Kerala News

10 Dec 2018 16:30 PM IST

Reporter-Leftclicknews

ഫിലിം ഫെസ്റ്റിവല്‍ അവതാളത്തിലാക്കാന്‍ ഹര്‍ത്താല്‍

നാളെ തിരുവനന്തപുരത്ത് ബി.ജെ.പി ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പ്രതിനിധികൾക്ക് കടുത്ത ബുദ്ധിമുട്ടാവും സൃഷ്ടിക്കുക.

തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനജീവിതം നിരന്തരം ദുസ്സഹമാക്കുകയാണ് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളില്‍ സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും എത്ര ഹര്‍ത്താലുകളാണ് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തതെന്ന് അവര്‍ക്കു തന്നെ കണക്കില്ല. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിനുശേഷം ഹര്‍ത്താലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്.


നാളെ തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പ്രതിനിധികള്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഓടാതിരിക്കുകയും കടകള്‍ അടഞ്ഞുകിടക്കുകയും ചെയ്യുന്ന നഗരത്തില്‍എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമത്തിലാണ്ട പ്രതിനിധികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ചലച്ചിത്രമേളയുടെ സംഘാടകര്‍ക്ക് കഴിയുന്നില്ല. ബസ്സുകളും ഓട്ടോറിക്ഷകളും ഓടാത്തപ്പോള്‍ തിയറ്ററുകളില്‍ എത്താന്‍ മറ്റു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ല. തലസ്ഥാന നഗരത്തില്‍ താമസിക്കുന്ന, സ്വന്തമായി വാഹനങ്ങളുള്ളവര്‍ക്ക് മാത്രമേ നാളെ ചലച്ചിത്രമേളയില്‍ ചിത്രങ്ങള്‍ കാണാന്‍ കഴിയൂ.


മേളയുടെ അവസാനദിവസമായിരുന്നു ഹര്‍ത്താലെങ്കില്‍ മടങ്ങിപ്പോകാമായിരുന്നു എന്ന് കോഴിക്കോട്ടുനിന്നുള്ള ഒരു പ്രതിനിധി പറഞ്ഞു. മേള രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. സിനിമ കാണാന്‍ മാത്രം അവധിയെടുത്ത് ഇത്ര ദൂരം സഞ്ചരിച്ചെത്തിയ തനിക്ക് ലോഡ്ജ് മുറിയില്‍ ഭക്ഷണം പോലും കഴിക്കാതെ ഒരു ദിവസം ചെലവഴിക്കേണ്ടി വരുമോ എന്ന പരിഭ്രാന്തിയിലാണ് അദ്ദേഹം. സമാനമായ ഉത്കണഠകളാണ് മറ്റു പ്രതിനിധികളും പങ്കുവെച്ചത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവം പോലെയുള്ളവ നടക്കുമ്പോള്‍ അതു നടക്കുന്ന ജില്ലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുക എന്ന രീതിയാണ് പൊതുവേ എല്ലാ പാര്‍ട്ടികളും സ്വീകരിക്കുക. ഇവിടെ ചലച്ചിത്രോത്സവം നടക്കുന്ന ജില്ലയെ തെരഞ്ഞുപിടിച്ച് ഹര്‍ത്താല്‍ നടത്തുകയാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്.


Reporter-Leftclicknews