Open Space

29 Sep 2018 23:40 PM IST

സങ്കല്പമാളികകൾ തകരട്ടെ

ഭർത്താവ് ഭാര്യയുടെ യജമാനൻ അല്ലെന്നും, സ്ത്രീയുടെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നുമുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി കുടുംബ സങ്കല്പങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. 157 വർഷം മുൻപ് നിലവിൽ വന്ന ഐ.പി.സി 497 റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ എഴുത്തുകാരിയും അധ്യാപികയുമായ സംഗീത ജയ വിലയിരുത്തുന്നു.

സ്ത്രീയുടെ ചാരിത്ര്യവും പാതിവ്രത്യവും നെടുംതൂണുകളാക്കി കെട്ടിപ്പൊക്കിയ കുടുംബം എന്ന സങ്കല്പമാളികയുടെ അടിത്തറ ഇളകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഫെമിനിസം എന്ന ആശയത്തിന്റെ വ്യാപനത്തോടു കൂടി കുടുംബം തകർന്നു, മൂല്യങ്ങൾ ഇല്ലാതായി എന്നും മറ്റുമുള്ള പാട്രിയാർക്കൽ നിലവിളികൾ ഈയൊരു ഭയത്തെ സ്ഥിരീകരിക്കുന്നുമുണ്ട്. ഇതിനിടയിൽ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവർക്ക് യാതൊരു സ്വീകാര്യതയും ഉണ്ടായിരുന്നില്ല. കുടുംബം എന്ന സ്ഥാപനത്തിന്റെ സാംഗത്യം ചോദ്യം ചെയ്യുന്നവരെല്ലാം സമൂഹത്തിൽ അരാജകവാദം പ്രചരിപ്പിക്കുന്നവരായി മാറ്റിനിർത്തപ്പെട്ടു.

 

സമൂഹത്തിലെ മഹാഭൂരിപക്ഷം, കുലമഹിമയും സംസ്കാരവും മതബോധവും പാരമ്പര്യവുമെല്ലാം ചേർത്തുവെച്ചു കൊണ്ട്, കുടുംബത്തിന്റെ ചട്ടക്കൂടുകളുമായി സമരസപ്പെട്ട്‌ കിടക്കുന്നവരാണ്, അല്ലെങ്കിൽ അങ്ങനെയെന്ന് വരുത്താൻ വ്യഗ്രത കാട്ടുന്നവരാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള വിക്ടോറിയൻ സദാചാരമൂല്യങ്ങളുടെ ഭാരം പേറി നടക്കുന്ന, കാപട്യം നിറഞ്ഞതും അശാസ്ത്രീയവുമായ കുടുംബസംവിധാനത്തിന്റെ വാഴ്ത്തുപാട്ടുകാരായ എല്ലാവർക്കും ഒരു കനത്ത അടിയായി മാറിയിരിക്കുന്നു 157 വർഷം മുൻപ് നിലവിൽ വന്ന ഐ.പി.സി 497 റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ( 26-09-2018). ഭർത്താവ് ഭാര്യയുടെ യജമാനൻ അല്ലെന്നും, സ്ത്രീയുടെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നുമുള്ള ഈ സുപ്രധാന വിധി കുടുംബ സങ്കല്പങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.

 

കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയോടെ നമ്മുടെ സംസ്കാരം പാടെ തകർന്നു എന്നൊക്കെ ആശങ്കപ്പെടുന്നവർ, സംസ്കാരം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒന്നാണ് എന്നോർത്താൽ നന്ന്. സ്ത്രീയ്ക്ക് തുല്യത അനുവദിക്കാത്ത ഒരു നിയമവും ഭരണഘടനാവിധേയമല്ലെന്ന് മാത്രമേ കോടതി പറഞ്ഞിട്ടുള്ളൂ. കുടുംബം എന്ന വ്യവസ്ഥ തകർന്നു തരിപ്പണമായി നാടെങ്ങും അനാർക്കി ഉടലെടുക്കണമെന്നല്ല, അതിനുള്ളിലെ ഇരട്ടത്താപ്പുകൾ ഇല്ലാതാവണം എന്നേ അർഥമാക്കുന്നുള്ളൂ. പുരുഷന് പരസ്ത്രീ സംഗമത്തിന് സ്ത്രീ വേണം , എന്നാൽ തൻ്റെ അധീനതയിലുള്ള സ്ത്രീയ്ക്ക് അതൊന്നും പാടില്ല എന്നത് അന്യായമാണ്.

