National News

16 Oct 2018 04:30 AM IST

പള്ളി പൊളിച്ച് അമ്പലം വേണ്ട : തരൂർ

ചെന്നൈയിൽ ഒരു സാഹിത്യോത്സവത്തിൽ താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ശശി തരൂർ എം.പി. അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കില്ല എന്നു താൻ പറഞ്ഞതായി വന്ന വാർത്തകൾ ശരിയല്ല.

ചെന്നൈയിൽ ഒരു സാഹിത്യോത്സവത്തിൽ താൻ പറഞ്ഞ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ശശി തരൂർ എം.പി. അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കില്ല എന്നു താൻ പറഞ്ഞതായി വന്ന വാർത്തകൾ ശരിയല്ല. രാമന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്നയിടത്ത് ഒരു ക്ഷേത്രം വേണമെന്ന് മിക്ക ഹിന്ദുക്കൾക്കും ആഗ്രഹമുണ്ടാകും. പക്ഷേ, മറ്റുള്ളവരുടെ ആരാധനാസ്ഥലം പൊളിച്ച് അവിടെ അമ്പലം പണിയണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കില്ല എന്നാണ് താൻ പറഞ്ഞതെന്ന് ശശി തരൂർ വ്യക്തമാക്കി. സാഹിത്യോത്സവത്തിൽവച്ച് തന്റെ വ്യക്തിപരമായ അഭിപ്രായം ചോദിച്ചപ്പോഴാണ് പറഞ്ഞത്. താൻ പാർട്ടിയുടെ വക്താവല്ലെന്നും പാർട്ടിക്ക് വേണ്ടി സംസാരിക്കുകയാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും തരൂർ പറഞ്ഞു.

 

തന്റെ വാക്കുകളെ രാഷ്ട്രീയയജമാനന്മാർക്ക് വേണ്ടി വളച്ചൊടിച്ച മാധ്യമങ്ങളെ ശശി തരൂർ നിശിതമായി വിമർശിച്ചു. യഥാർത്ഥ ഹിന്ദുക്കൾ അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന് ആഗ്രഹിക്കില്ല എന്ന് തരൂർ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും എതിരായ ആയുധമായി തരൂരിന്റെ വളച്ചൊടിക്കപ്പെട്ട പ്രസംഗത്തെ ബി.ജെ.പി ഉപയോഗിക്കുകയും ചെയ്തു. കോൺഗ്രസും രാഹുൽ ഗാന്ധിയും ഹിന്ദു വിരുദ്ധരാണെന്ന് ബി.ജെ.പി ആരോപിച്ചു.