Kerala News

19 Nov 2018 12:00 PM IST

ശബരിമല സമരം കമ്യുണിസ്റ്റുകൾക്കെതിരെ : തുറന്നു പറഞ്ഞ് ശ്രീധരൻപിള്ള

ശബരിമലയിലെ ബിജെപി സമരം സ്ത്രീ പ്രവേശനത്തിനെതിരെ അല്ലെന്നും സംസ്ഥാന സർക്കാരിനെതിരെയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള.

Kozhikode

ശബരിമലയിലെ ബിജെപി സമരം സ്ത്രീ പ്രവേശനത്തിനെതിരെ അല്ലെന്നും സംസ്ഥാന സർക്കാരിനെതിരെയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ശബരിമലയിൽ സ്ത്രീകൾ വരുന്നോ പോകുന്നോ എന്ന് ബിജെപി നോക്കാറില്ല. മറിച്ച് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് സർക്കാരിനെതിരെയാണ് പ്രതിഷേധം എന്നും ശ്രീധരൻ പിള്ള പറഞ്ഞു.കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

 

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സമരവുമായി രംഗത്തുവന്നത്. വിധി വന്നയുടനെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം വിധി വന്നതിനു പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റി പ്രതിഷേധ രംഗത്തിറങ്ങിയത്.

 

സുപ്രീംകോടതി വിധിക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ ശബരിമലയിലും സംസ്ഥാനത്ത് ഒട്ടാകെയും ക്രമസമാധാനനില തകർക്കുന്ന വിധത്തിലേക്ക് മാറിയ സാഹചര്യത്തിലാണ് ശ്രീധരനെ പിള്ളയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. പ്രതിഷേധത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം കലുഷിതമാക്കുകയാണെന്നും സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണെന്നുമുള്ള ആരോപണം ശരിവെക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.