Kollam
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കര കയറാനുഴലുന്ന സംസ്ഥാനത്തിന് നാനാഭാഗങ്ങളില്‍ നിന്ന് സഹായഹസ്തങ്ങള്‍ നീളുകയാണ്. സമാനതകളില്ലാത്ത പ്രളയത്തില്‍ ദുരിതാശ്വാസ സമാഹരണവും സമാനതകളില്ലാത്ത നിലയിലാണ് നടക്കുന്നത്.
സംസ്ഥാനത്തെ പുരാണ പാരായണ കലാകാരന്മാരുടെ സംഘടനയായ അഖില കേരള പുരാണ പാരായണ കലാസംഘടന അംഗങ്ങളില്‍ നിന്ന് സമാഹരിച്ച 50000 രൂപ കൊല്ലം കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ഏറ്റുവാങ്ങി. നിത്യജീവിതം മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുന്ന പുരാണ പാരായണ കലാകാരന്മാര് നല്കുന്ന 50000 രൂപയക്ക് 5 ലക്ഷത്തിന്റെ മൂല്യമുണ്ടെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
അഖിലകേരള പുരാണ പാരായണ കലാസംഘടന സംസ്ഥാന പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണനാണ് ചെക്ക് മന്ത്രിക്ക് കൈമാറിയത്. എം.എല്‍.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്ത്തികേയന്, അഡ്വ.കെ.പി.സജിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.