Kerala News

08 Nov 2018 13:20 PM IST

നെയ്യാറ്റിൻകര കൊലപാതകം : രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ

നെയ്യാറ്റിൻകര ഡി.വൈ.എസ്.പി യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഗുരുതര വീഴ്ച വരുത്തിയ പോലീസുകാർക്ക് സസ്‌പെൻഷൻ.

Thiruvananthapuram

നെയ്യാറ്റിൻകര ഡി.വൈ.എസ്.പി യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഗുരുതര വീഴ്ച വരുത്തിയ പോലീസുകാർക്ക് സസ്‌പെൻഷൻ. സജീഷ് കുമാർ, ഷിബു എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

 

സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തല്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെന്‍റ് ചെയ്തത്. സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് കടന്ന ഡി.വൈ.എസ്.പി അപകടം എസ്ഐയെ വിളിച്ചറിയിക്കുകയായിരുന്നു. എസ്ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. സനലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതിഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിർദ്ദേശം.

 

തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്നിറങ്ങിയ ആംബുലന്‍സ് നേരേ പോയത് നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. പിന്നീട് ഇവിടെനിന്ന് ഏറെവൈകിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സനല്‍ മരണപ്പെടുകയും ചെയ്തു.

 

ആംബുലന്‍സിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടിയാണ് സനലുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയതെന്നാണ് വിവരം. സംഭവം വിവാദമായതോടെയാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.