 

വിവാഹിതയായ സ്ത്രീയ്ക്ക് തന്റെ ഉടമസ്ഥാവകാശമുള്ള പുരുഷന്റെ അനുവാദമുണ്ടെങ്കിൽ മാത്രമേ വിവാഹേതരബന്ധം കുറ്റകരമല്ലാതാവുകയുള്ളു എന്നത് വിചിത്രം തന്നെ. കുടുംബത്തെയല്ല, കുടുംബത്തിനുള്ളിലെ അധികാരഘടനയെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. സ്ത്രീ അനീതിയും അടിമത്തവും അനുഭവിക്കുന്ന (ഇതിനെല്ലാം അപവാദങ്ങൾ ഉണ്ടാകും, സാമാന്യമായി പറഞ്ഞതാണ്) കുടുംബഘടനയ്ക്കകത്ത് പുതിയ ചലനങ്ങളുണ്ടാക്കാൻ ഇത്തരം നിയമങ്ങൾക്ക് സാധിക്കും എന്നത് പ്രത്യാശയാണ്. ആൺകോയ്മ നിലനിൽക്കുന്നിടത്തോളം കാലം കുടുംബം അതിന്റെ എല്ലാ മുഖം മൂടികളോടെയും അവശേഷിക്കുക തന്നെ ചെയ്യും.

 

മനുഷ്യൻ അടിസ്ഥാനപരമായി പോളിഗമസ് ആണെന്നത് തിരിച്ചറിഞ്ഞു ജീവിച്ചവരായിരുന്നു നമ്മുടെ പൂർവ്വികര്‍. പഴമ്പുരാണങ്ങളും ഐതിഹ്യങ്ങളും മിത്തുകളുമൊക്കെ പലപ്പോഴായി അവർ ഇന്നത്തെ അടഞ്ഞ ലൈംഗികതയിൽ നിന്നും വിഭിന്നമായ സ്വതന്ത്ര ലൈംഗികത ആവിഷ്കരിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. ചുവർചിത്രങ്ങളിലും കവിതകളിലും പാട്ടിലുമൊക്കെ അവർ നിർഭയം ആനന്ദത്തിന്റെ അനേകായിരം ഉൾവഴികൾ വരച്ചിട്ടു. കുലവധുവായി രുക്മിണി കൂടെയിരിക്കെ തന്നെ കൃഷ്ണൻ രാധയോടും ഗോപികമാരോടും രമിച്ചിട്ടും നമ്മൾ കൃഷ്ണനെ തള്ളിപ്പറഞ്ഞില്ല, മറിച്ച് പാടിപ്പുകഴ്ത്തുകയാണുണ്ടായത്. കൊളോണിയൽ കാലഘട്ടത്തിൽ ഇറക്കുമതി ചെയ്യപ്പെട്ട വിക്ടോറിയൻ സദാചാരത്തിന്റെ വ്യാപനത്തോടെയാണ് സ്വാതന്ത്ര്യത്തിന്റെ തുറസ്സ്‌ ഇടുങ്ങിപ്പോയത്.

 

