National News

10 Dec 2018 14:00 PM IST

എൻ.ഡി.എയിൽ കൊഴിഞ്ഞുപോക്ക് : ആർ.എൽ.എസ്.പി മുന്നണി വിട്ടു

പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ എൻ.ഡി.എയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിഹാറിൽ നിന്നുള്ള ആർ.എൽ.എസ്.പിയാണ് ഏറ്റവും അടുത്തതായി മുന്നണി വിട്ടത്.

New Delhi

പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ എൻ.ഡി.എയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിഹാറിൽ നിന്നുള്ളരാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആർ.എൽ.എസ്.പി)യാണ് ഏറ്റവും അടുത്തതായി മുന്നണി വിട്ടത്. നിലവിൽ നരേന്ദ്രമോദി സർക്കാരിൽ മാനവവിഭവശേഷി വകുപ്പിന്‍റെ സഹമന്ത്രിയായ പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കുശ്‍വാഹ മന്ത്രിസ്ഥാനം രാജിവച്ചു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് വിളിച്ചിരിക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

 

നിതീഷ് കുമാറിന് ബിഹാറിൽ എൻഡിഎ നൽകുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആർഎൽഎസ്‍പിയ്ക്ക് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് കുശ്‌വാഹ മുന്നണി വിടുന്നത്. 2019 ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിൽ അദ്ദേഹത്തിനുള്ള അതൃപ്തി ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി നവംബര്‍ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു. എന്നാൽ എൻ.ഡി.എ തീരുമാനം മാറ്റിയില്ല. 2014-ല്‍ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച ആർ.എൽ.എസ്.പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ നിതീഷ്‌കുമാർ മുന്നണിയിലേക്ക് വന്നതോടെ ആർ.എൽ.എസ്.പിയുടെ സീറ്റുകൾ വെട്ടിക്കുറച്ചു. ഇതിൽ കടുത്ത അതൃപ്തിയാണ് കുശ്‌വാഹ ബിജെപി നേതൃത്വത്തെ അറിയിച്ചത്.

 

ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരുന്ന വിശാലപ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ കുശ്‍വാഹ പങ്കെടുത്തേയ്ക്കുമെന്നാണ് സൂചന. എൻ.ഡി.എ വിട്ടതോടെ ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുമായും കോണ്‍ഗ്രസുമായും ആർ.എൽ.എസ്.പി സഖ്യത്തിലേര്‍പ്പെടുന്നതിനാണ് സാധ്യത.