Today Headlines

14 Oct 2018 02:50 AM IST

Reporter-Leftclicknews

അമ്മയ്‌ക്കെതിരേ സിനിമയിലെ പ്രമുഖ സ്ത്രീ പ്രവര്‍ത്തകര്‍

നടീനടന്മാരുടെ സംഘടനയായ അമ്മ, നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനെ പിന്തുണയ്ക്കുകയാണെന്ന് മലയാള സിനിമാരംഗത്തെ പ്രമുഖരായ നടിമാരും സിനിമാ പ്രവര്‍ത്തകരും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Kochi

നടീനടന്മാരുടെ സംഘടനയായ അമ്മ, നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനെ പിന്തുണയ്ക്കുകയാണെന്ന് മലയാള സിനിമാരംഗത്തെ പ്രമുഖരായ നടിമാരും സിനിമാ പ്രവര്‍ത്തകരും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രേവതി, പാര്‍വ്വതി, പത്മപ്രിയ, ദീദി ദാമോദരന്‍,അഞ്ജലി മേനോന്‍, ബീനാപോള്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.


പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിങ്ങനെ 3 പേര്‍ ചേര്‍ന്ന് കൊടുത്ത കത്തിനെക്കുറിച്ച് പറയുമ്പോള്‍ നടിമാര്‍ എന്നാണ് പറഞ്ഞത്. ഞങ്ങളുടെ പേര് പോലും പറയാന്‍ അമ്മ പ്രസിഡന്റിന് സാധിച്ചില്ല. അത് അപമാനിക്കലാണ്. കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഡബ്ല്യൂ.സി.സി കുറ്റപ്പെടുത്തി.


താന്‍ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യൂ.സി.സി ഉണ്ടായത് കൊണ്ടു മാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റില്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു. അമ്മയില്‍നിന്ന് രാജിവക്കാന്‍ കത്ത് തയാറാക്കിയിരുന്നുവെന്ന് പാര്‍വതി വെളിപ്പെടുത്തി.


യുവനടിക്കെതിരെ അതിക്രമം നടന്നപ്പോള്‍ വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയായത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് (മീ ടു) നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നതു വിശ്വസിക്കുന്നു. പക്ഷേ കേരളത്തില്‍ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.


ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വ്വതി മാധ്യമങ്ങളുടെ മുന്നില്‍ വായിച്ചു. എഎംഎംഎ സന്തുഷ്ട കുടുംബമല്ല. ആ മുഖംമൂടി വലിച്ചുകീറും. അതിനുള്ള വഴിയാണ് ആക്രമിക്കപ്പെട്ട നടി തന്റെ ധീരതയിലൂടെ കാണിച്ചു തന്നത്.


Reporter-Leftclicknews