Kerala News

05 Nov 2018 17:00 PM IST

ശ്രീധരന്‍പിള്ളയും തന്ത്രിയും കുടുങ്ങും

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം പുറത്തായതോടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പരിഭ്രാന്തിയിലായി.

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം പുറത്തായതോടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പരിഭ്രാന്തിയിലായി. ബി.ജെ.പിക്ക് വീണുകിട്ടിയ സുവര്‍ണ്ണാവസരമാണ് ശബരിമലയിലെ സുപ്രീം കോടതി വിധിയെന്നും തങ്ങളുടെ അജൻഡയില്‍ ഓരോരുത്തരായി വന്നുവീണതാണെന്നും ശ്രീധരന്‍പിള്ള പറയുന്നത് പ്രസംഗത്തിന്റെ വീഡിയോ/ഓഡിയോ രേഖകളിലുണ്ട്. സ്ത്രീകള്‍ വരികയാണെങ്കില്‍ നട അടച്ച് പുറത്തിറങ്ങുമെന്ന് തന്ത്രി രാജീവരര് കണ്ഠരര് പറഞ്ഞത് ബി.ജെ.പിയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണെന്നും ശ്രീധരന്‍പിള്ള പറയുന്നു. നട പൂട്ടി ഇറങ്ങിയാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന സംശയം തന്ത്രി ചോദിച്ചെന്നും ഒപ്പം പതിനായിരക്കണക്കിനാളുകള്‍ ഉണ്ടാകുമെന്ന് താന്‍ മറുപടി പറഞ്ഞെന്നും ശ്രീധരന്‍പിള്ള അവകാശപ്പെടുന്നുണ്ട്.

 

ശബരിമലയില്‍ ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സുരക്ഷയൊരുക്കി കൊണ്ടുവന്ന രണ്ടു സ്ത്രീകളെ തടഞ്ഞത് ഭക്തരല്ലെന്നും തന്റെ നിര്‍ദ്ദേശപ്രകാരം യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്നും ശ്രീധരന്‍പിള്ള വെളിപ്പെടുത്തി. സംഘപിവാര്‍ നടത്തുന്ന സമരം ദുഷ്ടലാക്കോടെ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ആക്രമണമാണെന്ന ഇടതുമുന്നണിയുടെ വിമര്‍ശനം പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം. ശ്രീധരൻപിള്ളയുടെ പ്രസംഗം സംഘ്പരിവാറിനെ തുറന്നുകാട്ടാൻവേണ്ടി ഇടതുമുന്നണി ഉപയോഗിക്കും എന്ന് വ്യക്തം. പിടിച്ചുനില്‍ക്കാന്‍ ന്യായവാദങ്ങളൊമന്നുമില്ലാതെ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ഇന്ന് ബി.ജെ.പി നേതാക്കള്‍. പ്രകടമായും ഉത്കണ്ഠാകുലനായി കാണപ്പെട്ട ശ്രീധരന്‍പിള്ള, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പരസ്പര ബന്ധമില്ലാത്ത രീതിയിലാണ് പ്രതികരിച്ചത്.


രാഷ്ട്രീയമായി നില്ക്കക്കള്ളിയില്ലാതായതോടൊപ്പം ശക്തമായ നിയമനടപടികളെയും ശ്രീധരന്‍ പിള്ളയും തന്ത്രിയും മറ്റു ബി.ജെ.പി-യുവമോര്‍ച്ച നേതാക്കളും നേരിടേണ്ടി വരും. ഒക്‌ടോബര്‍ 17 മുതല്‍ 5 ദിവസം ശബരിമലയില്‍ നടന്ന അക്രമങ്ങളിലും പിന്നീട് പത്തനംതിട്ടയിലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിലും പങ്കെടുത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേസുകള്‍ നേരിടാനാവാതെ വലയുകയാണ്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി അക്രമം നടത്താന്‍ തുനിഞ്ഞു വന്നവരും താല്ക്കാലികമായ ആവേശത്തിന് എടുത്തുചാടിയവരും കൂട്ടത്തിലുണ്ട്. പോലീസ് കേസുകളും ശക്തമായ നിയമനടപടികളും നേരിടേണ്ടി വന്നവരെ സംരക്ഷിക്കാന്‍ ബി.ജെ.പി തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്. പോലീസ് കൃത്യമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമായതോടെ സ്ഥിരം ക്രിമിനല്‍ കേസ് പ്രതികളും ക്രിമിനല്‍ വാസനയുള്ളവരും ഒഴികെയുള്ളവര്‍ പിന്‍വാങ്ങിയിട്ടുണ്ട്.


സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതരും സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്നും കോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പോലീസിനെ തടയുന്നത് നിയമം നടപ്പാക്കുന്നതിനെ തടയലാണെന്നും സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍  ലെഫ്റ്റ്ക്ലിക്ന്യൂസിനോട് പറഞ്ഞു. ശ്രീധരന്‍പിള്ളയുടെയും ശബരിമല തന്ത്രിയുടെയും പേരില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ടതാണെന്ന് രശ്മിത അഭിപ്രായപ്പെട്ടു. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുക തുടങ്ങി ഗുരുതരമായ വകുപ്പുകളില്‍ ശ്രീധരന്‍പിള്ളയ്ക്ക് എതിരേ കേസെടുക്കണമെന്ന് പറഞ്ഞ രശ്മിത, ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കോടതി കര്‍ശമനമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.