Specials

17 Oct 2018 02:15 AM IST

ഇപ്പോൾ ശബരിമലയിൽപോകുന്ന സ്ത്രീകളെ അഭിനന്ദിക്കുക

അയിത്തം പോലെ തന്നെ മാറേണ്ട ദുരാചാരമാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കെന്ന് ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിനിയുമായ അഭിരാമി.

(അയിത്തം പോലെ തന്നെ മാറേണ്ട ദുരാചാരമാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കെന്ന് ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിനിയുമായ അഭിരാമി. ആര്‍ത്തവമുള്ള സമയത്ത് താന്‍ അമ്പലത്തില്‍ പോയിട്ടുണ്ടെന്നും അതില്‍ തെറ്റില്ലെന്നും തുറന്നു പറഞ്ഞതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദനങ്ങളും എതിര്‍പ്പുകളും ഒരുപോലെ ഏറ്റുവാങ്ങുകയും ചെയ്ത അഭിരാമി ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിക്കുന്നു.)

 

അയിത്തം പോലെ തന്നെ മാറ്റപ്പെടേണ്ട ഒരു ദുരാചാരമാണ് ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന് പറയുന്നത്. സമ്പത്തും അധികാരവും കയ്യടക്കിവെച്ചിരിക്കുന്ന പുരുഷവിഭാഗം സ്ത്രീകളുടെമേൽ അധികാരം ഉറപ്പിക്കാനും അവരെ രണ്ടാംകിടക്കാരാക്കാനും ഉണ്ടാക്കിയിട്ടുള്ളതാണ് ഇത്തരം ആചാരങ്ങൾ. കരിക്കുലത്തിൽ നമ്മൾ ജനറിക് ക്വാളിറ്റിയെ കുറിച്ച് സംസാരിക്കുന്നു പഠിപ്പിക്കുന്നു വീടുകളിൽ മതങ്ങളിൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്ന ആചാരങ്ങൾ വിശ്വാസങ്ങൾ പിന്തുടരുന്നു. ഇത് സമൂഹത്തിലുണ്ടാക്കുന്ന സൈക്കോളജിക്കൽ ഇംപാക്ട് ഒരുപാട് വലുതാണ്. ഇത്തരമൊരു സൊസൈറ്റിയിൽ ഒരിക്കലും ജെൻഡർ ഇക്വാലിറ്റി സാധ്യമാവുകയില്ല. ഇതാണ് തെറ്റായ ആചാരങ്ങൾ മാറ്റപ്പെടേണ്ടതിൻറെ പ്രാധാന്യം.

 

ഭക്തിയും വിശ്വാസവും ഓരോ ആളിന്റെയും വ്യക്തിപരമായ കാര്യമാണ്. ആചാരങ്ങള്‍ കാലം മാറുന്നതനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ആചാരങ്ങളില്‍ മാറ്റം പാടില്ലെന്ന് ആര് വിചാരിച്ചാലും അവ മാറും. കാലത്തിന് അനുസരിച്ച് മാറാതെ നില്‍ക്കുന്ന ആചാരങ്ങളെയാണ് നമ്മള്‍ ദുരാചാരങ്ങള്‍ എന്നു പറയുന്നത്. നിയമ നിര്‍മ്മാണങ്ങളിലൂടെയും ജനങ്ങളുടെ ഇടപെടലിലൂടെയുമാണ് ദുരാചാരങ്ങള്‍ മാറുന്നത്. അയിത്തതിനെതിരേയുള്ള പലതരം സമരങ്ങളുടെ ഭാഗമായിരുന്നു പന്തിഭോജനം. സംഘമായി സ്ത്രീകള്‍ ഇപ്പോള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറാകുന്നുണ്ടെങ്കില്‍, ജാതിക്കും അയിത്തത്തിനുമെതിരായ പന്തിഭോജനം പോലെ ഒരു പ്രവൃത്തിയായാണ് ഞാന്‍ അതിനെ കാണുന്നത്. ഇങ്ങനെയാണ് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്.

