13 Oct 2018 02:05 AM IST
മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ നടത്തുന്ന വെളിപ്പെടുത്തലുകളില്‍ രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പ്രതിസ്ഥാനത്ത് നില്‍ക്കെ, ക്യാമ്പയിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശക്തമായി പിന്തുണച്ചു. സ്ത്രീകളോട് അന്തസ്സായും ബഹുമാനത്തോടെയും പെരുമാറാന്‍ എല്ലാവരും ശീലിക്കണമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. അങ്ങനെ പെരുമാറാന്‍ തയ്യാറാകാത്തവര്‍ക്ക് ഇടമില്ലാതാകുകയാണ് എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. മാറ്റമുണ്ടാകണമെങ്കില്‍ സത്യം ഉറക്കെ വ്യക്തമായി വിളിച്ചു പറയേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം റാഫേല്‍ വിമാന ഇടപാടിനെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീടൂ ക്യാമ്പയിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ നിന്നുണ്ടായ ചോദ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വിശദമായി പ്രതികരിക്കാമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. അതിനിടയില്‍ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നിരവധി മാധ്യമപ്രവര്‍ത്തകരില്‍ നിന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ പ്രതിസ്ഥാനത്തു നില്ക്കുന്ന കേന്ദ്രമന്ത്രി എം.ജെ.അക്ബറിന്റെ രാജിക്ക് വേണ്ടിയുള്ള ആവശ്യം ശക്തമായിട്ടുണ്ട്.