Kerala News

17 Nov 2018 13:40 PM IST

ശശികലയുടെ അറസ്റ്റ് കലാപശ്രമം നടത്തിയതിന് : കടകംപള്ളി

ശബരിമലയിൽ ക്യാമ്പ് ചെയ്ത് കലാപം നടത്താൻ ശ്രമിച്ചതിനാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി കടകംപള്ളി.

ശബരിമലയില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് കെ.പി.ശശികലയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലാപത്തിന് ഗൂഢാലോചന നടത്തിയ ശശികല സന്നിധാനത്തിലേക്ക് പോകരുതെന്ന് പോലീസ് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതിനാലാണ് ശശികലയെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. നാടാകെ നടന്ന് വിഷം ചീറ്റുന്ന ശശികല ശബരിമലയില്‍ ക്യാമ്പ് ചെയ്ത് ആക്രമണം ആസൂത്രണം ചെയ്ത് ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നതുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്തത്.

 

ശശികലയുടെ അറസ്റ്റിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ഭക്തരോട് യുദ്ധം നടത്തുകയാണെന്ന് കടകംപള്ളി ആരോപിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്ത് സാധാരണ ഗതിയില്‍ ശബരിമലയെയും പത്തനംതിട്ട ജില്ലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. വെളുപ്പാന്‍ കാലത്ത് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയവര്‍ക്ക് ജനങ്ങളോട് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ എന്ന് മന്ത്രി ചോദിച്ചു. തങ്ങളുടെ രാഷ്ട്രീയലാഭത്തിനു വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. കഴിഞ്ഞദിവസം കൊച്ചി വിമാനത്താവളത്തിനു മുന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും നടത്തിയ പൊറാട്ട് നാടകം ജനങ്ങളെ പ്രകോപിപ്പിച്ച് അക്രമം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു.

 

കൊച്ചി വിമാനത്താവളത്തിനു മുന്നില്‍ നടത്തിയ ആക്രമണശ്രമം പരാജയപ്പെട്ടപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്എസ്സും സ്വീകരിച്ച പ്ലാന്‍ ബിയാണ് ശശികലയുടെ നേതൃത്വത്തില്‍ സന്നിധാനത്തില്‍ അക്രമം നടത്താനുള്ള ശ്രമം. ഇനി പ്ലാന്‍ സി അവര്‍ പുറത്തെടുക്കും. ബി.ജെ.പി ഒരു പാര്‍ട്ടിയാണോ എന്ന് മന്ത്രി ചോദിച്ചു. ശബരിമല തീര്‍ത്ഥാടകരുള്‍പ്പെടെയുള്ള ജനങ്ങളെ ബുദ്ധിമുട്ടിലാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും നടത്തുന്നത്.