Open Space

01 Nov 2018 12:45 PM IST

ശബരിമല : സംഘപരിവാറിന് ഒരു പാത മാത്രം

പുകഞ്ഞു നിൽക്കുന്ന ഒരു മതരാഷ്ട്രീയത്തെ സമൂഹമധ്യത്തിൽ നിലനിർത്തുക എന്നതാണ് സംഘപരിവാറിന്റെ ഉന്നം.

ദുരന്തങ്ങളാണ് പലപ്പോഴും മാനുഷിക മൂല്യങ്ങളുള്ള മനുഷ്യരെ കണ്ടെത്തുന്നതും അവരെ ഒന്നിപ്പിച്ചു നിർത്തുന്നതും. കേരളം അടുത്തിടെ അറിഞ്ഞ മഹാപ്രളയത്തിൽ നമ്മൾ അതു കണ്ടതാണ്. ആ പ്രളയത്തിൽ ശബരിമല കൂടിയങ്ങ് ഒലിച്ചു പോയിരുന്നെങ്കിൽ ആ മനുഷ്യത്വം കുറെ നാൾ കൂടിയെങ്കിലും നില നിന്നേനെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.


വൈവിധ്യങ്ങളുടെ സങ്കലനമാണ് ഇന്ത്യ എന്ന രാജ്യം. അതിന്റെ സബാൾട്ടൻ ധാരകളെയെല്ലാം, അധിനിവേശം എന്ന് തോന്നിപ്പിക്കാൻ പോലും ഇട നൽകാത്ത വിധം ഒതുക്കിമാറ്റി അപായകരമായ ഒരു ഏക മതാത്മക സിവിൽ കോഡിലേക്ക് കൊണ്ടുപോകാനാണ് ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടി ശ്രമിക്കുന്നത്. ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് രാജ്യം മൊത്തത്തിൽ ബി ജെ പിയുടെ ഭരണത്തിൻ കീഴിലാക്കുക എന്ന പുറമേ കാണാൻ കഴിയുന്ന ലക്ഷ്യത്തിൽ ഒതുങ്ങുന്നതല്ല ഹിന്ദുത്വ രാഷ്ട്രീയം. ബി ജെ പി യെ രാഷ്ട്രീയമായി തന്നെ നേരിടാം. മറിച്ച്, ചാതുർവർണ്യത്തെ അതേപടി നിലനിർത്തുകയും ഒപ്പം ദ്രാവിഡ ധാരകളെയും ഹൈജാക് ചെയ്തുകൊണ്ട് വിശാല ഹിന്ദുത്വ കാർഡിറക്കി, ഇസ്‌ലാമിക് സ്റ്റേറ്റുകളെ പോലെ , ഇന്ത്യയെ ഒരു സെമറ്റിക് മതരാഷ്ട്രമാക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ, ഉപരിപ്ലവ രാഷ്ട്രീയ പ്രതിരോധം കൊണ്ട് മറികടക്കാനാവില്ല.

 

കേരളത്തിൽ, ഇന്ന് ഒരു എം എൽ എ മാത്രമുള്ള ബിജെപിക്ക്, കോൺഗ്രസ്സിനെ മറവിയിലേക്കയച്ച്, മുഖ്യ പ്രതിപക്ഷത്തെ പോലെ സംസാരിക്കാൻ കഴിയുന്നതെങ്ങനെയാണ് ? സൂക്ഷ്മമായ മതാധിനിവേശ രാഷ്ട്രീയത്തെ ട്രോളുകൾ കൊണ്ടു നേരിടാൻ കഴിയുമെന്ന് വ്യാമോഹിക്കരുത്. ശബരിമലയിലെ യുവതിപ്രവേശനം സംഘപരിവാറിന് ഒരു കരു മാത്രമല്ല, മറിച്ച് അതവരുടെ പാതയാണ്. ജനാധിപത്യത്തിന്റെ പാതയിൽ കല്ലും മുള്ളും വിതറുന്ന ഒരു വലിയ ശരണം വിളി. നിലനിന്നിരുന്ന ആചാരങ്ങളും, ധ്വംസിക്കപെടുന്ന ആചാരങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാൻ കൂടി അവർ മിനക്കെടുന്നില്ല. അല്ലെങ്കിൽ, അതിനു വേണ്ടിയൊന്നും സംഘപരിവാർ സമയം കളയുന്നില്ല. വാസ്തവത്തിൽ ആചാരങ്ങൾ അവരുടെ പ്രശ്നമേയല്ല, മറിച്ച് പുകഞ്ഞു നിൽക്കുന്ന ഒരു മതരാഷ്ട്രീയത്തെ സമൂഹമധ്യത്തിൽ നിലനിർത്തുക എന്നതാണ് സംഘപരിവാറിന്റെ ഉന്നം.


