Kerala News

എസ്.രാജേന്ദ്രനെതിരെ കേസ് എടുത്ത എസ്.ഐയെ സ്ഥലം മാറ്റി പോലീസ്

രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത മൂന്നാര്‍ എസ്‌ഐ കെ.ജെ. വര്‍ഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്.

Moonnar

മൂന്നാർ ട്രൈബ്യൂണൽ ഓഫീസിൽ തല്ലിത്തകർത്ത എസ്.രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ കേസെടുത്ത എസ്.ഐയെ സ്ഥലം മാറ്റി. രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത മൂന്നാര്‍ എസ്‌ഐ കെ.ജെ. വര്‍ഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. ബലാത്സംഗ പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളിക്കുന്ന പോലീസ് അക്രമം നടത്തിയ എം.എൽ.എക്കെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ഉടനടി നടപടി എടുത്തത് വ്യാപക വിമർശനത്തിന് ഇടയാക്കി.

 

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി, ഗവണ്‍മെന്റ് കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ട്രൈബ്യൂണല്‍ കോടതിയിലെത്തിയത്. പൂട്ടിയിട്ടിരിക്കുന്ന മുറിയുടെ താക്കോൽ ആവശ്യപ്പെട്ട എം.എൽ.എ താക്കോലുമായി ജീവനക്കാർ എത്തുന്നതിനു മുൻപ് പൂട്ട് തല്ലിപ്പൊളിച്ച് കോടതിയിലെ ഫയലുകൾ ഉൾപ്പെടെയുള്ള രേഖകൾ വലിച്ചു പുറത്തിടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ കോടതി ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തിരുന്നു.

 

ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍, ആഭ്യന്തര വകുപ്പ് സെക്രട്ടറി, മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അക്രമത്തെപ്പറ്റി ട്രൈബ്യൂണല്‍ അധികൃതരോടു ദേവികളും സബ് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ദേവികുളം സബ് കല്കടര്‍ വി.ആര്‍ പ്രേംകുമാര്‍ കഴിഞ്ഞദിവസം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. കേസെടുത്ത് 24 മണിക്കൂറിനുള്ളിലാണ് എസ്.ഐയെ സ്ഥലം മാറ്റിയത്.

 

എന്നാല്‍ സ്ഥലംമാറ്റം ശിക്ഷാനടപടിയല്ലെന്നാണ് പോലീസ് വിശദീകരണം. എസ്‌ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥലംമാറ്റം നല്‍കിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. എസ്‌ഐയുടെ വീട് കട്ടപ്പനയ്ക്കടുത്ത മുണ്ടക്കയത്താണെന്നും എസ്‌ഐ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് നടപടിയെ ന്യായീകരിച്ചുകൊണ്ട് വകുപ്പ് പറയുന്നത്.