National News

കോടതി ഇടപെട്ടു : സഞ്ജീവ് ഭട്ടിനെ കാണാൻ അഭിഭാഷകന് അനുമതി

പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തോടെ അദ്ദേഹത്തിന്റെ വക്കീലിന് കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയത്.

Ahammadabad

ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് പതിനാറാം നാൾ സഞ്ജീവ് ഭട്ടിനെ കാണാൻ അഭിഭാഷകന് അനുമതി. പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തോടെയാണ് അദ്ദേഹത്തിന്റെ വക്കീലിന് കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയത്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ഇന്ന് തന്നെ സഞ്ജീവിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ഭാര്യ ശ്വേത ഭട്ട് അറിയിച്ചു.

 

1998ലെ ഒരു മയക്കുമരുന്ന് കേസില്‍ ഒരാളെ കുടുക്കിയെന്ന ആരോപണത്തിന്മേലാണ് സെപ്തംബര്‍ അഞ്ചിന് ഗുജറാത്ത് പൊലീസിന്റെ സി.ഐ.ഡി വിഭാഗം സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തസഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും കഴിഞ്ഞ പതിനാറ് ദിവസമായി അറിവില്ലായിരുന്നു. അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സജ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകനോ ബന്ധുക്കള്‍ക്കോ അനുമതി നല്‍കിയിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ സമൂഹമാധ്യമത്തിൽ തന്റെ ആശങ്ക പങ്കുവച്ചിരുന്നു. സഞ്ജീവ് ഭട്ട് എവിടെയെന്ന് ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. സഞ്ജീവ് ഭട്ടിനെ കാണാൻ അഭിഭാഷകനെപോലും അനുവദിക്കാതെ വന്നതോടെ ഭാര്യ ശ്വേത ഭട്ട് പലന്‍പൂര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

 

അഭിഭാഷകന് സഞ്ജീവ് ഭട്ടിനെ കാണാൻ അനുമതി ലഭിച്ച കാര്യം ശ്വേത സമൂഹമാധ്യമത്തിലാണ് പങ്കുവച്ചത്. സഞ്ജീവ് ഭട്ടിനെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ശക്തരാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഒരുമിച്ച് നിന്നാല്‍ നമ്മളും ശക്തരാണ്. ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുമെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. കള്ളക്കേസില്‍ കുടുക്കി സഞ്ജീവ് ഭട്ടിനെ നിശബ്ദനാക്കാന്‍ ശ്രമിക്കേണ്ടെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.