ഇപ്പോൾ സംഘപരിവാറിന്റെ ബൗദ്ധിക സെല്ലിലെ പ്രമുഖനായ ടി ജി മോഹൻദാസ് ഹൈക്കോടതിയിൽ കൊടുത്ത കേസ് നോക്കുക. ലിംഗസമത്വം എന്ന പുരോഗമനാശയത്തെ മുറുകെ പിടിച്ച് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുക എന്ന അഭിനയം ആദ്യമേ തന്നെ കാഴ്ച വച്ച ആളാണ് മോഹൻദാസ്. പിന്നീട് അദ്ദേഹം കോടതിയിൽ കൊടുത്ത കേസ്, അഹൈന്ദവരെ ശബരിമലയിൽ പ്രവേശിപ്പിക്കരുത് എന്നാണ്. അങ്ങനെ ഒരു കേസ്, പ്രത്യേകിച്ച് സുപ്രീം കോടതി വിധി നിലനിൽക്കെ, ഹൈക്കോടതി തള്ളും എന്ന് ഊഹിക്കാൻ കഴിയാത്ത ആളല്ല ഈ ബൗദ്ധിക പ്രമുഖൻ. കോടതി കേസ് തള്ളിയാലും ഇല്ലെങ്കിലും, ശബരിമലയുടെ സെക്യുലർ പാതയിൽ മതവിഷത്തിന്റെ കല്ലും മുള്ളും വിതറാൻ ഇത്തരം ഒരു അഭിപ്രായ പ്രകടനം കൊണ്ട് ആർ എസ് എസ്സിന് കഴിയും. വിരുദ്ധ അഭിപ്രായപ്രകടനങ്ങൾ കണ്ട് ആർ എസ് എസ്സും ബിജെപിയും രണ്ടു പാതയിലാണെന്നും, ഇന്റേണൽ പൊളിറ്റിക്‌സിൽ അവർ കലഹത്തിലാണെന്നും ആരും ധരിക്കരുത്. കരുക്കൾ നീക്കുക എന്നതല്ല ഫെഡറൽ നേതാക്കന്മാരുടെ ജോലി. മറിച്ച്, നീക്കാനുള്ള കരുക്കളായി സ്വയം മാറുക എന്നതാണ്.

 

കേരളത്തിൽ പോലും, കോൺഗ്രസ്സിനെ ഇത്രമേൽ ദുർബലമാക്കുകയും, അവരുടെ രാഷ്ട്രീയതന്ത്രങ്ങളുടെ എല്ലാ വാതിലുകളും അടച്ചു കളയുകയും ചെയ്തുകൊണ്ട്, ബിജെപിക്ക് തങ്ങളാണ് വലതുപക്ഷം എന്ന് പറയാൻ കഴിയുന്നുണ്ടെങ്കിൽ, അവരുടെ രാഷ്ട്രീയം കേരളത്തിന്റെ മണ്ണിലും മുളച്ചു തുടങ്ങുന്നുണ്ട് എന്ന സത്യം കാണാതെ പോകരുത്. സംഘപരിവാർ നേതാക്കളിൽ പലരും പൊതുവിടങ്ങളിലും മാധ്യമങ്ങളിലും മതാത്മകവും ജാതീയവും, ശാസ്ത്രബോധത്തെ പടിക്ക് പുറത്തു നിർത്തുന്നതുമായ അസംബന്ധങ്ങൾ പുലമ്പാറുണ്ടെങ്കിലും പലപ്പോഴും പ്രതിരോധങ്ങൾ രൂപപ്പെടുന്നത് സോഷ്യൽ മീഡിയയിലെ വെറും ട്രോളുകളുടെ രൂപത്തിൽ മാത്രമാണ്. എന്നാൽ ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങളിൽ ഭൂരിഭാഗവും അവരുടെ ജീവിത വ്യവഹാരങ്ങളിൽ, ജീവിതാസക്തികളിൽ ഈ അസംബന്ധങ്ങൾ വളരെ പ്രധാനപെട്ടവയായി കൂട്ടിച്ചേർക്കുമെന്ന് സംഘപരിവാറിന് നല്ല ബോധ്യമുണ്ട്.