 

ശബരിമലയിൽ കയറണോ വേണ്ടയോ എന്നുള്ളത് വിശ്വാസികളുടെ മാത്രം പ്രശ്നമാണ് പക്ഷേ ഏതെങ്കിലും വിശ്വാസിയായ ഒരു പെൺകുട്ടിക്ക് ആർത്തവത്തിന്റെ പേരിൽ പ്രവേശനം നിഷേധിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിക്ക് എതിരാണ്. പോകാനാഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയാണ് ഫെമിനിസ്റ്റുകൾ സംസാരിക്കുന്നത് അങ്ങനെയുള്ളവർ രാഹുൽ ഈശ്വർ അവകാശപ്പെടുന്നതുപോലെ അല്ല നമ്മുടെ സൊസൈറ്റിയിൽ ഉണ്ട് എന്നുള്ളതാണ് ഇപ്പോൾ ശബരിമലയ്ക്ക് പോകാൻ മാലയിട്ട് ഇരിക്കുന്നവർ.

 

സ്ത്രീ മാത്രമല്ല സ്ത്രീയും പുരുഷനും ലൈംഗിക ന്യൂനപക്ഷങ്ങളും വിവേചനങ്ങളോ പ്രിവിലേജുകളോ അനുഭവിക്കാത്ത ഒരു സമൂഹമാണ് നമ്മുടെ സ്വപ്നം. അടുത്ത കാലത്തുണ്ടായ സുപ്രീംകോടതി വിധികള്‍ സമൂഹത്തിലെ പല വിവേചനങ്ങളും ഇല്ലാതാക്കാനുള്ള ശക്തമായ ഇടപെടലുകളാണ്. സമൂഹത്തെ പിന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വളരെ ശക്തമാണ്. മതമൂല്യങ്ങളുടെ പേരിലാണ് പിന്നോട്ടുപോക്കിനുള്ള ശ്രമങ്ങള്‍. മതത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകാന്‍ നോക്കുകയാണ്. പഴയ ആചാരങ്ങളെ അതുപോലെ സംരക്ഷിക്കണമെന്ന വാദമൊക്കെ അതിന്റെ ഭാഗമാണ്. ആ ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

 

സമൂഹത്തെ പിന്നോട്ടുവലിക്കാന്‍ ഒരു ഭാഗത്തു നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ കൂടിയാണ് കേരളത്തിലുണ്ടാകുന്ന സ്ത്രീ മുന്നേറ്റങ്ങള്‍. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണങ്ങളുണ്ടാകുമ്പോഴും കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന പ്രത്യേക അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ പുരുഷന്മാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. തലമുറകളായി ശീലിച്ചുവന്ന കാര്യങ്ങളില്‍ നിന്ന് മാറാന്‍ അത്ര എളുപ്പമല്ല. മാറേണ്ടി വരുമ്പോഴുള്ള രോഷവും നിരാശയുമൊക്കെയാണ് ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ നമ്മള്‍ കണ്ടത്. പക്ഷേ, സ്ത്രീകള്‍ മുന്നോട്ടുതന്നെയാണ് പോകുന്നത്. അനീതികള്‍ സഹിക്കാന്‍ തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമാണ് മീടൂ ക്യാമ്പയിന്‍.

 

ശീലങ്ങളും അഭിപ്രായങ്ങളുമെല്ലാം ഉറച്ചു പോയവരെ മാറ്റിയെടുക്കുക എളുപ്പമല്ല. പുതിയ തലമുറ വിവേചനങ്ങളില്ലാതെ, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വളര്‍ന്നുവരണം. പുതിയ തലമുറ അങ്ങനെതന്നെ വളര്‍ന്നു വരുമെന്നാണ് പ്രതീക്ഷ. ശോഭനമായ, സുന്ദരമായ ഒരു ലോകമാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. അതിലേക്കുള്ള ഒരു ചുവടുവെയ്പാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി. ആ വിധിയെ അനുകൂലിച്ച് നിരന്തരം വാദിക്കുകയും അതിന്റെ പേരിൽ തെറിവിളി കേള്‍ക്കുകയും ചെയ്ത സ്ത്രീകളോടും എന്തു ത്യാഗവും സഹിച്ച് പോകാന്‍ തയ്യാറാകുന്നവരോടും അങ്ങേയറ്റത്തെ ബഹുമാനവും കടപ്പാടുമാണുള്ളത്. നമ്മള്‍ പരാജയപ്പെടില്ല.