Kerala News

08 Dec 2018 14:25 PM IST

പീഡനത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി റിപ്പോർട്ടറെ രാഷ്ട്രീയ സമ്മർദ്ദത്തിൽ വിട്ടയച്ചു

വനിതാ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച റിപ്പബ്ലിക് ടി.വി റിപ്പോർട്ടറെ കസ്റ്റഡിയിലെടുത്തത് മണിക്കൂറുകൾക്കകം പോലീസ് വിട്ടയച്ചു.

വനിതാ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച റിപ്പബ്ലിക് ടി.വി റിപ്പോർട്ടറെ കസ്റ്റഡിയിലെടുത്തത് മണിക്കൂറുകൾക്കകം പോലീസ് വിട്ടയച്ചു. റിപ്പബ്ലിക് ടി.വി ആസ്സാം കറസ്‌പോണ്ടന്റ് ആയ അനിരുദ്ധ ഭകത് ചൗടിയയെയാണ് രാഷ്ട്രീയ ഇടപെടലുകളെത്തുടർന്ന് പോലീസ് വിട്ടയച്ചത്.

 

ഗുവാഹത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചൗടിയയ്‌ക്കെതിരെ പരാതി നല്‍കിയത്. ഓഫീസില്‍ നിന്നും വീട്ടിലേക്കു പോകവേ നഗരത്തിലെ സിക്‌സ്‌മൈല്‍ മേഖലയില്‍ വെച്ച് ചൗടിയ തന്നെ തട്ടിക്കൊണ്ടുപോയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പിന്നീട് ജയനഗറിലെ ഒരു വീട്ടില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അതു തടയാന്‍ ശ്രമിച്ചപ്പോള്‍ ലൈംഗികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞു. ഡിസംബർ ഒന്നിനായിരുന്നു സംഭവം.

 

എന്നാൽ പരാതി നൽകി ഇത്രയും ദിവസമായിട്ടും പോലീസ് തന്റെ മൊഴി രേഖപ്പെടുത്തുന്നതിനോ ചൗടിയയെ അറസ്റ്റ് ചെയ്യുന്നതിനോ തയ്യാറായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. ചൗടിയയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി വെളിപ്പെടുത്തി.

 

പൊലീസ് ചൗടിയയ്‌ക്കെതിരെ സെക്ഷന്‍ 354 ചുമത്തിയെങ്കിലും മജിസ്‌ട്രേറ്റിനു മുമ്പില്‍ പോലും ഹാജരാക്കാതെയാണ് റിലീസ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് നടപടിക്രമങ്ങള്‍ പാലിക്കാൻ പോലീസ് തയ്യറാകാത്തത് എന്നും യുവതി ആരോപിക്കുന്നു.

 

എന്നാൽ മാദ്ധ്യമപ്രവർത്തകയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. ആവശ്യമുണ്ടെങ്കിൽ ചൗടിയയെ പിന്നീട് വിളിപ്പിക്കുമെന്നും ദിസ്പൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ പറഞ്ഞു.