 

ഏറ്റവും അത്യാധുനിക ജീവിത പരിസരങ്ങളിൽ, ഒരു ആചാരവും അനുഷ്ഠിക്കാതെ ജീവിക്കുന്ന പ്രധാനമന്ത്രി മോദിക്കും അമിത്ഷാക്കുമൊക്കെ ഇത്തരം അസംബന്ധ സാമൂഹ്യവൽക്കരണം നടത്തുന്നതിന് വേണ്ടി അംബാനിമാരെ പോലെയുള്ളവരുടെ കോർപറേറ്റ് മൂലധനം ഒരുങ്ങുന്നുണ്ടെങ്കിൽ, ജനങ്ങളെ ജലരേഖകളാക്കികൊണ്ട്, മൂലധനം ആധാരമാക്കിയുള്ള ഏകാത്മക ഭരണപഥങ്ങളിലേക്ക് ഇന്ത്യ നടന്നടുക്കുന്നു എന്ന് തന്നെയാണ് അത് സൂചിപ്പിക്കുന്നത്. അത്യാധുനിക മൂലധനം കൊണ്ട് പ്രവർത്തിക്കുന്ന ഒരു പാർലമെന്റ്, സെകുലർ ഭരണഘടനയെ തന്നെ അപ്രസക്തമാക്കികൊണ്ട് പ്രാചീന വർണ വ്യവസ്ഥയുടെ ശാസനകളായ മനുസ്മൃതിയെ പുനരുജ്ജീവിപ്പിക്കുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകാൻ കഴിയാത്ത, ഏകാത്മകവും അനുസരണാബദ്ധരുമായ പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയും ചെയ്യും. ഓർക്കുക, വിഡ്ഢിത്തങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ ഏറ്റെടുക്കാൻ കഴിയുമെന്നത് കൊണ്ടാണ് അവർ നിരന്തരം വിഡ്ഢിത്തം വിളമ്പിത്തരുന്നത്.


കേരളത്തിൽ, പുറം രാഷ്ട്രീയത്തിൽ ഇടതുപക്ഷം പ്രതിരോധം തീർക്കുന്നുണ്ടെന്നത് ശരി തന്നെ. എന്നിട്ടും എന്താണ് ആ പ്രതിരോധങ്ങൾക്ക് സംഘപരിവാർ ആശയങ്ങൾക്ക് മാരകമായ ക്ഷതം ഏല്പിക്കാൻ കഴിയാത്തത് ? കേരളത്തിൽ ശക്തമായൊരു സാംസ്കാരിക ഇടതുപക്ഷം നിലനിൽക്കുന്നില്ല എന്ന യാഥാർത്ഥ്യം അംഗീകരിച്ചേ മതിയാകൂ. ഇടതുപക്ഷത്തിന്റെ സാംസ്കാരിക പ്രതിരോധം കുടുംബത്തിന്റെ അകത്തളത്തിലെ സൂക്ഷ്മരാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ ഇപ്പോൾ ഒരു പങ്കും വഹിക്കുന്നില്ല . എങ്ങനെയാണ് പുരോഗമന കലാ സാഹിത്യ സംഘവും ശാസ്ത്ര സാഹിത്യ പരിഷത്തുമൊക്കെ കേരളത്തിന്റെ യൗവന രാഷ്ട്രീയത്തിൽനിന്ന് അകന്നു പോയത് ? ഈ വിടവുകളിലേക്കാണ് മധുരഭാഷണങ്ങളോടെ ബാലഗോകുലവും ശാഖകളും ഭാഗവത സപ്‌താഹവും കുടുംബ ഭജനയുമെല്ലാം കയറിക്കൂടിയത്.


