Kerala News

07 Dec 2018 15:10 PM IST

Reporter-Leftclicknews

സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന് മുരളി ; ബി.ജെ.പിയില്‍ തമ്മിലടി രൂക്ഷം

ശബരിമല സമരം പരാജയപ്പെട്ടതോടെ ബി.ജെ.പിയിലെ ചേരിപ്പോര് നിയന്ത്രണാതീതമായി മാറി.

ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നേരത്തേ തന്നെ രൂക്ഷമായിരുന്ന ചേരിപ്പോര് ശബരിമല സമരത്തോടെ വന്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ബി.ജെ.പിക്ക് കേരളത്തില്‍ വളരാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുക്കിയതെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമില്ല. ആ അവസരം നഷ്ടപ്പെടുത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് ഉത്തരവാദിത്വം ആര്‍ക്കാണെന്ന കാര്യത്തിലാണ് തര്‍ക്കം. ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരസ്പരം അവിശ്വാസം വളര്‍ത്തുകയും ചെളിവാരിയെറിയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.

 

വി.മുരളീധരന്റെയും പി.കെ.കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള രണ്ടു ചേരികളാണ് ബി.ജെ.പിയിലെ ഗ്രൂപ്പിസത്തില്‍ പ്രധാനം. സമവായ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റായ ശ്രീധരന്‍ പിള്ള ഇപ്പോള്‍ മുരളീധരന്‍ പക്ഷത്തിന്റെ മുഖ്യശത്രുവാണ്. ശ്രീധരന്‍പിള്ളയുടെ പിടിപ്പുകേടും അപക്വതയുമാണ് പാര്‍ട്ടിയെ ഇത്രയും വലിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചതെന്നാണ് ഗ്രൂപ്പുകള്‍ക്കതീതമായി ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ശ്രീധരന്‍പിള്ളയെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ മുരളീധരന്‍ പക്ഷം ഉറച്ചു നില്‍ക്കുകയാണ്.

 

കെ.സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്നാണ് മുരളീധരന്‍ ഗ്രൂപ്പിന്റെ ആവശ്യം. ശബരിമല പ്രശ്‌നത്തിലെ ജയില്‍വാസം സുരേന്ദ്രന് കൂടുതല്‍ ജനപ്രീതി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മുരളിയും കൂട്ടരും വാദിക്കുന്നത്. സുരേന്ദ്രനെ ജാമ്യത്തിലിറക്കുന്ന കാര്യത്തില്‍ ശ്രീധരന്‍പിള്ളയും പിള്ളയുടെ പാര്‍ശ്വവര്‍ത്തികളും വേണ്ടത്ര താല്പര്യം കാണിച്ചില്ലെന്ന ആക്ഷേപം മുരളീപക്ഷത്തിനുണ്ട്. കൃഷ്ണദാസിന്റെയും രമേശിന്റെയും താല്പര്യത്തിന് വഴങ്ങിയാണ് ശ്രീധരന്‍പിള്ള പ്രവര്‍ത്തിച്ചതെന്നും കേസിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ജയിലിലായി ആദ്യവാരത്തില്‍ തന്നെ സുരേന്ദ്രനെ പുറത്തിറക്കാന്‍ കഴിയുമായിരുന്നു എന്നുമാണ് അവര്‍ പറയുന്നത്.

 

ശബരിമല സമരം കെട്ടടങ്ങിക്കഴിഞ്ഞു എന്ന വിലയിരുത്തലാണ് പൊതുവേ ബി.ജെ.പി നേതൃത്വത്തിനുള്ളത്. ശബരിമലയില്‍ തീര്‍ത്ഥാടനം സാധാരണ നിലയിലാവുകയും കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ ഭക്തരെത്തുകയും ചെയ്തതോടെ ഇനി അവിടെ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് ബി.ജെ.പി നേതൃത്വത്തിനറിയാം. സെക്രട്ടേറിയറ്റിനു മുന്നിലേക്ക് സമരം മാറ്റിയത് ഒരു തരത്തിലുള്ള ചലനവും സൃഷ്ടിച്ചില്ല. സമരം പരാജയമായതോടെ തമ്മിലടി രൂക്ഷമാവുകയാണ്. പരാജയത്തിന് ബലിയാടിനെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. ശ്രീധരന്‍പിള്ള തന്നെ ബലിയാടാകാനാണ് സാധ്യത.


Reporter-Leftclicknews