കുടുംബം പുരുഷാധികാരം ഊട്ടിയുറപ്പിക്കുന്ന ഒരു സിസ്റ്റമായി ചുരുങ്ങുകയും അതിലെ സ്ത്രീകളും കുട്ടികളും തികച്ചും രണ്ടാംകിടക്കാരാവുകയും ചെയ്തപ്പോൾ വിജ്രംഭിതമായ ആൺബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിൽ നിയമാവലികൾ സൃഷ്ടിക്കപ്പെട്ടു. കുടുംബനാഥൻ എന്ന നിലയിൽ പുരുഷന് കിട്ടുന്ന ഒട്ടനവധി പ്രിവിലേജുകൾക്ക്‌ സ്ത്രീ ബലിയാടാവുകയും ചെയ്തു. അവളുടെ ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും പരിധി നിർണ്ണയിച്ച പുരുഷൻ തനിക്ക് മാത്രം പരിധികൾ ഇല്ലെന്ന് സ്വയം തീരുമാനിച്ചു. വിവാഹത്തോടെ കൈവരുന്ന നിർബന്ധിത ജീവിതപങ്കാളിത്തം മരണം വരെ തടസ്സമില്ലാതെ തുടരണമെന്നും അതിനിടയിൽ സ്ത്രീയ്ക്ക് ഒരാളോട് പോലും ലൈംഗികാകർഷണം തോന്നരുതെന്നും അവൻ പറഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അങ്ങനെ ' വഴിവിട്ട' എന്തെങ്കിലും തോന്നുന്ന പുരുഷന് മാത്രം ആനുകൂല്യങ്ങൾ കിട്ടിക്കൊണ്ടിരുന്നു. അത്തരം 'കുതറിച്ചകൾ' കുടുംബത്തിനകത്തെ സ്ത്രീക്ക് പാടില്ലല്ലോ. രണ്ടു പേർ തമ്മിലുള്ള ഒരേർപ്പാടാണ് ഇതെന്നിരിക്കെ കുടുംബിനിയായ സ്ത്രീയ്ക്ക് മാത്രം വിലക്കുകൾ ഉണ്ടാവുന്നത് സ്ത്രീ- പുരുഷ തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടനയ്ക്ക് ചേർന്നതല്ല. അത് കൊണ്ട് തന്നെ ഈ കോടതിവിധി എന്തുകൊണ്ടും, പുതിയ കാലത്തിനെയും പുതിയ ചിന്തയെയും പുതിയ മാറ്റങ്ങളെയും പിന്തുണയ്ക്കുന്നു. മനുഷ്യസഹജമായ ജൈവചോദനകൾ സ്ത്രീക്കുമുണ്ടാവുമെന്നും അവൾക്കും സ്വന്തമായ ആഗ്രഹങ്ങളും തീരുമാനങ്ങളും ഉണ്ടാവുമെന്നും പുരുഷകേന്ദ്രീകൃത സമൂഹബോധത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇതിന് വലിയ മാറ്റം വരാൻ പോകുന്നുമില്ല. എങ്കിലും സദാചാര ഗുണ്ടായിസത്തിന് ഒരു പരിധി വരെ തടയിടാൻ ഇനി സാധിച്ചേക്കും. കുടുംബത്തിനകത്ത് പുരുഷനാൽ ഭരിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന പഴകിയ ബോധത്തിനും മാറ്റം വന്നേക്കാം.

 

ഐ.പി.സി 497 റദ്ദാക്കുമ്പോൾ വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റം അല്ലാതാവുകയും അതേ സമയം വിവാഹമോചന കേസുകളിൽ ഈ വിഷയം ഒരു സിവിൽ തർക്കമായി ഉന്നയിക്കാമെന്നത് നിലനിൽക്കുകയും ചെയ്യുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതു കൊണ്ട് തന്നെ, സ്ത്രീയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അതിന്റെ പൂർണ്ണാർത്ഥത്തിൽ ലഭിക്കുന്ന കാലം വരുവോളം, ജീവനാംശത്തിനുള്ള സ്ത്രീയുടെ അവകാശം നിലനിൽക്കും. കുടുംബത്തിനുള്ളിലെ സ്ത്രീയും പുരുഷനും തികച്ചും സ്വതന്ത്രവ്യക്തികളായതിനാൽ അതിലെ സ്ത്രീക്കും പുരുഷനെപ്പോലെ തന്നെ വ്യക്തിപരമായ, സ്വകാര്യമായ ഏതു വിധ തീരുമാനങ്ങളും എടുക്കാമെന്നതാണ് ഇന്നലത്തെ കോടതി വിധിയുടെ ഹൈലൈറ്റ്. ഇത് മനസ്സിലാക്കാതെ വളച്ചൊടിച്ച് കപടസദാചാരം വിളമ്പുകയല്ല , മറിച്ച് സ്ത്രീയുടെ സ്വയം നിർണ്ണായാവകാശം ഉയർത്തിപ്പിടിക്കുന്ന ഈ വിധിയെ സ്വാഗതം ചെയ്യുകയാണ് പുരോഗമനസമൂഹം വേണ്ടത്.