National News

11 Dec 2018 12:30 PM IST

Reporter-Leftclicknews

മോദിയുടെ ധനകാര്യ ഉപദേശകസമിതിയിൽ നിന്ന് സുർജിത് ഭല്ല രാജി വച്ചു

നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങളോട് വിയോജിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ധർ സ്ഥനങ്ങൾ ത്യജിക്കാൻ തയ്യാറാകുന്നതിന്റെ തുടക്കമാണ് ആർ.ബി.ഐ ഗവർണർ സ്ഥാനത്തുനിന്ന് ഊർജ്ജിത് പട്ടേൽ രാജിവച്ചതിന് പുറകെ ധനകാര്യ ഉപദേശകസമിതിയിൽ നിന്നുള്ള സുർജിത് ഭല്ലയുടെ രാജി.

പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതിയിൽനിന്ന് പ്രമുഖ ധനശാസ്ത്രജ്ഞൻ സുർജിത് ഭല്ല രാജി വച്ചു. റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്ന് ഊർജ്ജിത് പട്ടേൽ രാജി വച്ചതിന് പുറകേയാണ് പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതിയിലെ പാർട്ട് ടൈം അംഗത്വം രാജി വച്ച വിവരം ഭല്ല അറിയിച്ചത്. ഡിസംബർ 1 ന് ഭല്ല രാജിക്കത്ത് നൽകിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ കോൺട്രിബ്യൂട്ടിംഗ് എഡിറ്ററായ ഭല്ല, ഇന്ത്യൻ എക്സ്പ്രസിൽ താൻ ഒടുവിൽ എഴുതിയ കോളം ട്വിറ്ററിൽ പങ്കുവയ്ക്കവേയാണ് ഈ വിവരം അറിയിച്ചത്.

 

1000. 500 രൂപ നോട്ടുകൾ പിൻവലിച്ചതും ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകളും വ്യാപകമായ വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിൽ 2017 സെപ്റ്റംബറിലാണ് പ്രമുഖ ധനശാസ്ത്രജ്ഞൻ ബിബേക് ദെബ്രോയ് അധ്യക്ഷനായി 6 അംഗങ്ങളടങ്ങിയ ധനകാര്യ ഉപദേശക സമിതി രൂപീകരിച്ചത്. ധനകാര്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്, പ്രത്യേകിച്ച് പ്രധാനമന്ത്രിക്ക് ഉപദേശങ്ങൾ നൽകുകയാണ് സമിതിയുടെ ചുമതല.

 

നരേന്ദ്രമോദി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയും ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ ലംഘിക്കുകയും ചെയ്യുന്ന നടപടികൾ തുടർച്ചയായി കൈക്കൊള്ളുന്നതിൽ രാജ്യത്തെ വിവിധ രംഗങ്ങളിലെ വിദഗ്ധർ രോഷാകുലരാണ്. ഊർജ്ജിത് പട്ടേലിനെയും സുർജിത് ഭല്ലയെയും പോലെ നിരവധി വിദഗ്ധർ വരും ദിവസങ്ങളിൽ തങ്ങളുടെ സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകുന്നതായാണ് വിവരം.


Reporter-Leftclicknews