20 Oct 2018 00:10 AM IST
ശബരിമല നട അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയ തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്യണം. രാജ്യത്തെ ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുകയാണ് കണ്ഠരര് രാജീവരര് ചെയ്തത്. ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിക്കുന്ന ഏതൊരു കുറ്റവാളിയെയും നേരിടുന്നതുപോലെ രാജീവരരെയും നേരിടണം. ശബരിമലയില്‍ ശാന്തിപ്പണി ചെയ്യുന്നു എന്നത് നിയമത്തെ വെല്ലുവിളിക്കാനുള്ള അവകാശം നല്‍കുന്നില്ല. രാജ്യത്തെ മറ്റു പൗരര്‍ക്കില്ലാത്ത പ്രത്യേക അവകാശവും അധികാരവും തനിക്കുണ്ടെന്ന ധാരണ ശബരിമല തന്ത്രിക്കുണ്ടെങ്കില് അത് മാറ്റിക്കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
ഭരണഘടനയ്ക്കും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കും വിധേയമായി മാത്രമേ ഏത് ആചാരത്തിനും നില നില്പ്പുള്ളൂ. നിയമത്തിന്റെ പിന്തുണയില്ലാത്ത ആചാരമാണ് അനാചാരം. അനാചാരത്തിനു വേണ്ടി പരസ്യമായി വാദിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ് വേണ്ടത്. കാഞ്ചി ശങ്കരാചാര്യരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ജയലളിത കാണിച്ച തന്റേടം ഇപ്പോള്‍ കേരള സര്‍ക്കാര്‍ കാണിക്കണം. തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് നിയമത്തെ വെല്ലുവിളിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരിക്കും.
ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഏതു സ്ത്രീക്കും പോകാന്‍ പോലീസ് സുരക്ഷ നല്‍കണം. സുപ്രീംകോടതി പറഞ്ഞതിനപ്പുറം പോകാന്‍ ആര്‍ക്കുണ്ട് ഇവിടെ അവകാശം ? ഭരണഘടനയാണ് നമുക്ക് വലുത്. എന്തു വില കൊടുത്തും നമുക്ക് അത് സംരക്ഷിക്കണം. വിവരമോ സംസ്കാരമോ ഇല്ലാത്ത കുറേ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങി നിയമം നടപ്പിലാക്കാതിരിക്കരുത്. പോലീസ് കര്‍ശനമായ നടപടിയെടുത്താല്‍ അവസാനിക്കുന്നതേയുള്ളൂ ഈ ഗുണ്ടകളുടെ പ്രതിഷേധം.
വലിയ വാചകമടിച്ച രാഹുല്‍ ഈശ്വര്‍ എവിടെപ്പോയി? സ്ത്രീ പ്രവേശനത്തിനെതിരേ റോഡിലിറങ്ങി പ്രകടനം നടത്തുന്ന സ്ത്രീകളാരും വിശ്വാസികളല്ല. ബ്രാഹ്മണരുടെയും സവര്‍ണ്ണരുടെയും ആധിപത്യം തകരുന്നതിന്റെ വിഭ്രാന്തിയാണ് ഈ കാണുന്നത്. ശബരിമല ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ്. സ്ത്രീകള്‍ വരാന്‍ തുടങ്ങുകയും നിയമം കൃത്യമായി നടപ്പിലാക്കുകയും ചെതാല്‍ തങ്ങളുടെ വരുമാനം ഇല്ലാതാകുമോ എന്ന ആധിയാണ് തന്ത്രി കുടുംബത്തിന്. പിന്നോക്കക്കാരുടെയും ദളിതരുടെയും പണം കൊണ്ട് തടിച്ചു കൊഴുത്തവര്ക്ക് അത് നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്. ബ്രാഹ്മണാധിപത്യത്തിന്റെയും സവര്‍ണ്ണ മേധാവിത്വത്തിന്റെയും കാലം കഴിഞ്ഞുപോയെന്ന് എല്ലാവരും മനസ്സിലാക്കണം. രാജ്യത്തെ ഭരണഘടനയെയും നിയമങ്ങളെയും അംഗീകരിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ തയ്യാറായേ മതിയാകൂ.