Kerala News

08 Oct 2018 05:00 AM IST

കണ്ഠരരുകൾ ചർച്ചയ്ക്ക് തയ്യാറല്ല പോലും !

ചർച്ചയിൽ പങ്കെടുക്കുകയും മുഖ്യമന്ത്രിക്ക് പറയാനുള്ളത് കേൾക്കുകയും തങ്ങൾക്ക് പറയാനുള്ളത് പറയുകയുമായിരുന്നു തന്ത്രിമാർ ചെയ്യേണ്ടിയിരുന്നത്. ഒന്നും പറയാനില്ലാത്തതു കൊണ്ടാകും കണ്ഠരര്മാർ പോകാതിരിക്കുന്നത്. തങ്ങളെ ഇളക്കിവിട്ട രാഷ്ട്രീയത്തിലെ കുറുക്കന്മാരുടെ കയ്യിലിരിക്കുന്ന ചരടിനനുസരിച്ച് ചാടാൻ മാത്രമറിയുന്ന കുട്ടിക്കുരങ്ങൻമാർ മാത്രമാണല്ലോ ഈ കണ്ഠരുമാർ. ഇക്കൂട്ടത്തിൽ ഒരു കണ്ഠരരാണല്ലോ മുമ്പ് മദ്യപാനവും വ്യഭിചാരാസക്തിയും മൂലം കെണിയിൽപെട്ടത്. ഈ കണ്ഠരുമാരിൽ നിന്നൊക്കെ കൂടുതൽ പ്രതീക്ഷിക്കുന്നതാണ് തെറ്റ്.

10 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള വിലക്ക് എടുത്തു കളഞ്ഞ സുപ്രീം കോടതിയുടെ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരാണ്. അടുത്ത തവണ ശബരിമല നട തുറക്കുമ്പോൾ സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെട്ടു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ശബരിമല ക്ഷേത്രത്തിന്റെ ഭരണ മേൽനോട്ടം നിർവ്വഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോഡിനും സംസ്ഥാന സർക്കാരിനുമുണ്ട്. മലയാള മാസമാദ്യം നട തുറക്കാനിനി 10 ദിവസം മാത്രമേ ബാക്കിയുള്ളൂ. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ സർക്കാരും ദേവസ്വം ബോഡും നടത്തുന്നതിനിടയിലാണ് പ്രതിഷേധം എന്ന പേരിൽ പല തരം രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും ആളെക്കൂട്ടി തെരുവിലിറങ്ങിയത്.

 

സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസും മററു പ്രതിപക്ഷ പാർട്ടികളും, വർഗ്ഗീയവാദികളും വിധ്വംസക സംഘടനകളും തെരുവിൽ ആളെക്കൂട്ടുന്നത് കണ്ടപ്പോൾ അങ്കലാപ്പിലായി. സുപ്രീം കോടതി വിധിയുടെ പേരിൽ ഒരു കൂട്ടം വിശ്വാസികളെ തെരുവിൽ ഇറക്കി ഇടതു മുന്നണി സർക്കാരിനെതിരായ പ്രതിഷേധമായി അതിനെ മാറ്റാൻ സംഘപരിവാറും മററു സാമൂഹ്യവിരുദ്ധ സംഘടനകളും ശ്രമിക്കുന്നതു കണ്ടപ്പോൾ കോൺഗ്രസിന്റെയും സമനില തെറ്റി, വ്യക്തമായ രാഷ്ട്രീയം മുന്നിൽ നിറുത്തി ജനങ്ങളെ അഭിമുഖീകരിക്കാൻ അറിവോ പ്രാപ്തിയോ ഇല്ലാത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വം, ആദ്യം പറഞ്ഞത് നാണമില്ലാതെ വിഴുങ്ങി സംഘപരിവാറിന്റെ കാലടി പിന്തുടരാനാണ് തീരുമാനിച്ചത്. ബി.ജെ.പിയും കോൺഗ്രസും കൈകോർത്തപ്പോൾ വിമോചന സമരത്തിന്റെ കേളികൊട്ട് മുഴങ്ങുകയാണ് എന്ന ആഹ്ലാദത്തിമർപ്പിലായി കേരളത്തിലെ സകലമാന യാഥാസ്ഥിതികരും അറുപ്പിന്തിരിപ്പന്മാരും.

 

