National News

13 Oct 2018 19:45 PM IST

വിഖ്യാത സംഗീതജ്ഞ അന്നപൂർണാദേവി അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതത്തിലെ മഹാപ്രതിഭ അന്നപൂർണാദേവി (91) അന്തരിച്ചു.

ഹിന്ദുസ്ഥാനി സംഗീതത്തിലെ മഹാപ്രതിഭ അന്നപൂർണാദേവി (91) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ  വെളുപ്പിന് 3.45 നായിരുന്നു അന്ത്യം. ദീർഘകാലമായി ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പരമാചാര്യന്മാരിൽ ഒരാളായിരുന്ന ഉസ്താദ് അലാവുദ്ദീൻ ഖാന്റെ മകളും പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യയും ഉസ്താദ് അലി അക്ബർ ഖാന്റെ സഹോദരിയുമായിരുന്ന അന്നപൂർണാദേവിയെ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും വലിയ ഗായികയായി കരുതുന്ന സംഗീതാസ്വാദകരുണ്ട്. ലോകത്തിലെ ഏക സുർബാഹാർ വാദകയായിരുന്നു അവർ.

 

റോഷനാര എന്നായിരുന്നു അന്നപൂർണാദേവിയുടെ യഥാർത്ഥ പേര്.14 വയസ്സ് പ്രായമുള്ളപ്പോൾ രവി ശങ്കറിനെ വിവാഹം കഴിക്കാൻ മതവും പേരും മാറുകയായിരുന്നു. 1962 ൽ അന്നപൂർണാദേവിക്ക് 35 വയസ്സുള്ളപ്പോൾ രവിശങ്കറിൽ നിന്ന് വിവാഹമോചനം നേടി. സംഗീതജ്ഞനായിരുന്ന മകൻ ശുഭേന്ദ്ര ശങ്കർ 1992 ൽ മരണമടഞ്ഞു. 1984 ൽ ശിഷ്യനും സംഗീതജ്ഞനുമായ റുഷികമാർ പാണ്ഡേയെ വിവാഹം ചെയ്തു അദ്ദേഹം 2013ൽ മരണമടഞ്ഞു.

 

ഭാര്യയ്ക്ക് തന്നെക്കാൾ അംഗീകാരം ലഭിക്കുന്നതിൽ ഭർത്താവ് രവിശങ്കറിനുള്ള അസ്വസ്ഥതയോടുള്ള പ്രതികരണം എന്ന നിലയിൽ 1960 ൽ സംഗീതക്കച്ചേരി നടത്തുന്നത് അവസാനിപ്പിച്ച അന്നപൂർണാദേവി അതിനുശേഷം പൊതുവേദികളിൽ പാടിയിട്ടില്ല. 1977 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചെങ്കിലും പുരസ്കാരം ഏറ്റുവാങ്ങാൻ അവർ പോയില്ല. സംഗീത നാടക അക്കാഡമി അവാർഡ് രബീന്ദ്രനാഥടാഗോറിന്റെ വിശ്വഭാരതി സർവകലാശാലയുടെ ഡോക്ടറേറ്റ് തുടങ്ങിയ ബഹുമതികൾ ലഭിച്ചെങ്കിലും അവയൊന്നും സ്വീകരിക്കാൻ അന്നപൂർണ പോയിരുന്നില്ല.

 

ദീർഘമായ ഏകാന്ത ജീവിത കാലയളവിൽ, പൊതുപരിപാടികളിൽ പങ്കെടുക്കുകയോ സംഗീത റെക്കോഡുകൾ പുറത്തിറക്കുകയോ ചെയ്തില്ലെങ്കിലും സംഗീതം അഭ്യസിപ്പിക്കാൻ തയ്യാറായി. ഹരിപ്രസാദ് ചൗരസ്യ, നിഖിൽ ബാനർജി, ബഹാദൂർഖാൻ തുടങ്ങി ഹിന്ദുസ്ഥാനി അംഗീതലോകത്തെ നിരവധി മഹാപ്രതിഭകൾ അവരുടെ ശിഷ്യരാണ്. പ്രതിഭയും സംഗീതത്തിൽ അഗാധമായ താല്പര്യവും ഉള്ളവരെ മാത്രമേ ശിഷ്യരാക്കാൻ അവർ തയ്യാറായിരുന്നുള്ളൂ.