Film Review

വിഖ്യാത ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ അന്തരിച്ചു

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ (86) അന്തരിച്ചു.

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. മലയാളിയായ സുദർശൻ അമേരിക്കയിലായിരുന്നു സ്ഥിര താമസം. കോട്ടയം ജില്ലയിലെ പള്ളമാണ് സ്വദേശം. 9 തവണ ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച കണ്ടെത്തലുകളാണ് ഇ.സി.ജി സുദർശന്‍റെ പ്രധാന സംഭാവന.

 

കോട്ടയം സി.എം.എസ് കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടി. ഹാർവാഡ് സർവകലാശാലയിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.

 

1969 മുതൽ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ പ്രഫസർ. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലും ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലും പ്രവർത്തിച്ചിട്ടുണ്ട്. 1976 ൽ പത്മഭൂഷണും 2007 ൽ പത്മവിഭൂഷണും നൽകി രാഷ്ട്രം ആദരിച്ചു.1970 ൽ സി.വി.രാമൻ പുരസ്‌കാരത്തിന് അർഹനായി.