editorial

15 Oct 2018 21:50 PM IST

കീറക്കടലാസുകൊണ്ട് കൊടുങ്കാറ്റിനെ തടുക്കുമ്പോള്‍

മലയാള സിനിമയിലെ സ്ത്രീക്കൂട്ടായ്മ പ്രവര്‍ത്തകര്‍ ശനിയാഴ്ച എറണാകുളം പ്രസ്‌ക്ലബ്ലില്‍ നടത്തിയ വാര്‍ത്താസമ്മേളനം കേരളത്തിലെ പരമ്പരാഗത മാധ്യമലോകം ഇന്നെത്തി നില്‍ക്കുന്ന അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

മലയാള സിനിമയിലെ സ്ത്രീക്കൂട്ടായ്മ പ്രവര്‍ത്തകര്‍ ശനിയാഴ്ച എറണാകുളം പ്രസ്‌ക്ലബ്ലില്‍ നടത്തിയ വാര്‍ത്താസമ്മേളനം കേരളത്തിലെ പരമ്പരാഗത മാധ്യമലോകം ഇന്നെത്തി നില്‍ക്കുന്ന അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നു. മലയാള സിനിമാരംഗത്തെ സത്രീ വിരുദ്ധതയും അനാശാസ്യ പ്രവണതകളും തുറന്നുകാട്ടുക എന്ന ചരിത്രദൗത്യം ഏറ്റെടുത്ത മലയാള സിനിമയിലെ പ്രമുഖരായ സത്രീ പ്രവര്‍ത്തകരോട് അവിടെയിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളിലെ നിലവാരമില്ലായ്മ ആരെയും അത്ഭുതപ്പെടുത്തില്ല. സിനിമയിലെ സാമൂഹ്യവിരുദ്ധരുടെ ദല്ലാളുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ആ പത്രപ്രവര്‍ത്തകരില്‍ നിന്ന് അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ മലയാള പത്രങ്ങളുടെ പൊതുനിലവാരത്തിന് ഇണങ്ങുന്നതാണ് എറണാകുളം പ്രസ്‌ക്ലബ്ബില്‍ അഴിഞ്ഞാടിയ സ്ത്രീ വിരുദ്ധത. പക്ഷേ സ്ത്രീ വിരോധം മൂലം കണ്ണു കാണാതായ ഒരു കൂട്ടം ആളുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നേരേ നടത്തിയ അവഹേളനപരമായ പെരുമാറ്റം അങ്ങനെ അവഗണിക്കാന്‍ കഴിയുന്നതല്ല.


ന്യൂസ് മിനുട്ടിന്റെ എഡിറ്റർ ഇൻ ചീഫും രാജ്യത്തെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുമായ ധന്യാ രാജേന്ദ്രനോട് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട ധിക്കാരം ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ അസഹിഷ്ണുതയും അരക്ഷിതത്വവും വിളിച്ചു പറയുന്നതാണ്. വാര്‍ത്താസമ്മേളനം ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ ധന്യയെ അനുവദിച്ചില്ലെന്നു മാത്രമല്ല, ഫോട്ടോ എടുക്കുന്നത് തടയാന്‍ പോലും ശ്രമിച്ചു. പ്രസ്‌ക്ലബ്ബുകളില്‍ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയില്ല എന്ന കാരണം പറഞ്ഞാണ് ധന്യാരാജേന്ദ്രനെ തടയാന്‍ ശ്രമിച്ചത്. മാധ്യമലോകത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണയുള്ളവര്‍ക്ക് ഇത്തരത്തില്‍ ധിക്കാരപൂര്‍വ്വം പെരുമാറാന്‍ കഴിയുമോ?

 

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ വേഗം മാധ്യമലോകത്തും മിന്നല്‍ വേഗത്തിലാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ജനങ്ങള്‍ വാര്‍ത്തയറിയാന്‍ ദിനപത്രങ്ങളെ ആശ്രയിക്കുന്ന രീതിയില്ലാതായത്. ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്താ ചാനലുകള്‍ തുടങ്ങുകയും അവ നിമിഷംപ്രതി വാര്‍ത്തകള്‍ പ്രേക്ഷകരില്‍ എത്തിക്കുകയും ചെയ്തതോടെ ഒരു ദിവസം വൈകിയെത്തുന്ന പത്രങ്ങള്‍ പഴംചരക്കുകളായി മാറി. വായനക്കാരെ പിടിച്ചു നിര്‍ത്താനുള്ള എല്ലാ തന്ത്രങ്ങളും പയറ്റിയെങ്കിലും എല്ലാ പത്രങ്ങളുടെയും പ്രചാരം ദിനംപ്രതി ഇടിഞ്ഞു താഴുകയാണ്. നവമാധ്യമങ്ങള്‍ വന്നതോടെ ദൃശ്യമാധ്യമങ്ങളുടെ സ്വഭാവത്തിലും മാറ്റമുണ്ടാകാതെ പറ്റില്ലെന്നു വന്നു.

 

സകലമാനപേരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ എത്തിയ ഇക്കാലത്ത് ഏതൊരാൾക്കും ഒരേ സമയം വാര്‍ത്താസൃഷ്ടാവും ഉപഭോക്താവുമായി മാറാൻ കഴിയും. നവ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളുടെ വേഗം ഉള്‍ക്കൊള്ളാനാകാതെ പതറുകയാണ് പരമ്പരാഗത മാധ്യമങ്ങള്‍. മാധ്യമസങ്കല്പം പാടേ മാറിക്കൊണ്ടിരിക്കുമ്പോള്‍ പഴയ ശീലങ്ങളില്‍ കടിച്ചു തൂങ്ങി മാറ്റങ്ങളെ തടുക്കാന്‍ ശ്രമിക്കുന്നവര്‍ പിടിച്ചു നില്‍ക്കാനാവാതെ ഒലിച്ചുപോകുകയേയുള്ളൂ. ലോകമാകെ ദിനപത്രങ്ങള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ കൂപമണ്ഡൂകങ്ങള്‍ ശ്രമിക്കണം. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരങ്ങള്‍ വന്‍ തകര്‍ച്ചയിലായത് എങ്ങനെയെന്ന് കൂടി മനസ്സിലാക്കുന്നത് നല്ലത്. കീറക്കലാസ് കൊണ്ടു കൊടുങ്കാറ്റിനെ തടയാന്‍ ശ്രമിക്കുന്നവരോട് എന്തു പറഞ്ഞിട്ടെന്തുകാര്യം?