Film

20 Oct 2018 03:00 AM IST

എംജി സർവലാശാലയുടെ രണ്ടാമത്തെ സിനിമ \'ട്രിപ്പി\'ന്റെ ചിത്രീകരണം തുടങ്ങി

മുഴുനീള സിനിമ നിർമിച്ച രാജ്യത്തെ ആദ്യ സർവലാശാലയെന്ന ഖ്യാതി നേടിയ മഹാത്മാ ഗാന്ധി സർവകലാശാലയുടെ രണ്ടാമത്തെ ചലച്ചിത്രം 'ട്രിപ്പ്' ലഹരിക്കെതിരേയുള്ള പ്രചാരണത്തിന്.

മുഴുനീള സിനിമ നിർമിച്ച രാജ്യത്തെ ആദ്യ സർവലാശാലയെന്ന ഖ്യാതി നേടിയ മഹാത്മാ ഗാന്ധി സർവകലാശാലയുടെ രണ്ടാമത്തെ ചലച്ചിത്രം 'ട്രിപ്പ്' ലഹരിക്കെതിരേയുള്ള പ്രചാരണത്തിന്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ലഹരിമുക്ത ഭാരതമെന്ന ആശയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല 'ട്രിപ്പ്' നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം കോട്ടയത്ത് തുടങ്ങി. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് സ്വിച്ച്ഓൺ നിർവഹിച്ചു. ചിത്രീകരണത്തിനു തുടക്കം കുറിച്ച് നടനും ചലച്ചിത്രനിർമാതാവുമായ പ്രേംപ്രകാശ് ക്ലാപ്പടിച്ചു.

 

അൻവർ അബ്ദുള്ളയും എം.ആർ. ഉണ്ണിയുമാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന് ജാസി ഗിഫ്റ്റിന്റേതാണ് സംഗീതം. അൻവർ അബ്ദുള്ളയുടേതാണ് തിരക്കഥ. എ. മുഹമ്മദ് ഛായാഗ്രഹണവും റഫീഖ് അഹമ്മദ്, ഒ.വി. ഉഷ, കെ. ജയകുമാർ, അൻവർ അബ്ദുള്ള എന്നിവർ ഗാനരചനയും നിർവഹിക്കുന്നു.

 

ഇന്ദ്രൻസ്, കെ.ടി.സി. അബ്ദുള്ള, പുതുമുഖങ്ങളായ ആര്യ രമേശ്, കല്ല്യാൺ ഖന്ന, റജിൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തും. മിറ്റ ആന്റണി മേയ്ക്കപ്പും ജയരാജ് ഷൊർണൂർ വസ്ത്രാലങ്കാരവും അനീഷ് ഗോപാൽ കലാസംവിധാനവും റിഞ്ജു എഡിറ്റിങും നവാസ് അലി സഹസംവിധാനവും നിർവഹിക്കുന്നു. താനൂർ, കണ്ണൂർ, പയ്യോളി, ചെറായി, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. സർവകലാശാലയുടെ ജൈവം പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രം നിർമിക്കുന്നത്. സർവകലാശാല നിർമിച്ച ആദ്യ ചലച്ചിത്രം 'സമക്ഷം' അടുത്തമാസം തീയേറ്ററുകളിലെത്തും.