വരേണ്യജാതി രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോഴും, വിശാല ഹിന്ദു കാർഡിറക്കി, ഹീനജാതി എന്ന് അവർ വ്യവഹരിക്കുന്ന സബാൾട്ടൻ ജനവിഭാഗങ്ങളോട്, ''നീയും ഹിന്ദുവാണ്, വരൂ നമുക്ക് കൈകോർക്കാം'' എന്ന് കുടുംബങ്ങളിൽ കടന്നു ചെന്ന് മൃദുഭാഷണങ്ങളിൽ മുഴുകാൻ സംഘപരിവാറിനെ പ്രാപ്തരാക്കുന്നത് ഇടതുപക്ഷ സാംസ്കാരിക രാഷ്ട്രീയത്തിന്റെ അഭാവമാണ്. അതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമാണ് ഓണം വാമനജയന്തിയായി ആഘോഷിക്കപ്പെട്ടത്. അസുരന്മാർ എന്ന് ഉത്തരേന്ത്യൻ ദേവന്മാർ വിവക്ഷിക്കുന്ന ദ്രാവിഡ വിഭാഗത്തിൽ പെടുന്നവരാണ് മലയാളികൾ എന്ന് പോലും ചിന്തിക്കാൻ കഴിയാതെ, നാം ആ വെളുത്തവന്റെ അധീശത്വത്തിലേക്ക് കീഴ്പെടേണ്ടവർ ആണ് എന്ന് ഉള്ളിൽ അറിയാതെ തന്നെ ഉറയ്ക്കുന്ന ഒരു ബോധമുണ്ടല്ലോ, അതാണ് സംഘപരിവാറിന്റെ അസംബന്ധ സൂക്ഷ്മരാഷ്ട്രീയം. എന്നിട്ട് അവർ ഈ ദ്രാവിഡ വംശത്തെയും വർണവ്യവസ്ഥയിൽ കുരുക്കിയിട്ടു കൊണ്ട് തന്നെ ഹൈന്ദവതയുടെ കുടക്കീഴിൽ നിരത്തി നിർത്തും.


മാർക്സിസം ഓരോ പ്രദേശത്തും അതിന്റെ പ്രാദേശികവും പ്രായോഗികവുമായ ധാരകളെയെല്ലാം ചേർത്ത് നിർത്തി കൊണ്ടാണ് വികസിച്ചിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് പാർലമെന്ററി രാഷ്ട്രീയത്തിൽ അണികളെ സൃഷ്ടിച്ചെടുക്കുക എന്നതിലുപരി, ദളിത്-ആദിവാസി ധാരകളെ അതിന്റെ സ്വത്വവാദ രാഷ്ട്രീയത്തോടൊപ്പം ആലിംഗനം ചെയ്യാൻ ഇടതുപക്ഷം മടിക്കുന്നത് ? നോക്കുക, സവർണ മേധാവിത്വത്തോട് ചേർന്ന് പോകാത്ത, അതിന്റെ ആധിപത്യ അച്ചടക്കത്തിനടിമയാകാത്ത ഹൈന്ദവ സന്യാസികളെ സംഘപരിവാർ, അവരുടെ നിതാന്ത ശത്രുക്കളേക്കാൾ വലിയ ശത്രുക്കളായിട്ടാണ് ഗണിക്കുന്നത്. ഹീനജാതി എന്ന് സംഘ്പരിവാറുകാർ കാണുന്ന അമൃതാനന്ദമയിയെയും അവരുടെ മഠത്തെയും സംഘപരിവാർ ചേർത്ത് നിർത്തുന്നത്, മഠം വർണവ്യവസ്ഥയെയും സംഘ്പരിവാറിനെയും അപ്രോപ്രിയേറ്റ് ചെയ്യുന്നത് കൊണ്ടാണ്. അല്ലായിരുന്നുവെങ്കിൽ അമൃതാനന്ദമയി മഠത്തെ സംഘപരിവാർ തന്നെ എന്നേ നശിപ്പിച്ചേനെ.


