08 Nov 2018 14:25 PM IST
അലാഹബാദിന്റെ പേര് പ്രയാഗരാജ് എന്നും ഫൈസബാദിന്റെ പേര് അയോധ്യയെന്നും മാറ്റാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതിന് പുറകേ ഔറംഗബാദിൻറെയും ഒസ്മാനബാദിന്റെയുംപേര് മാറ്റണമെന്ന് ശിവസേന മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഔറംഗബാദിൻറെ പേര് സംഭാജി നഗർ എന്നും ഒസ്മാനബാദിന്റെ പേര് ധാരാശിവ് നഗർ എന്നും മാറ്റണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാണ് മഹാരാഷ്ട്രസർക്കാർ ഈ നഗരങ്ങളുടെ പേര് മാറ്റുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം എം.പി ട്വിറ്ററിലൂടെ ചോദിച്ചു.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് നഗരങ്ങളുടെ പേര് മാറ്റിയതോടെ മഹാരാഷ്ട്രയിൽ മാത്രമല്ല, മറ്റു സംസ്ഥനങ്ങളിലും സമാനമായ പേര് മാറ്റങ്ങൾക്കുവേണ്ടി ഹിന്ദു വർഗ്ഗീയവാദികൾ മുറവിളി ആരംഭിച്ചിട്ടുണ്ട്. അഹമ്മദാബാദിന്റെ പേര് കർണാവതി എന്ന് മാറ്റുന്നതിന്റെ നിയമപരമായ വശങ്ങൾ ആലോചിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. മുസ്ലീം പേരുകളുള്ള നഗരങ്ങളുടെയെല്ലാം പേര് മാറ്റണമെന്നതാണ് സംഘപരിവാർ സംഘടനകളുടെയും മറ്റു ഹിന്ദു വർഗ്ഗീയവാദികളുടെയും ആവശ്യം.