Kerala News

ഫ്രാങ്കോയുടെ അറസ്റ്റ് ഉടനെന്ന് സൂചന : കന്യാസ്ത്രീയുടെ മൊഴിയെടുത്തു

ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്.

Kochi

ലൈംഗികപീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെന്ന് സൂചന നൽകി പോലീസ്. രണ്ടു ദിവസമായി നടന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വീണ്ടും ഹാജരായ അദ്ദേഹത്തോട് അറസ്റ്റ് സംബന്ധിച്ച സൂചനകള്‍ നല്‍കിയതായാണ് വിവരം. ഫ്രാങ്കോയുടെ ബന്ധുക്കൾക്കും ഇത് സംബന്ധിച്ച സൂചനകൾ നൽകി. ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്.

 

എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായി കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

 

കന്യാസ്ത്രീയുടെ വ്യക്തമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം, മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ വീണ്ടും ചോദ്യംചെയ്ത് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൊഴികള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.