Kerala News

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ല : ഡി.ജി.പി

അറസ്റ്റ് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥസർക്ക് തീരുമാനം എടുക്കാമെന്നും ഡി.ജി.പി പറഞ്ഞു.

Thiruvananthapuram

കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻ‌കൂർ ജാമ്യാപേക്ഷ തടസ്സമാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥസർക്ക് തീരുമാനം എടുക്കാമെന്നും ഡി.ജി.പി പറഞ്ഞു.

 

ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. രണ്ടു ദിവസമായി നടക്കുന്ന ചോദ്യംചെയ്യലിൽ സ്വയം പ്രതിരോധിക്കുന്ന മറുപടികൾ മാത്രമാണ് ബിഷപ്പിൽനിന്ന് ഉണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മിക്ക മൊഴിയിലും പൊരുത്തക്കേടുകളുമുണ്ട്. ജലന്ധറിൽ നടന്ന ആദ്യ ചോദ്യംചെയ്യലിൽ നൽകിയ മിക്ക മൊഴികളും ഫ്രാങ്കോ മുളയ്ക്കൽ ഇന്നലെയും ഇന്നും നടന്ന ചോദ്യം ചെയ്യലിൽ മാറ്റിപ്പറഞ്ഞിട്ടുണ്ട്. കേസിൽ ഏറ്റവും നിർണായകമായത് ആദ്യമായി പീഡനം നടന്നുവെന്ന് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുകയാണ്. ജലന്ധറിലെ ചോദ്യചെയ്യലിൽ മഠത്തിൽ പോയിട്ടില്ലെന്ന് പറഞ്ഞ ഫ്രാങ്കോ ഇന്നലെനടന്ന ചോദ്യം ചെയ്യലിൽ മഠത്തിൽ പോയിരുന്നുവെന്ന് സമ്മതിച്ചു എന്നാൽ അവിടെ താമസിച്ചില്ലെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്.

 

ഇന്ന് രാവിലെ 11 നു ആരംഭിച്ച ചോദ്യചെയ്യൽ ഇനിയും തുടരുകയാണ്. ഇന്നലെ ഫ്രാങ്കോയ്ക്ക് പറയാനുള്ള മറുപടിയാണെങ്കിൽ ഇന്ന് ശാസ്ത്രീയമായ തെളിവുകളും അദ്ദേഹത്തിനെതിരായ മൊഴികളും നിരത്തിയാകും ചോദ്യം ചെയ്യൽ നടക്കുക. ഇതിനുശേഷമാകും അറസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.