National News

ബിജെപി ആരോപണം പച്ചക്കള്ളം : ആര്‍.ബി.ശ്രീകുമാര്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ഉള്‍പ്പെടുത്തിയത് താനാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ ആരോപണം ഒരു അടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളമാണെന്ന് മുന്‍ ഗുജറാത്ത് എ.ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍.

Ahmedabad

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ഉള്‍പ്പെടുത്തിയത് താനാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ ആരോപണം ഒരു അടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളമാണെന്ന് മുന്‍ ഗുജറാത്ത് എ.ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍. ഇത് ബി.ജെ.പി നേതൃത്വം നിരന്തരമായി ഉന്നയിക്കുന്ന ആരോപണമാണ്. ഇത് വ്യക്തമായി നിഷേധിച്ചിട്ടും വീണ്ടും വ്യാജ ആരോപണം ഉന്നയിക്കുന്നത് ഗുജറാത്ത് കൂട്ടക്കൊലയില്‍ നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ളവര്‍ വഹിച്ച പങ്ക് താന്‍ തുറന്നുകാട്ടിയതിലുള്ള വിരോധം കൊണ്ടാണെന്ന് ആര്‍.ബി.ശ്രീകുമാര്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു.

നമ്പി നാരായണനെ താന്‍ ചോദ്യം ചെയ്യുകയേ ഉണ്ടായിട്ടില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു. നമ്പിനാരായണന്റെ അഫിഡവിറ്റില്‍ ഞാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്തതായി പറയുന്നില്ല. താന്‍ ചോദ്യം ചെയ്തത് പ്രധാനമായും ശശികുമാറിനെയാണ്. മറിയം റഷീദയെ ഭാഗികമായി ചോദ്യം ചെയ്തിരുന്നു. ശശികുമാറും മറിയം റഷീദയും ഇതുവരെ എനിക്കെതിരേ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. മറിയം റഷീദ 12 തവണയെങ്കിലും കോടതിയില്‍ ഹാജരായി. ഒരു തവണപോലും താന്‍ ചോദ്യം ചെയ്തതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.

ഇന്റെലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ച് 4-ാം ദിവസം കേസ് സി.ബി.ഐ ഏറ്റെടുത്തു. അതിനുമുമ്പ് ചോദ്യം ചെയ്യലില്‍ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സംസ്ഥാന പോലീസില്‍ നിന്ന് പ്രതികളെ ചോദ്യം ചെയ്തവരാണ് ഉത്തരവാദികള്‍. തനിക്കെതിരേ ബി.ജെ.പിക്കാര്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അത്ഭുതമില്ല. മോദിയുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അനീതികള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാന്‍ ഏതു മാര്‍ഗ്ഗവും ബി.ജെ.പി നേതാക്കള്‍ സ്വീകരിക്കും. ടീസ്റ്റ സെതല്‍വാദിനെതിരേ ഏതെല്ലാം തരത്തിലുള്ള കേസുകളാണ് നല്‍കിയത്? താന്‍ രാജ്യദ്രോഹിയാണെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി രാജ്യം മുഴുവന്‍ നടന്നു പറഞ്ഞെന്ന് ശ്രീകുമാർ ഓർമ്മിപ്പിച്ചു
.
താന്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലാണ് ജീവിക്കുന്നത്. പിണറായി ഭരിക്കുന്ന കേരളത്തില്‍ വന്ന് സുരക്ഷിതമായിരുന്നല്ല മോദിയുടെ തെറ്റുകള്‍ക്കെതിരേ പോരാടുന്നത്. കൊല്ലപ്പെടുമെന്ന് പേടിച്ച് വിമര്‍ശനം നിറുത്തില്ല. വ്യാജ ആരോപണങ്ങള്‍ ഭയന്ന് തന്റെ പ്രര്‍ത്തനങ്ങള്‍ മതിയാക്കുമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി നേതൃത്വത്തെ ആര്‍.ബി.ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചു.