Open Space

24 Oct 2018 15:35 PM IST

ശ്രീമൂലം തിരുനാളിനെയും തന്ത്രിമാരെയും ചികിത്സിക്കുക

മന്ത്രി ജി.സുധാകരന്റെ സഹോദരൻ ജി.ഭുവനേശ്വരന്റെ രക്സ്തസാക്ഷിത്വത്തെ അധിക്ഷേപിച്ച തന്ത്രിമണ്ഡലം ഭാരവാഹികളുടെ ആക്ഷേപങ്ങളോട് ഭുവനേശ്വരന്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന പ്രമുഖ ചിന്തകൻ ജെ.രഘുവിന്റെ പ്രതികരണം.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഒരു പ്രസ്താവന പന്തളം വാഴും രാജപ്രമുഖനെയും ശബരിമല സര്‍വാധികാര്യക്കാരനായ തന്ത്രിയെയും സുപ്രീം കോടതിവിധി യെക്കാള്‍ പത്തുമടങ്ങ് പ്രകോപിപ്പിച്ചിരിക്കുന്നു .ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കമാണ് സുപ്രീം കോടതി വിധിയെന്നാണ് ജി.സുധാകരന്‍ പറഞ്ഞത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമനുവദിക്കണമെന്ന് പറഞ്ഞ സുപ്രീം കോടതിപോലും ഫ്യൂഡല്‍-പൗരോഹിത്യ വാഴ്ചയ്‌ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നിട്ടാണ്, ഇവിടെ ഒരു മന്ത്രി ഫ്യൂഡല്‍ പൗരോഹിത്യവാഴ്ചയുടെ ജീര്‍ണ നിഗൂഢ കാംക്ഷകളെ തിരിച്ചറിയുകയും ശക്തമായി താക്കീത് ചെയ്യുകയും ചെയ്തത്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ തകര്‍ന്നടിഞ്ഞ രാജമുഖ്യന്‍മാരുടെയും തന്ത്രിവര്യന്‍മാരുടെയും കോലം കെട്ടിയാടുന്നവര്‍, ഏതെങ്കിലുമൊരു വിഭ്രാമകനിമിഷത്തില്‍ തങ്ങള്‍ യഥാര്‍ത്ഥ രാജാവും തന്ത്രിയുമെന്ന് ചിന്തിച്ചാല്‍ അവരുടെ ശിഷ്ടകാലം ക്ലേശകരമായിരിക്കുമെന്നാണ് ജി.സുധാകരന്‍ പരോക്ഷമായി സൂചിപ്പിച്ചത്.

 

ഈ പരോക്ഷ സൂചനയിലെ ധ്വനി കൊള്ളേണ്ടിടത്ത് കൊള്ളുകതന്നെ ചെയ്തു. ആദ്യം രാജനിന്ദയോട് പ്രതികരിച്ചത് പന്തളം വാഴും 'ശ്രീമൂലംതിരുനാൾ' വര്‍മയാണ്. പന്തളം വാഴും പൊന്നു തമ്പുരാന്റെ ഉഗ്രകോപത്തെക്കുറിച്ചറിയാവുന്നരെല്ലാം ശ്വാസമടക്കിയിരിക്കുകയായിരുന്നു. പലരും ആത്മഗതം ചെയ്തു. ജീവനില്‍ കൊതിയുണ്ടെങ്കില്‍, ജി.സുധാകരന്‍ ഏതെങ്കിലും കുണ്ടിലോ മാളത്തിലോ ഒളിക്കുന്നതാണ് നല്ലത്, രാജകോപം ശമിക്കുന്നതുവരെയെങ്കിലും! എന്ന്. പക്ഷെ, ഉഗ്ര കോപിയായിട്ടും ജി.സുധാകരന്റെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുക മാത്രമേ ചെയ്തുള്ളൂ. പക്ഷേ, ഈ അവജ്ഞയോടെ തള്ളലിന് ഒരു രാജകീയ പ്രൗഢിയാകാമായിരുന്നു. ഭൂലോകത്ത് കൊട്ടാരക്കരയില്‍ മാത്രമവശേഷിക്കുന്ന പുണ്യപുരാണ ബാലെയുടെ ഏതെങ്കിലും സംഘത്തില്‍ പോയി ഒരു രാജപ്പാര്‍ട്ട് ഉടുപ്പ് വാങ്ങി ഇട്ടും വര്‍ണ്ണക്കടലാസ് കൊണ്ട് നിര്‍മ്മിച്ച കിരീടം ധരിച്ചും കാര്‍ഡ്‌ബോര്‍ഡിലുണ്ടാക്കിയ സിംഹാസനത്തിലിരുന്നു സിഗററ്റ്കൂ ട്ടിലെ വെള്ളിപ്പേപ്പറൊട്ടിച്ച വാള്‍ചുഴറ്റിയും ഹ ഹ ഹ എന്നലറിക്കൊണ്ടായിരുന്നു അവജ്ഞയോടെയുള്ള തള്ളലെങ്കിൽ രാജ്യമൊന്ന് കിടുങ്ങുമായിരുന്നു!

 

തന്ത്രി ജി.സുധാകരനെ ശപിച്ച് ഭസ്മമോ ശിലയോ ആക്കുമെന്ന് മലയാളിയാകെ ഭയന്നു വിറച്ചിരിക്കുമ്പോഴാണ്, 41 വര്‍ഷം മുമ്പ് രക്തസാക്ഷിയായ ജി.ഭുവനേശ്വരനെ മുന്‍ നിര്‍ത്തി ആക്ഷേപവുമായി രംഗത്തെത്തിയത്. പന്തളം എന്‍.എസ്.എസ് കോളേജിന്റെ രണ്ടാം നിലയില്‍ നിന്നുവീണു മരിച്ച ഭുവനേശ്വരനെ ( തന്ത്രി പറഞ്ഞത് ഭുവനേന്ദ്രന്‍ എന്നാണ് ) കെ.എസ്.യുക്കാര്‍ കുത്തിക്കൊന്നുവെന്ന് കള്ളക്കഥ പ്രചരിപ്പിച്ചതുകൊണ്ടാണ് ജി.സുധാകരന്‍ മന്ത്രിയായതത്രേ!

 

1977 ഡിസംബര്‍ 2 നാണ് ആ സംഭവമുണ്ടായത്. നേരത്തെയുണ്ടായ ഒരു ചെറിയ വിദ്യാര്‍ത്ഥി സംഘട്ടനത്തെത്തുടര്‍ന്ന് ഒരു മാസമായി അടച്ചിട്ടിരുന്ന കോളേജ് അന്നാണ് തുറന്നത്. കോളേജിലെ എസ്.എഫ്.ഐയൂണിറ്റിന്റെ നേതൃത്വത്തില്‍ അന്ന് അവിടെ ചെറിയൊരു പ്രകടനം നടത്തിയിരുന്നു. ഒരാഴ്ചയായി രോഗബാധിതനായി വീട്ടില്‍ വിശ്രമിച്ചിരുന്ന ഭുവനേശ്വരനെ വീട്ടിലെത്തി കോളേജില്‍ വരാന്‍ നിര്‍ബ്ബന്ധിച്ചത് ഞാനായിരുന്നു. അതിനൊരു കാരണവുമുണ്ട്. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു ഭുവനേശ്വരൻ. ഒരു പാട് നാളിനുശേഷം തുറന്ന കോളേജില്‍ എസ്.എഫ്.ഐ ഒരു പ്രകടനം നടത്തുമ്പോള്‍ അത് യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കുന്നത് ഉചിതമാണെന്ന തോന്നലാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. ഞാന്‍ വീട്ടിലെത്തി അവനെ നിര്‍ബ്ബന്ധിച്ചില്ലായിരുന്നെങ്കില്‍, അവന്‍ അന്ന് കോളേജില്‍ വന്നില്ലായിരുന്നുവെങ്കില്‍--ആ കുറ്റബോധത്തിന്റെ നിഴല്‍ എപ്പോഴും എന്നോടൊപ്പമുണ്ട്.

 

മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു നടന്ന ഞങ്ങള്‍ കണ്ടത് 250 ലധികം വരുന്ന വലിയൊരാള്‍ക്കൂട്ടത്തെയാണ്. കെ.എസ്.യു-ഡി.എസ്.യു വിദ്യാര്‍ത്ഥികളെക്കാള്‍ കൂടുതലായിരുന്നു പുറത്തുനിന്നെത്തിയ സ്ഥിരം കുറ്റവാളികളും നായര്‍മാടമ്പിമാരും. ഈ ക്രിമിനല്‍ സംഘത്തെ പ്രതിരോധിക്കാനുള്ള ആള്‍ബലമില്ലാത്ത ഞങ്ങള്‍ കുട്ടികള്‍ക്കു മുമ്പിലുണ്ടായിരുന്ന ഏകമാര്‍ഗം ചിതറി ഓടുകമാത്രമായിരുന്നു. കോളേജിന്റെ മുകള്‍നിലയില്‍ തെക്കേ അറ്റത്തുള്ള മാത്തമാറ്റിക്‌സ് ഡിപ്പാര്‍മെന്റ് വരെ അക്രമികളുടെ കണ്ണുവെട്ടിച്ച് എങ്ങനെയൊക്കെയോ ഞാനും ഭുവനേശ്വരനും ഓടിയെത്തി. അകത്തുകയറി കതകടച്ചു. കതകുപൊളിച്ചു വന്നാല്‍ ജനലില്‍ കൂടി താഴോട്ട് ചാടി രക്ഷപ്പെടാമെന്നായിരുന്നു ധാരണ. ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. വിദ്യാര്‍ത്ഥികളും അല്ലാത്തവരുമടങ്ങുന്ന 50 ലധികം വരുന്ന ഒരു സംഘം കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറി കൊലവിളി ആരംഭിച്ചു. ആദ്യചാട്ടത്തില്‍ തന്നെ എന്റെ വലതുകാല്‍ ഒടിഞ്ഞെങ്കിലും ഒടിഞ്ഞ കാലിനെക്കൊണ്ട് പിന്നെയും രണ്ടു മതിലുകള്‍ കൂടി ചാടിക്കടക്കാന്‍ പ്രേരിപ്പിച്ചത് പ്രാണഭീതി ഒന്നുമാത്രമായിരിക്കാം. ചാടുന്നതിനു മുമ്പേ അവര്‍ ഭുവനേശ്വരനെ പിടികൂടി. തലയ്ക്ക് കമ്പികൊണ്ടടിച്ചും പൊക്കിയെടുത്ത് തല തറയിലടിച്ചുമാണ് അവര്‍ ഭുവനേശ്വരനെ കൊന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 7 ദിവസം അബോധാവസ്ഥയിലായിരുന്ന ഭുവനേശ്വരന്‍ കുടുംബത്തോടും ഞങ്ങള്‍ ആത്മസുഹൃത്തുക്കളോടും ലോകത്തോടും അവന്റെ തീഷ്ണവും അചഞ്ചലവുമായിരുന്ന വിപ്ലവകാംഷകളോടും എന്നെന്നേക്കുമായി വിടപറഞ്ഞു.

 

തന്റെ അനുജന്‍ ചെറിയൊരു കോളേജിലെ എസ്.എഫ്.ഐ യൂണിയന്റെ സെക്രട്ടറിയാവുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജി.സുധാകരന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിട്ടുണ്ട്. 1974 ല്‍ ഞാന്‍ ആദ്യമായി എസ്.എഫ്.ഐയില്‍ ചേര്‍ന്നപ്പോള്‍ ലഭിച്ചത് സംസ്ഥാന സെക്രട്ടറി ജി.സുധാകരന്റെ കയ്യൊപ്പുള്ള അംഗത്വരസീതായിരുന്നു. പിന്നീട് കെ.എസ്.വൈ.എഫിന്റെയും സി.പി.ഐ എമ്മിന്റെയും ഉന്നത നേതൃത്വത്തിലെത്തി . ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ജി.സുധാകരന് മന്ത്രിയോ നേതാവോ ആകുന്നതിന് അരനൂറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം മതി. രാജപ്രമുഖന്‍ രാജപ്രമുഖനാകുന്നതും തന്ത്രി തന്ത്രിയാകുന്നതും ഏതെങ്കിലും യൂണിവേഴ്‌സിറ്റികളില്‍ മത്സരപ്പരീക്ഷകളില്‍ ഉന്നത ബിരുദം നേടിയിട്ടല്ല. ഒരു 'തിരുനാളിന്റെ' മകനായിരിക്കണമെന്നതു മാത്രമാണ് യോഗ്യത. തന്ത്രിയുടെ യോഗ്യത, തന്ത്രി കുടുംബത്തിലെ പുരുഷതന്ത്രിയുടെ മകനായിരിക്കണം എന്തുമാത്രം. താന്ത്രികവൈദഗ്ദ്ധ്യത്തിന് സ്‌കൂളിലൊന്നും പോകണ്ട. ഒരു തരം അപ്രന്റീസ് വിദ്യാഭ്യാസം, മതി തന്ത്രിയാകാന്‍. പെട്ടിയും പ്രമാണവുമെടുത്ത് തന്ത്രമന്ത്രിയെ അനുഗമിക്കു. ഇതാണ് താന്ത്രിക അപ്രന്റീസ്. സ്വന്തം പേരു എഴുതി ഒപ്പിടുകയെന്ന പരിഷ്‌കാരങ്ങളെയൊക്കെ ഈ തന്ത്രിമാരുടെ വംശപരമ്പര 'ച്ഛെ, മ്ലേച്ഛം' എന്നാക്ഷേപിച്ചിരുന്നു. ഫലമോ അല്പവേഷധാരികളായി ക്ഷേത്രത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കയ്യിലെന്തോ വഹിച്ചുകൊണ്ടു നടക്കുന്ന ഈ തന്ത്രി-ശാന്തിമാരെ കണ്ടെത്താന്‍ മാന്യമായ വസ്ത്ര സംസ്‌കാരത്തിലേക്കു വികസിച്ചിട്ടില്ലാത്ത ഏതോ ആഫ്രിക്കന്‍-ആമസോണ്‍ പ്രാകൃത ഗോത്ര വര്‍ഗ്ഗക്കാരനാണെന്നേ നരവംശശാസ്ത്രജ്ഞര്‍ പറയൂ!

 

19-ാ മത്തെ വയസില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരു യുവാവിന്റെ പേരില്‍ വ്യാജക്കഥകള്‍ ഇറക്കിയാണ്, ദൈവസന്നിധികളെ ഉള്ളം കയ്യില്‍ അമ്മാനമാടുന്ന തന്ത്രി ജി.സുധാകരനെ നേരിടുന്നത്. പന്തളം എന്‍.എസ്.എസ് കോളേജില്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍, ഈ തന്ത്രി ഏതെങ്കിലും സ്‌കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടായിരുന്നോ? വിഗ്രഹങ്ങള്‍ക്കു മുമ്പിലിരുന്ന് ഇടതുകൈകൊണ്ടും വലതുകൈക്കൊണ്ടും ആര്‍ക്കും പിടികിട്ടാത്ത ചില ഗോഷ്ഠികള്‍ കാണിക്കുന്നതിനും പൂക്കളും മറ്റും വലിച്ചെറിയുന്നതിനും ഏതു സര്‍വ്വകലാശാലയുടെ ഡിഗ്രിയാണ് യോഗ്യതയായി വേണ്ടത് ?

 

ജി.സുധാകരനെതിരെ ഉറഞ്ഞുതുള്ളുന്ന തന്ത്രി, ഇന്ത്യയുടെ പ്രധാനമന്ത്രിയെപ്പോലെയാണ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും പഠിച്ച കോളേജുകളെക്കുറിച്ചും യൂണിവേഴ്‌സിറ്റികളെക്കുറിച്ചുമൊക്കെ വിവരാവകാശ ചോദ്യങ്ങളുണ്ടായി. കോളേജുകള്‍ ഏത് എന്ന ചോദ്യത്തിന് വിദൂരവിദ്യാഭ്യാസമെന്നായിരുന്നു മറുപടി. പഠിച്ചെടുത്ത ഡിഗ്രിയേത് എന്ന ചോദ്യത്തിന് അമിത്ഷാ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ കോപ്പി ഹാജരാക്കി ചോദ്യക്കാരുടെ വായടച്ചു. 'Masters Degree in Entire Political Science' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത. പക്ഷേ, എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്നൊരു കോഴ്‌സും അതു പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റിയും ഈരേഴുലോകങ്ങളിലുമില്ലെന്നറിഞ്ഞിട്ടും നമ്മള്‍ ഞെട്ടിയില്ല. കാരണം. തന്ത്രി തന്ത്രം പറയുന്നതുപോലെ, പ്രധാനമന്ത്രിക്കു മന്ത്രം പറയാനറിയാം. മന്ത്ര-തന്ത്രാദികളോട് കളിച്ചാലുള്ള ഫലമറിയാമല്ലോ. സാധാരണ മനുഷ്യരുടെ ഈ ഭയത്തെയാണ് പ്രധാനമന്ത്രിയെപ്പോലെ ശബരിമല തന്ത്രിയും ചൂഷണം ചെയ്യുന്നത്. ഒരു വെളിച്ചപ്പാടിന്റെ വികൃതചേഷ്ഠകളെ പരിഹസിച്ച നാരായണഗുരുവിനോട്, ശക്തി കാണിച്ചു തരണോയെന്ന് ക്രുദ്ധനായ വെളിച്ചപ്പാട് കുറച്ച് ആജ്ഞാസ്വരത്തില്‍ വെളിച്ചപ്പാടരുളിച്ചെയ്തു. വായില്‍ ഒരു പല്ലെങ്കിലും കാണിച്ചുതന്നാല്‍ കൊള്ളാം എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി. വെളിച്ചപ്പാടിനെ പിന്നെ അവിടെ ആരും കണ്ടിട്ടില്ല.

 

ദുഷിച്ച ഇന്നലെകളുടെ മൃതപാരമ്പര്യവും പേറി നടക്കുന്ന രാജ-പ്രമുഖ-തന്ത്രി കോമരങ്ങള്‍ക്കു തീ പിടിക്കുന്നതുവരെ അവര്‍ ഇങ്ങനെ ഞരങ്ങുകയും മൂളുകയും ശപിക്കുകയും പ്രാകുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കും. പക്ഷേ, ലഹളകള്‍ നടത്തി കൈകുറ്റപ്പാട് തീര്‍ന്ന സംഘപരിവാറിന്റെ ക്രിമിനല്‍ സംഘങ്ങള്‍ തീര്‍ത്ത രക്ഷാകവചങ്ങള്‍ക്കകത്തുനിന്നാണ് ശ്രീ-മൂല-ക്കുരു-നാള്‍ പന്തളം വാഴുന്നതും തന്ത്രി ശബരിമല നട അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും. ആത്മാഭിമാനമില്ലാത്ത അന്ധവിശ്വാസിപ്പറ്റങ്ങളുടെ നാമജപം കൊണ്ടുമാത്രം ആധുനിക കേരളത്തെ തമ്പുരാക്കന്മാരുടെയും തമ്പുരാട്ടിമാരുടെയും പള്ളി നീരാട്ടു കേന്ദ്രങ്ങളായും അപ്ഫന്മാരുടെ ഒളിസേവയിടങ്ങളുമൊക്കയായി മാറ്റാമെന്നാണ് പന്തളം വാഴും ശ്രീ-മൂല-ക്കുരു-നാള്‍ രാജപ്രമുഖനും ശബരി തന്ത്രിയും വിചാരിക്കുന്നതെങ്കില്‍, അവരുടെ പ്രശ്‌നം കടുത്ത രോഗമാണ്. ഒരു പക്ഷേ, തുടക്കത്തിലെ ചികിത്സിച്ചാല്‍ ഭേദമായേക്കാവുന്ന രോഗം. എന്നിട്ടും ഭേദമായില്ലെങ്കില്‍ എങ്ങനെ ചികിത്സിക്കണമെന്ന് പ്രബുദ്ധകേരളത്തിനറിയാം! മലകയറ്റം കഠിനമെന്റയ്യപ്പോ എന്ന് അപ്പോള്‍ വിളിക്കരുതെന്ന് മാത്രം!