Global News

വലിയ പദവികളില്‍ ചെറിയ മനുഷ്യര്‍ : ഇമ്രാന്‍ ഖാന്‍

ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച വേണ്ടെന്നു വച്ച ഇന്ത്യയുടെ നിലപാടിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിശിതമായി വിമര്‍ശിച്ചു.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച വേണ്ടെന്നു വച്ച ഇന്ത്യയുടെ നിലപാടിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയുടെ സമീപനം ധാര്‍ഷ്ട്യം നിറഞ്ഞതും നിഷേധാത്മകവുമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വലിയ പദവികളില്‍ അര്‍ഹതയില്ലാത്ത ചെറിയ മനുഷ്യര്‍ ഇരിക്കുന്നത് താന്‍ എപ്പോഴും കാണാറുണ്ടെന്ന് പറഞ്ഞ ഇമ്രാന്‍ അവര്‍ക്ക് വിശാലമായ തലത്തില്‍ കാര്യങ്ങള്‍ കാണാനുള്ള ശേഷിയുണ്ടാകാറില്ലെന്ന് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണനേതൃത്വത്തെയാണ് ഇമ്രാന്‍ ഈ പരിഹാസത്തിലൂടെ ഉന്നംവെച്ചത്. ട്വിറ്ററിലൂടെയായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനം.


ഇന്ത്യന്‍ സുരക്ഷാഭടന്മാരെ കാശ്മീരില്‍ കഴിഞ്ഞ ദിവസം ക്രൂരമായി കൊലപ്പെടുത്തിയതും ഇന്ത്യന്‍ സൈന്യം 2016 ല്‍ വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന തപാല്‍ സ്റ്റാമ്പ് പാകിസ്ഥാന്‍ പുറത്തിറക്കിയതുമാണ് ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറാന്‍ കാരണമെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഒരര്‍ത്ഥവുമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരിച്ചത്.