editorial

09 Oct 2018 21:30 PM IST

TKV

ശബരിമല : മുഖ്യമന്ത്രിയോടൊപ്പം നില്ക്കുക

നീണ്ട കാലത്തെ സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ ആർജ്ജിച്ച നേട്ടങ്ങൾ ഇല്ലാതാക്കാന്നും ഇരുണ്ട ഭൂതകാലത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനും സംഘടിതമായ പരിശ്രമങ്ങൾ ശക്തിപ്പെടുന്ന ഈ ദിവസങ്ങളിൽ നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

കൃസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ, ജാതിവിരുദ്ധ-നവോത്ഥാന പ്രസ്ഥാനങ്ങൾ, ബഹുജന -തൊഴിലാളി പ്രസ്ഥാനങ്ങൾ തുടങ്ങി നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപം കൊണ്ടത്. കാർഷിക- വ്യാവസായിക ഉല്പാദനത്തിൽ പിന്നിൽ നില്ക്കുന്ന ജനസാന്ദ്രതയേറിയ ഈ ചെറിയ സംസ്ഥാനം രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യതിരിക്തമായതിന് ഇങ്ങനെ വ്യക്തമായ ചരിത്രപരമായ കാരണങ്ങളുണ്ട്. മികച്ച സ്ത്രീ-പുരുഷ അനുപാതവും ഉയർന്ന സ്ത്രീ സാക്ഷരതയും ഉൾപ്പെടെയുള്ള സാമൂഹ്യസൂചകങ്ങളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ കേരളത്തിനു കഴിയുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ഈ ചരിത്ര പശ്ചാത്തലം അറിയണം. നീണ്ട കാലത്തെ സാമൂഹ്യ മുന്നേറ്റങ്ങളിലൂടെ ആർജ്ജിച്ച നേട്ടങ്ങൾ ഇല്ലാതാക്കാന്നും ഇരുണ്ട ഭൂതകാലത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനും സംഘടിതമായ പരിശ്രമങ്ങൾ ശക്തിപ്പെടുന്ന ഈ ദിവസങ്ങളിൽ നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

 

ശബരിമലയിൽ 10 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകൾ പോകുന്നതിനുള്ള വിലക്ക് സുപ്രീംകോടതി എടുത്തു കളഞ്ഞതാണ് യാഥാസ്ഥിതികശക്തികൾക്ക് പുതിയ ഊർജ്ജം പകർന്നിരിക്കുന്നത്. കേരളത്തിൽ കടന്നു കയറാനുള്ള എല്ലാ മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ട സംഘപരിവാർശക്തികൾ ഇതൊരു അവസരമായിക്കണ്ട് രക്തദാഹത്തോടെ രംഗത്ത് സജീവമാണ്. നവോത്ഥാന പ്രസ്ഥാനം മുതൽക്കുള്ള സമൂഹ്യമുന്നേറ്റങ്ങളുടെ ഫലമായി മേൽക്കോയ്മ നഷ്ടപ്പെട്ട വിഭാഗങ്ങളിലെ മെയ്യനങ്ങാൻ തയ്യാറാകാത്ത അസംതൃപ്തരെ രാജാപ്പാർട്ട് വേഷം കെട്ടിച്ച് മുമ്പിൽനിറുത്തിയാണ് സംഘപരിവാർ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചും വിശ്വാസഭ്രാന്ത് ഇളക്കിവിട്ടും കുറെയേറെ പാവങ്ങളെ തെരുവിലിറക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ജാതി മതശക്തികളുടെ മുന്നിൽ കുമ്പിട്ടുനിന്നു മാത്രം ശീലമുള്ള കോൺഗ്രസും യുഡിഎഫും ഈ അപകടക്കളിയിൽ സംഘപരിവാറിന് കൂട്ടായിട്ടുണ്ട്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രാഥമിക തത്വങ്ങൾപോലും ബലി കഴിച്ചുകൊണ്ടാണ് ശബരിമലയുടെ പേരിൽ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും എതിരായ ഈ കടന്നാക്രമണം. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വിഷജന്തുക്കളെപ്പോലെ അകറ്റിനിർത്തേണ്ടവരെ ഒന്നിച്ചുകാണാണമെങ്കിൽ ശബരിമലയുടെ പേരിൽ നടക്കുന്ന തെരുവ് പ്രകടനങ്ങളുടെ മുൻനിരയിലേക്ക് നോക്കിയാൽമതി.

