Kerala News

07 Nov 2018 12:35 PM IST

കയ്യേറ്റത്തിനെതിരെ കർശന നടപടി : ഇടുക്കി സബ് കളക്ടറെ മാറ്റി

കയ്യേറ്റത്തിനും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിച്ച ദേവികുളം സബ്കലക്ടർ പ്രേം കുമാറിന് സ്ഥാനചലനം.

Moonnar

കയ്യേറ്റത്തിനും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിച്ച ദേവികുളം സബ്കലക്ടർ പ്രേം കുമാറിന് സ്ഥാനചലനം. മൂന്നാറിലെ പ്ലം ജൂഡി റിസോർട്ട് ഉൾപ്പെടെയുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിച്ച പ്രേം കുമാറിനെ മാറ്റണമെന്ന് സി പി എം ജില്ലാ നേതൃത്വവും എസ് രാജേന്ദ്രന്‍ എം എല്‍ എയും ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം കോഴിക്കോട് കളക്ടർ യു വി ജോസിനെയും സ്ഥലം മാറ്റി.

 

ശ്രീറാം വെങ്കിട്ടരാമനു ശേഷമാണ് ദേവികുളം കളക്ടറായി പ്രേം കുമാര്‍ എത്തുന്നത്. കയ്യേറ്റത്തിനും നിയമലംഘനത്തിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്ന പ്രേം കുമാർ പ്രളയത്തിനു ശേഷം മൂന്നാര്‍ മേഖലയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.പുതിയ കെട്ടിട നിര്‍മാണത്തിനും മറ്റുമായി സമീപിക്കുന്നവര്‍ക്ക് കര്‍ശനപരിശോധനകള്‍ക്കു ശേഷമാണ് അദ്ദേഹം അനുമതി നല്‍കിയിരുന്നത്. കയ്യേറ്റങ്ങൾക്കെതിരെയുള്ള നടപടികൾ കർശനമാക്കിയതോടെ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു സബ്കലക്ടർ.

 

ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍. കളക്ടര്‍ സ്ഥാനത്ത് രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജോസിനെ മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പ്രേം കുമാറിനു പകരം ആരെന്നത് തീരുമാനമായില്ല.