Kerala News

04 Nov 2018 10:00 AM IST

സ്ത്രീകൾ കയറണമെന്നും കയറരുതെന്നും സുഗതകുമാരി

ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇവിടെ ശത്രുക്കളെയും മിത്രങ്ങളെയും കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ നഖശിഖാന്തം എതിർത്തിരുന്ന സുഗതകുമാരി സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പ്രസംഗിച്ചതായി കഴിഞ്ഞ ദിവസം ചില പത്രങ്ങളിൽ വാർത്ത വന്നു. കൊടും യാഥാസ്ഥിതികർക്കും മനംമാറ്റമുണ്ടാകാം എന്നതിനാൽ വാർത്ത വായിച്ചവരിൽ സുഗതകുമാരിയെ അറിയാവുന്നവരും അത് വിശ്വസിച്ചിട്ടുണ്ടാകും. വൈകുന്നേരമാകും മുമ്പ് സുഗതകുമാരിയുടെ. നിഷേധമെന്നോ തിരുത്തെന്നോ പറയാനാവാത്തതും എന്നാൽ അങ്ങനെ കരുതണമെന്നുള്ളവർക്ക് അങ്ങനെ കരുതാവുന്നതുമായ കുറിപ്പ് വന്നു. തന്റെ അഭിപ്രായത്തെക്കുറിച്ച് ഭിന്നമായ വാർത്തകൾ വന്നതിൽ ഖേദമുണ്ടെന്നും ശബരിമലയിൽ ചോര വീഴരുതെന്നും പരിപാവനമായ ആ സന്നിധിയെ ഭക്തിപൂർവ്വം സംരക്ഷിക്കണം എന്നും പറയുന്ന കുറിപ്പിൽ സുപ്രീം കോടതി വിധിയെ നിസ്സാരമായി അവഗണിക്കാനാവില്ലെന്നും ചർച്ച നടത്തി സമവായം ഉണ്ടാക്കണമെന്നും പറയുന്നു.

 

സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം എന്താണെന്നോ, അതു നടപ്പാക്കേണ്ടതാണെന്നോ സുഗതകുമാരി പറയുന്നില്ല. ശബരിമലയിൽ ചോരപ്പുഴ ഒഴുക്കാൻ ശ്രമിക്കുന്ന സംഘപരിവാർ സംഘടനകളെക്കുറിച്ച് ഒരു ചെറിയ വിമർശനം പോലും കുറിപ്പിലില്ല. ആർ.എസ്.എസ് സാംസ്കാരിക സംഘടനയാണെന്ന് സർട്ടിഫിക്കറ്റ് കൊടുത്ത എഴുത്തുകാരിയിൽനിന്ന് സംഘപരിവാറിനെ വിമർശിച്ച് ഒരു വാക്കെങ്കിലും പ്രതീക്ഷിക്കാനാവില്ലല്ലോ. വൈകുന്നേരം ഒരു ചാനലിൽ ചർച്ചയിൽ പങ്കെടുത്ത സുഗതകുമാരി അവരുടെ തനിനിറം വ്യക്തമാക്കി. ശബരിമലയിൽ ചോരപ്പുഴ ഒഴുക്കരുതെന്ന് ആവർത്തിച്ച അവർ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് സംരക്ഷിക്കേണ്ട സ്ഥലമല്ല ശബരിമല എന്ന് ഉറപ്പിച്ചു പറഞ്ഞു.

 

നിഷ്കളങ്കമായ അഭിപ്രായപ്രകടനമെന്ന് നിഷ്കളങ്കർ തെറ്റിദ്ധരിക്കാവുന്ന ഒരു പ്രയോഗമാണ് ഈ പോലീസ് പട്ടാള ആശങ്ക. പക്ഷേ, ഒട്ടും നിഷ്കളങ്കമല്ല ആ ആശങ്ക. പോലീസും പട്ടാളവുമാണ് ശബരിമലയിൽ ചോരപ്പുഴയൊഴുക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കാനാണ് അവർ ആദ്യാവസാനം ശ്രമിക്കുന്നത്. ശബരിമലയിൽ പോലീസ് സംരക്ഷണം ആവശ്യമാക്കിയ അക്രമികളെ വെള്ള പൂശുകയാണ് സുഗതകുമാരി. ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ട് ഹൈന്ദവ ഫാഷിസ്റ്റുകൾ കേരളത്തിലെ തെരുവുകളെ കൊലക്കളമാക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പറയാത്ത സുഗതകുമാരി താൻ ആരോടൊപ്പമാണെന്ന് സംശയലേശമില്ലാതെ വ്യക്തമാക്കുകയായിരുന്നു.