 

വിശ്വാസികളാണ് ജനതയിൽ ഭൂരിപക്ഷമെന്നും അവർ ഒറ്റക്കെട്ടായി കോടതിവിധിക്കെതിരെ തെരുവിലുണ്ടെന്നും വോട്ടുബാങ്കുകൾ കൈവശമുള്ള എല്ലാ സാമുദായികശക്തികളും ഒന്നിച്ച് ഈ നീക്കത്തോടൊപ്പമാണെന്നുമാണ് പ്രചാരണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരള സർക്കാരിനെ സമ്മർദ്ദത്തിലാക്കി വരുതിക്ക് നിറുത്തി വിജയം ആഘോഷിക്കാമെന്നാണ് ശ്രീധരൻപിള്ള മുതൽ സുകുമാരൻനായരും അക്കീരമൺ കാളിദാസനും വരെയുള്ള രാഷ്ട്രീയ സാമൂഹിക 'നേതാക്കൾ' സ്വപ്നം കണ്ടത്. എന്നാൽ, 10 വോട്ടു മറിയുമെന്ന ഭയത്തിൽ സുപ്രീം കോടതി ഭരണഘടനാബഞ്ചിനു മുന്നിൽ റിവ്യൂ ഹർജി എന്ന അസംബന്ധവുമായി ചെന്നുനിൽക്കാൻ കേരള സർക്കാർ തയ്യാറായില്ല. സ്ത്രീകളുടെ ആരാധാനാസ്വാതന്ത്ര്യത്തിന് വിലക്ക് പാടില്ല എന്ന സുപ്രീം കോടതി വിധിയെ എന്തുകൊണ്ട് കേരള സർക്കാർ അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി പറയുകയുണ്ടായി. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഏതു ആചാരവും പിന്തുടരാനും എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. പക്ഷേ, വിശ്വാസവും ആചാരവും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാകാൻ പാടില്ല. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനം എന്ന നിലയിലാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിലക്ക് സുപ്രീം കോടതി റദ്ദ് ചെയ്തത്. കേരള സർക്കാർ സുപ്രീംകോടതിവിധിയൊടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.

 

ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ബാധ്യത ഉയർത്തിപ്പിടിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്തത്. ഇക്കാര്യത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ കേരള സർക്കാരിനുണ്ടാകണം. സമുദായാംഗങ്ങളുടെ വോട്ടു തങ്ങളുടെ കയ്യിലാണെന്നു കാട്ടി ബ്ളാക്മെയിൽ രാഷ്ട്രീയം കളിക്കുന്ന ജാതിസംഘടനകളുടെ താളത്തിന് തുള്ളാൻ കേരള മുഖ്യമന്ത്രി തയ്യാറായില്ല എന്നത് ഈ ചരിത്രസന്ദർഭത്തിൽ പ്രധാനമാണ്. മറ്റു മതവിശ്വാസികളുടെ ആരാധനാലയങ്ങൾ ഇടിച്ചുനിരത്തുകയും അന്യമതവിശ്വാസികളെ വംശഹത്യ ചെയ്യുകയും ഭരണഘടന ചവിട്ടിത്തേയ്ക്കുകയും ചെയ്യുന്ന ഹിന്ദുവർഗ്ഗീയവാദികളാണ്‌ ആചാരസംരക്ഷകരായി കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചെന്നായ്ക്കൂട്ടങ്ങളെ ആട്ടിയോടിക്കാനുള്ള ഉത്തരവാദിത്വം കേരള ജനത ഒന്നായി ഏറ്റെടുക്കണം. സംസ്ഥാനത്തിന്റെ സാമൂഹ്യജീവിതം കലുഷമാക്കി വർഗ്ഗീയകലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധശക്തികളെ, ഭരണഘടനയെ ഉയർത്തിപ്പിടിച്ചുകൊണ്ട് നേരിടുന്ന മുഖ്യമന്ത്രിക്ക് കരുത്തു പകരുകയാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന എല്ലാവരുടെയും കടമ.