National News

നിര്‍മല സീതാരാമന്‍ രാജി വയ്ക്കണം : രാഹുല്‍

കള്ളം പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

New Delhi

കള്ളം പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സിന് ഇല്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇത് കള്ളമാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. എച്ച്.എ.എല്‍(ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സ് ലിമിറ്റഡ്) ന് റാഫേല്‍ വിമാനങ്ങളുണ്ടാക്കാനുള്ള ശേഷിയുണ്ടെന്ന് എച്ച്.എ.എല്‍ മുന്‍ മേധാവി ടി.എസ്.രാജുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് രാഹുല്‍ നിര്‍മ്മലാ സീതാരാമന്റെ രാജി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എ.എല്‍ന് റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന വാദം ഉന്നയിച്ചാണ് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്.


റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലുള്ള അഴിമതിയിലൂടെ 41000 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യത്തെ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ വിമാന ഇടപാടെന്ന് പ്രതിപക്ഷവും ബി.ജെ.പി വിമത നേതാക്കളായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും ആരോപിക്കുന്നു. റാഫേല്‍ വിമാന ഇടപാടിനെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.