National News

08 Dec 2018 15:20 PM IST

രാജസ്ഥാനിൽ റോഡരികിൽ വോട്ടിങ് മെഷീൻ; അറിയാതെ വീണുപോയതെന്ന് കമ്മീഷൻ

രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേയിലാണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തിയത്.

Jaipur

രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേയിലാണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തിയത്. എന്നാൽ മെഷീനുകൾ അറിയാതെ വീണുപോയതാകാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മറുപടി.

 

ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്. റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നീട് പോലീസെത്തി യന്ത്രങ്ങൾ എടുത്തുകൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

 

സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അനാസ്ഥ ആരോപിച്ചാണ് സസ്‌പെൻഷൻ. ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുപോകും വഴി ട്രക്കില്‍ നിന്നും താഴെ വീണതാവാമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. വോട്ടെടുപ്പു ദിവസം റിസര്‍വ് മെഷീനുമായി ബി ജെ പി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ പോയെന്ന ആരോപണത്തെ തുടര്‍ന്ന് പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

 

വോട്ടിങ് മെഷീനില്‍ വലിയ തിരിമറി നടത്താന്‍ സാധ്യതയുണ്ടെന്നും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.