Kerala News

16 Oct 2018 21:15 PM IST

നവ കേരള നിര്‍മ്മാണം സമയബന്ധിതമായി നടപ്പാക്കും : മുഖ്യമന്ത്രി

നവകേരള നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നവകേരള നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അതേസമയം സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അധ്യക്ഷനായി ഉപദേശകസമിതി രൂപീകരിക്കും. ഉപദേശകസമിതിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അംഗങ്ങളാണ്. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനും ഡോ.വി.വേണു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ഉന്നതതല അധികാരസമിതിയും മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം ചെയര്‍മാനായി നിര്‍വ്വഹണ സമിതി രൂപീകരിക്കും.


ശബരിമലയില്‍ വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായി ശാന്തമായി ശബരിമലയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും സൗകര്യം ഒരുക്കും. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഒരു പുനഃപരിശോധനാ ഹര്‍ജിക്കുമില്ല. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ദേവസ്വം ബോഡിന് എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്.