Columns

11 Dec 2018 12:50 PM IST

മോദിയുടെ യാത്ര കഴുമരത്തിലേക്ക്

ഇന്ത്യന്‍ സമൂഹത്തിലെ മഹാ ഭൂരിപക്ഷമായ അവര്‍ണരോടും ദളിതരോടും സ്ത്രീകളോടുമുള്ള 'ഉത്തരേന്ത്യന്‍ സവര്‍ണ പുരുഷനിന്ദ'യ്‌ക്കെതിരെ ആധുനിക ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. അതിന്റെ ആരംഭമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയ്ക്കുണ്ടായ പരാജയം.

2002 ലെ ഗുജറാത്ത് 'വംശഹത്യ'(genocide) യുടെ മുഖ്യ ആസൂത്രകനും ഗൂഢാലോചനക്കാരനുമായ നരേന്ദ്രമോദിയ്‌ക്കെതിരെ, അമേരിക്ക ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലം 'മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യം'(Crime Against Humanity) ആരോപിക്കുന്ന കേസുകളുണ്ടായിരുന്നു. 2014 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടുമാത്രം ലഭിച്ച 'നയതന്ത്രപരമായ ഇളവാ'ണ് മോദിയെ തല്‍ക്കാലത്തേക്ക് രക്ഷിച്ചത്. എന്നാല്‍, പ്രധാനമന്ത്രി പദവിയില്‍ നിന്ന് പുറത്താകുന്ന നിമിഷം, അന്താരാഷ്ട്ര കോടതിയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ടുകളായിരിക്കും, മോദിയെ തേടിയെത്തുന്നത്.

 

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇതിനകം പുറത്തുവന്ന ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നത്, ഇന്ത്യയുടെ 'ഹൃദയഭൂമി'യില്‍ നിന്ന് ബി.ജെ.പി തൂത്തെറിയപ്പെടുന്നു എന്നാണ്. ഫലമെണ്ണിക്കൊണ്ടിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും വമ്പിച്ച തിരിച്ചടിയാണ് ബി.ജെ.പിയ്ക്കുണ്ടായത്. അഞ്ചുസംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തകര്‍ച്ച, തീര്‍ച്ചയായും 2019 ലെ ലോകസ്ഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. ഇന്ത്യാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ 'കുപ്രസിദ്ധ കുറ്റവാളി'യായ നരേന്ദ്രമോദിയുടെ 'ഇരുണ്ടയുഗ'ത്തിന്റെ അന്ത്യം ആരംഭിച്ചിരിക്കുന്നു.

 

ഇന്ത്യന്‍ ജനസംഖ്യയില്‍ കേവലം 10% മാത്രം വരുന്ന ഉത്തരേന്ത്യന്‍ സവര്‍ണരുടെ ജാതി-വംശീയാധിപത്യത്തിന്റെ പ്രതിനിധിയായി ബി.ജെ.പിയ്ക്ക് എങ്ങനെ അധികാരത്തിലെത്താന്‍ കഴിഞ്ഞു എന്നത് വലിയൊരു പ്രഹേളികയാണ്. നിസ്സാര ന്യൂനപക്ഷമായ സവര്‍ണ വേട്ടക്കാരെയും മഹാഭൂരിപക്ഷമായ അവര്‍ണമര്‍ദ്ദിതരെയും വ്യാജമായി ഏകോപിപ്പിച്ചുണ്ടാക്കിയ 'ഹിന്ദു' എന്ന അയഥാര്‍ത്ഥ സ്വത്വത്തിന്റെ വിന്യാസത്തിലൂടെയാണ് ബി.ജെപി അധികാരത്തിലെത്തിയത്. അവര്‍ണ-ദളിത് ഭൂരിപക്ഷത്തിന്റെ വോട്ടുവാങ്ങി അധികാരത്തിലെത്തിയതോടെ, ബി.ജെ.പിയുടെ യഥാര്‍ത്ഥമുഖം പുറത്തുവരുകയാണുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണാധിപത്യത്തിന്റെ രക്തപങ്കിലമായ ദ്രംഷ്ട്രകള്‍ ഓരോന്നായി പുറത്തുവന്നു.

