National News

17 Jul 2020 23:00 PM IST

Reporter-Leftclicknews

കോൺഗ്രസിലേക്ക് മടങ്ങാൻ പകുതി മനസ്സുമായി സച്ചിൻ

രാജസ്ഥാൻ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി മുഖ്യമന്ത്രി സ്ഥാനവും പ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്ടപ്പെട്ട സച്ചിൻ പൈലറ്റ് കോൺഗ്രസുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിക്കാതെ, മടങ്ങി വരാനുള്ള സാധ്യത നിലനിറുത്തുകയാണ്.

രാജസ്ഥാൻ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി മുഖ്യമന്ത്രി സ്ഥാനവും പ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്ടപ്പെട്ട സച്ചിൻ പൈലറ്റ് കോൺഗ്രസുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിക്കാതെ, മടങ്ങി വരാനുള്ള സാധ്യത നിലനിറുത്തുകയാണ്. അവസാനത്തെ ഒരു വർഷമെങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്കു നല്കണമെന്ന സച്ചിൻ്റെ ആവശ്യം പോലും കോൺഗ്രസ് നേതൃത്വം പരിഗണിക്കാതെ വന്നപ്പോഴാണ് സച്ചിൻ പുറത്തേക്കുള്ള വഴിയിലായത്. ഒരു വിഭാഗം എംഎൽഎമാരെ കൂടെ നിറുത്തി ശക്തമായ സമ്മർദ്ദം ചെലുത്തി തൻ്റെ ആവശ്യങ്ങൾ പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നായിരുന്നു സച്ചിൻ പൈലറ്റിൻ്റെ കണക്കുകൂട്ടൽ. സമ്മർദ്ദത്തിനു വഴങ്ങേണ്ടെന്നും ബിജെപിയുമായി വിലപേശുന്നതിൻ്റെ ഭാഗമായുള്ള തന്ത്രങ്ങളാണ് സച്ചിൻ പയറ്റുന്നതെന്നുമുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ ഉറച്ച നിലപാടിനൊപ്പം നില്ക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ സച്ചിൻ പൈലറ്റിൻ്റെ വഴിമുട്ടുകയായിരുന്നു.

 

സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്ന് പുറത്തു പോകരുതെന്ന താല്പര്യമാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുള്ളത്. ബുധനാഴ്ച വൈകുന്നേരം പ്രിയങ്ക സച്ചിനുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. സച്ചിൻ വിട്ടു പോകുന്നതിനോട് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും താല്പര്യമില്ലെന്നു പറഞ്ഞ പ്രിയങ്ക പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്ന് സച്ചിന് ഉറപ്പു നല്കി. കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് കോൺഗ്രസ് നേതാവ് പി.ചിദംബരത്തെ ഫോണിൽ വിളിച്ചു. സച്ചിൻ ചിദംബരത്തെ വിളിക്കാൻ തയ്യാറായി എന്നത് കോൺഗ്രസിലേക്ക് മടങ്ങാനുള്ള താല്പര്യത്തിൻ്റെ സൂചനയായാണ് കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നത്. കോൺഗ്രസിൻ്റെ വാതിലുകൾ സച്ചിനു വേണ്ടി തുറന്നു കിടക്കുകയാണെന്ന് ചിദംബരം സച്ചിനോട് പറഞ്ഞു. കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയും സച്ചിനുമായി സംസാരിച്ചിരുന്നു.

 

ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെ പിളർക്കാൻ ശ്രമിച്ച സച്ചിൻ പൈലറ്റിനെ തിരിച്ചെടുക്കാൻ പാടില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി ഗെലോട്ട്. സച്ചിനോടൊപ്പമുള്ളവരെ അയോഗ്യരാക്കിയ നടപടി കോടതിയിലെത്തിയതോടെ ഒത്തുതീർപ്പിനുള്ള സാധ്യതകൾ അടഞ്ഞു എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. തന്നോടൊപ്പമുള്ളവർ അയോഗ്യരാകും എന്ന സാഹചര്യത്തിൽ തല്ക്കാലം പാർട്ടിയുമായി ഒത്തുതീർപ്പുണ്ടാക്കിയതിനു ശേഷം ബിജെപിയുമായി ചേർന്ന് പാർട്ടിയെ പിളർത്താനാണ് സച്ചിൻ്റെ ശ്രമമെന്ന് ഗെലോട്ട് ആരോപിക്കുന്നു. ഉപാധികളാന്നുമില്ലാതെ സച്ചിൻ പൈലറ്റിനു മടങ്ങി വരാമെന്ന്, പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഇപ്പോൾ ജയ്പൂരിലുള്ള പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജൻവാല പറഞ്ഞു.


Reporter-Leftclicknews