National News

മുത്തലാഖ് കുറ്റകരം : ഓർഡിനൻസ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നവർക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമം വിഭാവനം ചെയ്യുന്നത്.

New Delhi

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകരം. മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നവർക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമം വിഭാവനം ചെയ്യുന്നത്. ശുപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുമ്പില്‍ വയ്ക്കാനാണ് നീക്കം. ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തത്തിനെത്തുടർന്നാണ് ഓർഡിനൻസ് ഇറക്കിയത്.



വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലൂടെയോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലിൽ പറയുന്നു. ആരെങ്കിലും നല്‍കുന്ന പരാതിയില്‍ അറസ്റ്റ് നടപടി സാധ്യമാകുമെന്നതായിരുന്നു മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആരോപണം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഇത് തിരുത്തി കേസെടുക്കാന്‍ മുത്തലാഖ് ചൊല്ലുന്ന സ്ത്രീയോ രക്തബന്ധമുള്ളവരോ പരാതി നല്‍കണം എന്ന വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.



കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഇതേത്തുടർന്ന് വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു.