.

 

കര്‍ണാടകയിലെ കുക്കിസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 'മഡേസ്റ്റാന' എന്ന പ്രാകൃത ആചാരം സംരക്ഷിക്കാനുള്ള കോലാഹലം നമ്മള്‍ കണ്ടതാണല്ലോ. മഹാരാഷ്ട്രയിലെ ശനിഷിഡ്‌നാപ്പൂര്‍ ക്ഷേത്രത്തിലും ഹാജി അലിദര്‍ഗയിലും നൂറ്റാണ്ടുകളായുള്ള ആചാരം തിരുത്തി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി നടപ്പിലാക്കിയത് അവിടുത്തെ ബി.ജെ.പി ഗവണ്‍മെന്റാണ്. എന്നാല്‍ ആചാരങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനുള്ള അവകാശമില്ലെന്ന വിചിത്രവാദവുമായി കേരളത്തില്‍ ലഹളകള്‍ സൃഷ്ടിക്കപ്പെടുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അംഗങ്ങളാണ് രാജ്യത്തെ പരമോന്നത കോടതിവിധിക്കെതിരേ ജനങ്ങളെ രംഗത്തിറക്കുന്നത്.

 

ആചാര പരിഷ്‌കരണ ശ്രമങ്ങള്‍ ഒരു വിഭാഗം വിശ്വാസികള്‍ക്ക് എല്ലാക്കാലത്തും മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ക്ഷേത്രപ്വേശന വിളംബരം വന്നപ്പോള്‍ ശാന്തിപ്പണി ഉപേക്ഷിച്ചവരും ക്ഷേത്രം പൂട്ടിപ്പോയി ആത്മഹത്യ ചെയ്തവരുമൊക്കെ അത്തരക്കാരാണ്. എന്നാല്‍ ഇന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നവരോട്, നവോത്ഥാനത്തിന്റെ ചരിത്രത്തിലെപ്പോഴും പരിഷ്‌കരണച്ചിനെതിരായിട്ടുള്ള ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും അവയെ തട്ടിമാറ്റിക്കൊണ്ടാണ് സമൂഹം മുന്നോട്ടുപോയിട്ടുള്ളതെന്നുമുള്ള ചരിത്രപാഠം മറക്കരുതെന്നുമാണ് ഓര്‍മ്മിപ്പിക്കാനുള്ളത്.

 

എല്ലാ മതങ്ങളിലും നവീകരണത്തിനു പുരിഷൻ വിധേയനാവുകയും ആചാരം സംരക്ഷിക്കാനുള്ള ബാധ്യത സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. പുരുഷ നിര്‍മ്മിതമായ മതങ്ങള്‍ക്ക് അങ്ങനെയാവാനേ കഴിയൂ. സ്ത്രീയാകട്ടെ ഈ ബാധ്യതകള്‍ ആന്തരവല്ക്കരിച്ച് അലങ്കാരമായി കൊണ്ടു നടക്കുകയുമാണ്. അതുകൊണ്ട് ബ്രാഹ്മണഹിന്ദുത്വവും പുരിഷാധിപത്യവും കൈകോര്‍ത്തുകൊണ്ട് നടത്തുന്ന ആചാരസംരക്ഷണസമരങ്ങളെ പരാജയപ്പെടുത്തുന്നതിന് മുന്‍കൈ എടുക്കേണ്ടത് തിരിച്ചറിവ് നേടിയ സ്ത്രീകളാണ്. ആ ഉത്തരവാദിത്വം സ്ത്രീകള്‍ ഏറ്റെടുക്കണം.

 

യാഥാസ്ഥിതികത്വത്തിന്റെ പ്രതിരോധങ്ങളെ തട്ടിമാറ്റാന്‍ മുലയരിഞ്ഞും മാറ് മറച്ച് തെരുവിലിറങ്ങിയും, കല്ല്മാല പൊട്ടിച്ചെറിഞ്ഞും ഘോഷ ബഹിഷ്‌കരിച്ചും മറക്കുട തല്ലിപ്പൊളിച്ചും തൊഴിലിടത്തിലേക്കിറങ്ങിയും സവര്‍ണ സ്ത്രീക്ക് മാത്രം അനുവദിച്ച പുളിയിലക്കരമുണ്ടും ആഭരണങ്ങളുമണിഞ്ഞും പോരാട്ട വീര്യത്തോടെ സമൂഹത്തെ മുന്നോട്ടു നയിച്ച സ്ത്രീകളുടെ പാരമ്പര്യമാണ് സ്ത്രീകളെ മുന്നോട്ട് നയിക്കേണ്ടത്. ആചാരസംരക്ഷക്ഷകരെ ഒറ്റപ്പെടുത്താന്‍ നവോത്ഥാന പാരമ്പര്യങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജമാണ് കേരളം സ്വാംശീകരിക്കേണ്ടത്. വരൂ നമുക്ക് ഒത്തുചേരാം സംഘടിക്കാം നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍ മാത്രം നേടാനുള്ളത് പുതിയൊരു ലോകവും.