Kerala News

07 Nov 2018 10:40 AM IST

Reporter-Leftclicknews

ശബരിമല : ആർഎസ്എസ്സുകാർക്കെതിരെ കർശന നടപടി

നവംബർ 5 നും 6 നും ശബരിമല സന്നിധാനത്ത് അതിക്രമം കാണിച്ച ആർ.എസ്.എസ്സുകാരെ കൃത്യമായി കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കും.

നവംബർ 5 നും 6 നും ശബരിമല സന്നിധാനത്ത് അതിക്രമം കാണിച്ച ആർ.എസ്.എസ്സുകാരെ കൃത്യമായി കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കും. കലാപം അഴിച്ചുവിടാൻ ശ്രമം നടത്തിയതിനും കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതിനും ഉൾപ്പെടെ പ്രസക്തമായ വകുപ്പുകൾ ചുമത്തി അക്രമത്തിൽ പങ്കെടുത്ത എല്ലാവർക്കും എതിരേ കേസെടുക്കും. ഒക്ടോബർ 17 മുതലുള്ള 5 ദിവസങ്ങളിൽ ശബരിമലയിൽ അതിക്രമം നടത്തിയവർക്കെതിരേ പുറപ്പെടുവിച്ചതുപോലെ ലുക്കൗട്ട് നോട്ടീസുകൾ കഴിഞ്ഞ ദിവസം അക്രമം നടത്തിയവർക്ക് എതിരേയും പുറപ്പെടുവിക്കും. ഗൂഢാലോചനയ്ക്കും അക്രമങ്ങൾക്കും നേതൃത്യം നല്കിയതിന് വത്സൻ തില്ലങ്കേരിയുടെ പേരിൽ കേസെടുക്കും.

 

ഒക്ടോബർ 17 മുതൽ 21 വരെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അക്രമം നടത്തിയതിന് കേസുകൾ നേരിടുന്നവരിൽ വളരെ കുറച്ചു പേർ മാത്രമാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ പങ്കെടുത്തത്. കേസുകളും അറസ്റ്റുമൊക്കെ നേരിടേണ്ടിവന്നതോടെ ബി.ജെ.പിയുടെ പ്രവർത്തകർ മിക്കവരും പിൻമാറിയിട്ടുണ്ട്. രാഹുൽ ഈശ്വർ കൊണ്ടുവന്ന അക്രമികളും മറ്റു സാമൂഹ്യവിരുദ്ധരും ഭയന്നു പിന്മാറിക്കഴിഞ്ഞു. അക്രമങ്ങൾ നടത്തുന്നതിന് ആർ.എസ് എസ്സിന്റെ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ് കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് അക്രമം നടത്തിയത്.

 

പി എസ് ശ്രീധരൻപിള്ളയ്ക്ക് എതിരെ നിരവധി കേസുകൾ കോടതികളുടെ മുന്നിലുണ്ട്. കോടതി നിർദ്ദേശപ്രകാരം ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുക്കാനാണ് പോലീസ് കാത്തിരിക്കുന്നത്. കേസുകളുമായി കൃത്യമായി മുന്നോട്ടു പോകുന്നതോടെ ബി.ജെ.പി പ്രതിഷേധം ദുർബ്ബലമാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ആർ.എസ്.എസ് അക്രമത്തെ നേരിടാനുള്ള പദ്ധതികൾ തയാറാക്കുന്നതിലാണ് പോലീസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊടുംക്രിമിനൽ പശ്ചാത്തലമുള്ള ആർ.എസ്. എസ് പ്രവർത്തകരെ മുൻകരുതൽ എന്ന നിലയിൽ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.


Reporter-Leftclicknews