Tribute

30 Apr 2020 23:35 PM IST

S Binuraj

ഋഷിതുല്യമായ കാല്പനികത

ഇന്നു രാവിലെ അന്തരിച്ച പ്രശസ്ത നടൻ ഋഷി കപൂറിന് സ്മരണാഞ്ജലി.

കാമുകഭാവത്തിന്റെ ഋഷിയായിരുന്നു ഋഷി കപൂര്‍. രാജേഷ് ഖന്ന എന്ന സ്വപ്നകാമുകനില്‍ സ്വയം മറന്നു പോയ ഹിന്ദി സിനിമാ പ്രണയികളായ കൗമാര സുന്ദരികളെ ആ സ്വപ്നത്തില്‍ നിന്ന് തൊട്ടുണര്‍ത്തിയത് ഋഷിയുടെ ഗന്ധര്‍വ്വസമാനമായ അനുരാഗ സ്പര്‍ശമായിരുന്നു. ആ പാരമ്പര്യത്തെ തെല്ലും മങ്ങലേല്‍ക്കാതെ വെള്ളിത്തിരയില്‍ ഋഷി സജീവമായി നിലനിര്‍ത്തി.

 

നടന്‍ ആടി തീര്‍ന്നാലും അയാളില്‍ കഥാപാത്രം അവശേഷിക്കുമെന്ന് പറയുന്നത് ഋഷിയുടെ ജീവിതത്തിലും യാഥാര്‍ത്ഥ്യമായി. അനുരാഗത്തിന്റെ കടും നിറങ്ങള്‍ അത്രമേല്‍ ആവേശിച്ചു പോയതിനാലാവാം സ്ക്രീനിന് പുറത്തും ഋഷി ഒരു കാമുകനായിരുന്നു, നീതു സിംഗിനെ വിവാഹം ചെയ്യുന്നതു വരെ. പക്ഷേ കാമുകവേഷം യഥാര്‍ത്ഥ ജീവിതത്തില്‍ അഴിച്ചു വച്ചത് ഋഷി മാത്രമായിരുന്നു. അദ്ദേഹത്തെ കാമുകനായി കണ്ട അനേകം പെണ്‍കുട്ടികള്‍ ആ ഗന്ധര്‍വ്വ പ്രണയത്തില്‍ നിന്നും മുക്തി നേടിയില്ല. ഡിംപിള്‍ കപാടിയ മുതല്‍ ദിവ്യാ ഭാരതി വരെ ഋഷിക്കൊപ്പം അഭിനയിച്ചു. പ്രിയതരമായ പ്രണയഗാനങ്ങള്‍ക്കൊപ്പം ചടുലമായ ഡിസ്കോ താളങ്ങള്‍ക്കും ഭക്തിസാന്ദ്രമായ ഖവാലികള്‍ക്കും വേണ്ടി ഋഷി ചുണ്ടുകള്‍ ചലിപ്പിച്ചു.

 

ചില ചിത്രങ്ങളെങ്കിലും ഋഷിയുടെ മാന്ത്രിക സാന്നിധ്യം കൊണ്ട് വിജയിച്ചു. നായകന്റെ സഹോദരനായും കൂട്ടുകാരനായും അഭിനയിക്കുന്നതില്‍ ഋഷി തെല്ലും മടി കാട്ടിയില്ല. ഒരു നായക കഥാപാത്രത്തിന്റെ പേരിലേക്ക് ഒതുങ്ങിയ ആളായിരുന്നില്ല ഋഷി. അനൂപ്, മജ്നു രാജാ, അക്ബര്‍, ജോസഫ്, ഗ്രൂവി...ഋഷി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്.

 

ഗാനരംഗങ്ങളില്‍ അതിയായി തിളങ്ങിയ നടനായിരുന്നു ഋഷി. പാടുന്നത് മുഹമ്മദ് റാഫിയോ കിഷോര്‍ കുമാറോ കുമാര്‍ സാനുവോ വിനോദ് റാത്തോഡോ ആയിക്കോട്ടെ. പക്ഷേ വെള്ളിത്തിരയില്‍ അത് ഋഷി പാടുന്ന പാട്ടായിരിക്കും. അത് ഋഷിയല്ല പാടുന്നത് എന്നുറപ്പ് വരുത്താന്‍ പാട്ട് സ്ക്രീനില്‍ വരുമ്പോള്‍ കണ്ണടച്ച് ഇരിക്കുമെന്നാണ് കടുത്ത ഒരു കിഷോര്‍ ആരാധകന്‍ പറഞ്ഞത്. അനിതരസാധാരണമായ കയ്യടക്കത്തോടെയാണ് ഋഷി പാട്ടുകള്‍ക്ക് ഒപ്പം ചുണ്ടനക്കിയത്.

 

ഒരിക്കലും ഒരു ആക്ഷന്‍ ഹീറോ ആയിരുന്നില്ല ഋഷി, ഒരു സൂപ്പര്‍ സ്റ്റാറും. പക്ഷേ ആരാധകര്‍ക്ക് അതായിരുന്നു വേണ്ടത്. ഋഷി എങ്ങനെയോ അങ്ങനെ. നീ എങ്ങനെയോ അങ്ങനെ പ്രണയിക്കുമെന്ന് പറയുന്ന കാമുകനെ പോലെ.

 

ഖാന്‍ ത്രയം തുടങ്ങുന്നത് വരെ ഋഷിയുടെ റൊമാന്റിക് നായക പരിവേഷം നിലനിന്നു എന്ന് പറയാം. താന്‍ നൃത്തം ചെയ്ത് അനശ്വരമാക്കിയ കഴ്സിലെ ഗാനം മകന്‍ രണ്‍ബീര്‍ കപൂര്‍ നൃത്തം ചെയ്ത് അഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യവും ഋഷിക്ക് ഉണ്ടായി. അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഗംഭീരമായിരുന്നു; മുല്‍ക്ക് എന്ന ചിത്രത്തിലെ മുറാദ് അലി മുറാദ് എന്ന മറക്കാനാവാത്ത കഥാപാത്രം.

 

ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട ഋഷി ചിത്രം മലയാളിയായ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദ ബോഡി ആയിരുന്നു. ബോബിയിലെ പ്രസിദ്ധമായ പാട്ട് സീനിലെ പോലെ ഏതോ കാമുകിയുമൊത്ത് താങ്കള്‍ ഒരു മുറിക്കുള്ളില്‍ കുടുങ്ങിപ്പോയി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

 

പ്രണാമം ഋഷി.


S Binuraj