News

29 Nov 2018 14:00 PM IST

മുതിർന്ന പത്രപ്രവർത്തകൻ കെ.യു.വാര്യർ അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകൻ കെ.യു.വാര്യർ (90) അന്തരിച്ചു.

മുതിർന്ന പത്രപ്രവർത്തകൻ കെ.യു.വാര്യർ (90) അന്തരിച്ചു. ചെർപ്പുളശ്ശേരിയിലെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ. ഭാര്യ അമ്മു. രണ്ടു മക്കൾ. സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ കോഴിക്കോട് എഡിഷന്റെയും സൈദ്ധാന്തിക വാരികയായ നവയുഗത്തിന്റെയും എഡിറ്ററായിരുന്നു.

 

ലോക മാർക്സിസ്റ്റ് റിവ്യൂവിന്റെ അസി.എഡിറ്ററായും ജനയുഗം ഡൽഹി ലേഖകൻ, ദേശാഭിമാനി, ന്യൂ ഏജ്, മെയിൻസ്ട്രീം, ശങ്കേഴ്സ് വീക്ക്ലി എന്നിവയുടെ എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള കെ.യു വാര്യർ, നൂർമുഹമ്മദ് തരാക്കിയുടെയും ഹബീബുള്ളയുടെയും നേതൃത്വത്തിൽ അഫ്‌ഗാനിസ്ഥാനിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനിന്ന കാലത്ത് കാബൂൾ ടൈംസിന്റെ പത്രാധിപസമിതിയിലും പ്രവർത്തിച്ചു. ഇന്ത്യ പ്രസ് ഏജൻസിയുടെ കേരള ബ്യൂറോ ചീഫായിരുന്നു.

 

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പത്രപ്രവർത്തനം ആരംഭിച്ച കെ.യു വാര്യർ അവസാനം വരെ സി.പി.ഐ അംഗമായി തുടർന്നു. 26-മത്തെ വയസ്സിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പി.ടി ഭാസ്കരപ്പണിക്കർ പ്രസിഡന്റായ ഡിസ്ട്രിക്റ്റ് ബോർഡ് ഭരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള ജനാധിപത്യസമിതിയുടെ സെക്രട്ടറി വാര്യരായിരുന്നു