Kerala News

20 Oct 2018 01:05 AM IST

രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ല : മോഹന്‍ലാല്‍

എ.എം.എം.എയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മോഹന്‍ലാലും മറ്റു ഭാരവാഹികളും പറഞ്ഞു.

എ.എം.എം.എയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മോഹന്‍ലാലും മറ്റു ഭാരവാഹികളും പറഞ്ഞു. സ്വയം രാജിവെച്ച് പോയവരെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് സംഘടനയ്ക്ക് എങ്ങനെ ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എ.എം.എം.എ ഭാരവാഹികള്‍ ചോദിച്ചു. ജഗദീഷ്, സിദ്ദീഖ് തുടങ്ങിയ മറ്റു ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

തീര്‍ത്തും അനാവശ്യമായി തനിക്ക് എതിരേ ആരോപണങ്ങള്‍ ഉയരുന്നതില്‍ അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന നിലയിലുള്ള പ്രചരണമാണ് നടക്കുന്നത്. മോഹന്‍ലാലിന് അസംതൃപ്തിയുണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് സിദ്ദീഖ് പറഞ്ഞു. ദിലീപിനോട് താന്‍ സംസാരിച്ചതിനു ശേഷമാണ് ദിലീപ് രാജി നല്‍കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് സ്വമേധായ രാജി നല്‍കിയതാണെന്ന് സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും തൻ ഫോൺ ചെയ്തതിനുശേഷമാണ് രാജിയെന്ന് മോഹന്‍ലാല്‍ പറഞ്ഞതും തമ്മില്‍ വൈരുദ്ധ്യമില്ല.

 

അമ്മയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാനും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടനയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് സിദ്ദീഖ് ആവര്‍ത്തിച്ചു. തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ ഡബ്യു.സി.സി.യുടെ ഭാഗമായിരുന്നുകൊണ്ട് ഈ സംഘടനയ്ക്ക് എതിരേ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. സംഘടനയ്ക്ക് എതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നടിമാരുടെ പേരില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് കൂടി തീരുമാനിക്കും.

 

മീടൂ ക്യാമ്പയിന്റെ ഭാഗമായി ആരോപണം നേരിടുന്ന അലന്‍സിയറോട് വിശദീകരണം തേടുമെന്ന് എ.എം.എം.എ ഭാരവാഹികള്‍ പറഞ്ഞു. സംഘടനയ്ക്കുവേണ്ടി മാധ്യമങ്ങളോട് സംസാരിക്കാന്‍ ഒരു ഔദ്യോഗിക വക്താവിനെ തെരഞ്ഞെടുക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ലൈംഗിക പീഡന പരാതികള്‍ പരിഗണിക്കാന്‍ ഒരു ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും. ഇപ്പോള്‍ നിലവില്‍ ഒരു സമിതിയുണ്ട്. എങ്കിലും കോടതി നിര്‍ദ്ദേശമനുസരിച്ച് പുതിയ കമ്മിറ്റി വേണമെങ്കില്‍ അത് രൂപീകരിക്കും.