ഒരു കാലത്ത് പുറത്തിറങ്ങിയിരുന്ന സചിത്ര പുരാണ കഥകളിലൂടെയും, പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയും നമ്മൾ മലയാളികളുടെ പോലും മനസ്സിൽ ഉറച്ചു കിടക്കുന്ന ഒരു ദ്വന്ദ്വമാണ് ദേവ-അസുരന്മാർ എന്നത്. എപ്പോഴും ദേവലോകം കീഴടക്കാൻ ശ്രമിക്കുന്ന അസുരന്മാരും, ഒടുവിൽ അവതാരമെടുത്തോ അല്ലാതെയോ അസുരന്മാരെ വധിച്ച് നായകവേഷം ഉറപ്പിക്കുന്ന ദേവന്മാരും. തെക്കേ ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്ന ദ്രാവിഡരെയാണ് അസുരന്മാർ, രാക്ഷസന്മാർ എന്നൊക്കെ വ്യവഹരിക്കുന്നത് എന്ന് പോലും ചിന്തിക്കാൻ ഇട നൽകാത്ത വിധം നമ്മൾ ആ കഥകളുടെ വിനീതരായ കൂട്ടുകാരായി മാറിക്കഴിഞ്ഞു. അതായത്, അവസാനം സ്‌ക്രീനിൽ നിറഞ്ഞു നിൽക്കേണ്ടത് ആര്യന്മാരും വർണാധിപത്യവുമാണെന്ന് ദ്രാവിഡരായ നമ്മളും, എന്നേ വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് അദൃശ്യമായ തീണ്ടാപ്പാട് നിലനിർത്തി കൊണ്ട് തന്നെ സബാൾട്ടൻ ജീവിതങ്ങളെയും സംഘപരിവാർ അവരുടെ വരുതിക്ക് കൊണ്ടുവരുന്നത്.


കൃത്യമായ പ്രത്യയശാസ്ത്രമുള്ള ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങൾക്ക് മാത്രമേ ശബരിമല വഴി കടന്നുകയറാൻ ശ്രമിക്കുന്ന സംഘപരിവാറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുകയുള്ളു. ആക്രമണങ്ങളെ അപ്പോഴപ്പോഴായി പ്രതിരോധിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. മറിച്ച്, സൂക്ഷ്മ സാംസ്കാരിക അറിവ് രാഷ്ട്രീയത്തിന്റെ സ്ഥിരവും വേരുകൾ ഇറങ്ങിച്ചെല്ലുന്നതുമായ ആക്രമണോൽസുകമായ പ്രതിരോധം കൊണ്ടേ അത് സാധ്യമാകു. അതിന് സോഷ്യൽ മീഡിയ ട്രോളുകളും ചാനൽ ചർച്ചകളും മാത്രം പോരാ. അതിലുപരി, കീഴാള ജീവിത പരിസരങ്ങളിലേക്ക് കടന്നുചെല്ലുകയും, സ്വയം അഭിമാനിക്കുന്നവരും സംഘബലമുള്ളവരുമായിമാറുന്ന കീഴാള ജനതയോടൊപ്പം നിൽക്കുകയും ചെയ്യുക എന്നതാണ് ഇടതുപക്ഷത്തിന്റെ അടിയന്തര കടമ. സ്വത്വരാഷ്ട്രീയത്തെ ആലിംഗനം ചെയ്തുകൊണ്ട് തന്നെ വർഗ്ഗരാഷ്ട്രീയം മുന്നോട്ടു വയ്ക്കാൻ ഇടതുപക്ഷത്തിന് കഴിയണം. ഓർക്കുക, ശബരിമല സംഘപരിവാറിന്റെ ഒരു പാത മാത്രമാണ്.