കേരളത്തിനെ നൂറ്റാണ്ടുകൾ പിറകിലേക്ക് കൊണ്ടുപോകാൻ ഒരു സുവർണ്ണാവസരം വന്നെത്തിയെന്ന പ്രതീക്ഷയിൽ,. ചരിത്രം കണ്ണാടിക്കുട്ടിലടച്ചു സൂക്ഷിച്ച പഴമയുടെ ജീർണ്ണാവശിഷ്ടങ്ങൾക്ക് ഒന്നോടെ പെട്ടെന്ന് ജീവൻ വച്ചു. പ്രപിതാമഹന്മാർ പ്രമാണിമാരായി വിലസിയ നാടുവാഴിത്ത കാലത്തെക്കുറിച്ച് പറഞ്ഞു കേട്ട പഴംകഥകൾ അയവിറക്കി ജനാധിപത്യത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത ഇരുട്ടറകളിൽ ഉറക്കം തൂങ്ങിയിരുന്ന നരിച്ചീറുകൾ കയ്യിൽ കിട്ടിയ പഴയ കസവുമുണ്ടുമായി തെരുവിലിറങ്ങി. മുത്തുക്കുടയും കിന്നരിയും തലപ്പാവുമായി രാജാപ്പാർട്ട് വേഷം കെട്ടിയ കോമാളികളെ മുന്നിൽ നിർത്തി അപസ്മാരമിളകിയ ഒരു കൂട്ടം ജനങ്ങളെ തെരുവിലിറക്കി സംഘപരിവാറും കോൺഗ്രസും വിമോചന സമരം തുടങ്ങിക്കഴിഞ്ഞു എന്ന് ആർപ്പുവിളിക്കുകയാണ്. പന്തളം രാജാവ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാൾ വിമോചന സമരക്കാരുടെ മുന്നിൽ നടക്കുന്നതും കണ്ടു. കായംകുളം രാജാവ്, ഓച്ചിറ രാജാവ്, മാവേലിക്കര രാജാവ്, അമ്പലപ്പുഴ രാജാവ് എന്ന് തുടങ്ങി കാക്കത്തൊള്ളായിരം രാജാക്കന്മാർ തെരുവിലിറങ്ങാൻ കിന്നരിയും തലപ്പാവും വച്ച് റിഹേഴ്സൽ നടത്തുകയാണ് എന്നാണ് കേട്ടത്.

 

ഇടതുപക്ഷ സർക്കാർ ആചാരങ്ങൾ തകർക്കുന്നു, വിശ്വാസങ്ങളെ ചവിട്ടിമെതിക്കുന്നു എന്ന പ്രചരണം ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് അനുസരിക്കുകയല്ലാതെ സർക്കാരിന് മറ്റൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയുണ്ടായി. സംസ്ഥാന സർക്കാർ റിവ്യൂ പെറ്റീഷൻ നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കേസിൽ കക്ഷി ചേർന്ന ആർക്കും റിവ്യൂ ഹർജി നല്കാം. റിവ്യൂ ഹർജി നല്കുന്നതിൽനിന്ന് കേസിലെ കക്ഷികളായ ശബരിമലയിലെ തന്ത്രിമാരെയോ പന്തളം കൊട്ടാരത്തിലുള്ളവരെയോ തടയാൻ ആർക്കും കഴിയില്ല. വേണമെങ്കിൽ അവർ റിവ്യൂ ഹർജിയുമായി പോകട്ടെ. സാങ്കേതികമായി റിവ്യൂ ഹർജി നല്കാൻ അവസരമുണ്ട് എന്നല്ലാതെ ഈ കേസിൽ റിവ്യൂ ഹർജി കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് നിയമസാക്ഷരതയുള്ള എല്ലാവർക്കും അറിയാം. എങ്കിലും പോകേണ്ടവർ പോകട്ടെ. സർക്കാർ പോകുന്നില്ല എന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്.

 

സർക്കാർ ക്ഷേത്രാചാരങ്ങൾ തകർക്കുന്നു എന്ന വ്യാജ പ്രചരണത്തെ നേരിടാനുള്ള ബാധ്യത സർക്കാരിനുണ്ട്. അതിന്റെ ഭാഗമായിട്ടാകാം മുഖ്യമന്ത്രി ശബരിമല തന്ത്രിമാരെ ചർച്ചയ്ക്ക് വിളിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാണ് എന്ന വസ്തുത ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വസ്തുതകൾ വിശദീകരിക്കുകയും ചെയ്യാനുള്ള അവസരമായിരുന്നു ഈ ചർച്ച. ചർച്ചയിൽ പങ്കെടുക്കില്ല എന്ന നിലപാടെടുത്തിരിക്കുകയാണ് തന്ത്രിമാർ. റിവ്യൂ പെറ്റീഷനിൽ സുപ്രീം കോടതി തീരുമാനമെടുത്തതിനു ശേഷമാകാം ചർച്ച എന്നാണ് ഒരു കണ്ഠരര് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി വിളിക്കുന്ന ചർച്ചയ്ക്ക് പോകാതിരിക്കുക എന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ചർച്ചയിൽ പങ്കെടുക്കുകയും മുഖ്യമന്ത്രിക്ക് പറയാനുള്ളത് കേൾക്കുകയും തങ്ങൾക്ക് പറയാനുള്ളത് പറയുകയുമായിരുന്നു തന്ത്രിമാർ ചെയ്യേണ്ടിയിരുന്നത്. ഒന്നും പറയാനില്ലാത്തതു കൊണ്ടാകും കണ്ഠരര്മാർ പോകാതിരിക്കുന്നത്. തങ്ങളെ ഇളക്കിവിട്ട രാഷ്ട്രീയത്തിലെ കുറുക്കന്മാരുടെ കയ്യിലിരിക്കുന്ന ചരടിനനുസരിച്ച് ചാടാൻ മാത്രമറിയുന്ന കുട്ടിക്കുരങ്ങൻമാർ മാത്രമാണല്ലോ ഈ കണ്ഠരുമാർ. ഇക്കൂട്ടത്തിൽ ഒരു കണ്ഠരരാണല്ലോ മുമ്പ് മദ്യപാനവും വ്യഭിചാരാസക്തിയും മൂലം കെണിയിൽപെട്ടത്. ഈ കണ്ഠരുമാരിൽ നിന്നൊക്കെ കൂടുതൽ പ്രതീക്ഷിക്കുന്നതാണ് തെറ്റ്.