07 Dec 2018 13:50 PM IST
New Delhi
ശബരിമല മേല്‍നോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരായ നീക്കത്തിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി. സമിതിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നും ഹർജി ഉടൻ പരിഗണിക്കണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം.
ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണയിൽ ഉള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
ഹൈക്കോടതി നടപടി പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുമെന്നാണ് സർക്കാർ വാദം. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നും വേണമെങ്കിൽ സുപ്രീംകോടതിക്ക് സമിതിയെ നിയോഗിക്കാമെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉയർത്തുന്നത്.