Global News

ഇന്ത്യക്കാർക്ക് തിരിച്ചടി : എച്ച് 4 വിസ നിരോധനം നടപ്പാക്കാനൊരുങ്ങി ട്രംപ്

മൂന്നു മാസത്തിനുള്ളിൽ നിരോധനം നടപ്പിലാക്കാനാണ് തീരുമാനം.

Washington

എച്ച് 1 ബി വിസ നിരോധനത്തിന് പിന്നാലെ എച്ച് 4 വിസയും നിർത്തലാക്കാനൊരുങ്ങി യു.എസ് ഭരണകൂടം. മൂന്നു മാസത്തിനുള്ളിൽ നിരോധനം നടപ്പിലാക്കാനാണ് തീരുമാനം. എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-4 വിസ നിരോധിക്കുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് പ്രതികൂലമായി ബാധിക്കുക.

 

എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച്-4 വിസയില്‍ തൊഴില്‍ ചെയ്യാന്‍ അവസരം നല്‍കിതുടങ്ങിയത് 2015 മുതലാണ്. നിലവിൽ എഴുപതിനായിരത്തിലധികം പേരാണ് യു.എസ്സിൽ ഇത്തരത്തിൽ ജോലി ചെയ്യുന്നത്. 90 ശതമാനവും ഇന്ത്യക്കാർ. ഭൂരിഭാഗവും സ്ത്രീകളും.

 

എച്ച് 4 വിസ നിര്‍ത്തലാക്കുന്നതിനായുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ അതേ മാസംതന്നെ ആരംഭിക്കുമെന്നും ആഭ്യന്തര സുരക്ഷാവിഭാഗം മാര്‍ച്ചില്‍ കോടതിയെ അറിയിച്ചിരുന്നു. എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവരുടെ ജീവിതപങ്കാളികള്‍ തുടങ്ങിയവര്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം ഒബാമ ഭരണകൂടമാണ് നടപ്പാക്കിയത്. ഈ നിയമം റദ്ദാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.