 

പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങളെ ബി.ജെ.പി ഗവണ്‍മെന്റുകള്‍ തന്നെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍, നിശ്ശബ്ദരും നിസ്സഹായരുമാകാന്‍ വിസമ്മതിച്ച 'ദളിത് ആത്മാഭിമാനം' സടകുടഞ്ഞെഴുന്നേറ്റ് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പൊരുതാൻ തുടങ്ങി. ഇത് സവര്‍ണശക്തികളെ ഒരേസമയം ഭയപ്പെടുത്തുകയും പ്രകോപിതരാക്കുകയും ചെയ്തു. കൂടുതല്‍ അക്രമോത്സുകമായി ദളിതരെയും പിന്നോക്കജാതികളെയും നേരിടാനാണ് സവര്‍ണര്‍ തയ്യാറായത്. മറുവശത്താകട്ടെ, തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള അവസാനത്തെ അവസരമാണിതെന്ന് തിരിച്ചറിഞ്ഞ ദളിത്-പിന്നോക്ക മനുഷ്യര്‍ കൂടുതല്‍ സംഘടിതമായി തിരിച്ചടിക്കാനുമാരംഭിച്ചു. ഇത് സവര്‍ണ മേധാവിത്വത്തിന്റെ ശവക്കുഴി തോണ്ടുന്ന വലിയൊരു 'ആഭ്യന്തര യുദ്ധ'ത്തിലേക്കാണ് ഉത്തരേന്ത്യയെ എത്തിച്ചിരിക്കുന്നത്.

 

ഇന്ത്യയിലെ അവര്‍ണ-ദളിത് ജനകോടികളുടെ ഐതിഹാസിക മുന്നേറ്റങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് ഫാസിസ്റ്റുകളുടെ 'ഹിന്ദു'പരിവേഷത്തെ വിവസ്ത്രമാക്കുന്നു. ഇവര്‍, വാസ്തവത്തില്‍ ഉത്തരേന്ത്യയിലെ സവര്‍ണ പുരുഷന്മാരുടെ ജീര്‍ണവും പ്രാകൃതവുമായ കാംഷകളെ പ്രതിനിധീകരിക്കുന്ന ഒരു ക്രിമിനല്‍ സംഘമാണെന്ന് നാള്‍ക്കുനാള്‍ വ്യക്തമാകുന്നു. ഹിന്ദു സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ ബി.ജെ.പി നടത്തുന്ന ആക്രോശങ്ങള്‍, അവരെ വീണ്ടും വിവസ്ത്രമാക്കിയിരിക്കുകയാണ്. അവര്‍ണ-ദളിത് വിരുദ്ധം മാത്രമല്ല, സ്ത്രീവിരുദ്ധം കൂടിയാണ് തങ്ങളെന്ന് ബി.ജെ.പി തെളിയിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിലെ മഹാ ഭൂരിപക്ഷമായ അവര്‍ണരോടും ദളിതരോടും സ്ത്രീകളോടുമുള്ള 'ഉത്തരേന്ത്യന്‍ സവര്‍ണ പുരുഷനിന്ദ'യ്‌ക്കെതിരെ ആധുനിക ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. അതിന്റെ ആരംഭമാണ് അഞ്ചു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്കുണ്ടായ പതനം.

 

ഈ പതനം 16 വര്‍ഷമായി മറച്ചുവെച്ചതും ഒഴിവാക്കിയതുമായ 'വംശഹത്യക്കുറ്റ'മാരോപിക്കുന്ന കേസ്സുകള്‍ക്ക് പുതുജീവന്‍ നല്‍കും. ഒപ്പം, അനവധി വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ മോദി-അമിത്ഷാമാരുടെ പങ്കാളിത്തവും പുറത്തുകൊണ്ടുവരും. വംശഹത്യക്കുറ്റങ്ങള്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്ന അന്താരാഷ്ട്രക്കോടതികളിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മോദിയെയായിരിക്കും 2019 നു ശേഷം ഇന്ത്യാക്കാര്‍ കാണുക. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമുഹൂര്‍ത്തം കൂടിയായിരിക്കും!