 

സഹജമായ കടുത്ത യാഥാസ്ഥിതികത്വത്തോടൊപ്പം കേന്ദ്രത്തിലും കേരളത്തിലും വ്യത്യസ്ത പാർട്ടികൾ ഭരിക്കുന്നു എന്ന പ്രശ്നവും സുഗതകുമാരിയെ ഈ അഭ്യാസത്തിന് പ്രേരിപ്പിച്ച ഘടകമാണ്. സാധാരണഗതിയിൽ അന്നന്ന് ഭരിക്കുന്ന പാർട്ടിയുടെ ഇഷ്ടക്കാരിയായി നിൽക്കുന്ന അവർ കോടതിവിധി വന്നതിനുശേഷം ഈ പ്രശ്നത്തിൽ പരസ്യനിലപാടെടുത്തിരുന്നില്ല. വിധി വരുന്നതിനൊക്കെ മുമ്പ്, ഒരു സ്ത്രീപോലും ശബരിമലയിൽ പോകാൻ പാടില്ല എന്ന് രോഷാകുലയായി പറഞ്ഞ സുഗതകുമാരി വിധി വന്നതിനുശേഷം നിശ്ശബ്ദയായിരുന്നു. സംഘ്പരിവാറിനെയും ഇടതുപക്ഷത്തെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന, നിലപാട് സ്വീകരിക്കാനുള്ള ബദ്ധപ്പാട് കൊണ്ടാകും പ്രതികരണത്തിന് ഇത്ര കാലതാമസമുണ്ടായത്.

 

മുമ്പ് മുത്തങ്ങയിൽ പോലീസ് വെടിവയ്പുണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞത്, സാംസ്കാരികനായകർ ആവശ്യപ്പെട്ടിട്ടാണ് താൻ പോലീസ് നടപടിക്ക് മുതിർന്നതെന്നാണ്. അത് തെളിയിക്കാൻ കുറേ സാംസ്കാരികനായകർ ഒപ്പിട്ട ഒരു കടലാസെടുത്ത് കാണിക്കുകയുമുണ്ടായി. സുഗതകുമാരി കൊണ്ടുവന്ന ഒരു കടലാസിൽ ഒപ്പിട്ടുകൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നായിരുന്നു സാംസ്കാരികനായകരോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് വിളപ്പിൽശാലയിൽ ചവറുസംസ്കരണകേന്ദ്രത്തിനെതിരെ നിരാഹാരസമരം നടത്തിയ പഞ്ചായത്ത് പ്രസിഡന്റായ സ്ത്രീയെ ബലം പ്രയോഗിച്ച് വെള്ളം കുടിപ്പിച്ച് നിരാഹാരം അവസാനിപ്പിക്കാൻ സുഗതകുമാരി ശ്രമിച്ചതും അവർ വിസമ്മതിച്ചതും മറക്കാറായിട്ടില്ല. അന്ന് ചുറ്റും കൂടിയവർ കൂവിവിളിച്ചത് പാഠമായി ഉൾക്കൊള്ളാൻ സുഗതകുമാരി തയ്യാറായിരുന്നെങ്കിൽ വീണ്ടും ഫാഷിസ്റ്റുകളുടെ ദല്ലാൾപണി ചെയ്യാൻ അവർ മുന്നോട്ടുവരില്ലായിരുന്നു.

 

അതിപ്രധാനമായ ഒരു ചരിത്ര സന്ദർഭമാണിത്. ആധുനിക കേരളം ആർജ്ജിച്ച സകല പുരോഗമന മൂല്യങ്ങളെയും അട്ടിമറിക്കാൻ സംഘപരിവാറും സമാനഹൃദയരായ മറ്റു സാമൂഹ്യവിരുദ്ധരും നടത്തുന്ന ശ്രമങ്ങൾക്ക് എതിരെ സാമൂഹ്യബോധമുള്ള എല്ലാ മലയാളികളും ഒന്നിച്ചുനിന്ന് പൊരുതേണ്ട സന്ദർഭം. ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇവിടെ ശത്രുക്കളെയും മിത്രങ്ങളെയും കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ശത്രുവിനെ തിരിച്ചറിയാൻ എളുപ്പമാണ്. അതേ സമയം ആദർശത്തിന്റെ പൊയ്‌മുഖമണിഞ്ഞ് സാരോപദേശങ്ങളുമായെത്തുന്ന, ശത്രുവിന്റെ ദല്ലാൾമാരെ തിരിച്ചറിയാനാണ് പ്രയാസം. വർഗ്ഗീയ ഫാഷിസത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന ഓരോ വാക്കും ഓരോ പ്രവൃത്തിയും തുറന്നുകാട്ടപ്പെടുകയും എതിർക്കപ്പെടുകയും വേണം. ഈ സമരത്തിൽ സുഗതകുമാരി മറുഭാഗത്താണെന്ന് മതനിരപേക്ഷതയ്ക്കും ഭരണഘടനയുടെ സംരക്ഷണത്തിനുംവേണ്ടി നിലകൊള്ളുന്ന എല്ലാവരും തിരിച്ചറിയണം.