Columns

03 Dec 2018 17:10 PM IST

പുരുഷൻ തീരുമാനിക്കുന്ന വനിതാമതിലും സ്ത്രീകളില്ലാത്ത യുവജനജാഥയും

സ്ത്രീകൾക്ക് വേണ്ടി പുരുഷൻ തീരുമാനമെടുക്കുന്നതിലെ അനീതിയെ ചോദ്യം ചെയ്യുകയാണ് അഡ്വ.സി.ഷുക്കൂർ.

ജനുവരി ഒന്നിനു നമ്മള്‍ മറ്റൊരു ചരിത്രം കൂടി തുന്നിച്ചേര്‍ക്കുവാന്‍ പോവുകയാണ്. നവോത്ഥാന വനിതാ മതില്‍. നാട്ടില്‍ നിന്ന് കുറ്റിയറ്റുപോയ ആചാരങ്ങളെ തിരികെ കൊണ്ടു വരാനും അതുവഴി ഹിന്ദു ഏകീകരണ രാഷ്ട്രീയലാഭം നേടാനും ശ്രമിക്കുന്ന സംഘ്ശക്തികള്‍ക്ക് കിട്ടിയ രാഷ്ട്രീയ പ്രഹരമാണ് നവോത്ഥാന കൂട്ടായ്മ.

 

വെള്ളാപ്പള്ളി അടക്കം അതിലെ പലരും പല ഘട്ടങ്ങളിലും ഹിന്ദുത്വ വര്‍ഗ്ഗീയതയെ പിന്തുണച്ചവരാണെന്നതും തീവ്ര ഹിന്ദു നിലപാടുകാരായ പലരും ആ കമ്മിറ്റിയില്‍ ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആര്‍.എസ്.എസ്സും സംഘ്പരിവാറും ശബരിമല വിഷയത്തിലെടുത്ത നിലപാടുകളെ നിരാകരിച്ചു ലിംഗസമത്വ വിഷയത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങള്‍ കൈക്കൊള്ളാന്‍ തയ്യാറായി വരുന്നവരെ ജാതകം നോക്കി കൂട്ടായ്മയില്‍ നിന്ന് പുറത്താക്കേണ്ടതുണ്ടോ? അങ്ങനെ നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘ്ശക്തികള്‍ക്കല്ലേ ഗുണം ചെയ്യുക ?

 

യു.ഡി.എഫ് രാഷ്ട്രീയം ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉയര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിരുന്നുവെങ്കില്‍ സമരം നേരത്തെ തന്നെ പൊളിയുമായിരുന്നു. ഭക്തരുടെ മറവില്‍ സന്നിധാനത്ത് അക്രമം അഴിച്ചുവിടുന്നവരെ പൂട്ടേണ്ടത് നിയമവാഴ്ചയ്ക്ക് അനിവാര്യമാണ്. കെ.സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്. കേസുകള്‍ പലര്‍ക്കുമെതിരേ ഇപ്പോഴുമുണ്ട്.

 

എന്നാല്‍ ഒരു ചോദ്യം അവശേഷിക്കുന്നു. നവോത്ഥാന വനിതാ മതില്‍ കെട്ടുവാന്‍ ആരാണ് തീരുമാനിച്ചത്? ആണുങ്ങള്‍ മാത്രം യോഗം ചേര്‍ന്നെടുത്ത തീരുമാനം. മരുന്നിനു പോലും ഒരു സ്ത്രീ ഉണ്ടായിരുന്നില്ല. ആണുങ്ങള്‍ തീരുമാനിക്കും. പെണ്ണുങ്ങള്‍ അനുസരിക്കും എന്ന മനോഭാവത്തിന്റെ വ്യക്തമായ സൂചനയാണത്. തീര്‍ച്ചയായും സ്ത്രീ മനുഷ്യമതില്‍ കെട്ടുന്നത് തീരുമാനിക്കാനുള്ള അധികാരം സ്ത്രീക്ക് മാത്രം ഉള്ളതാണ്. സ്ത്രീകളുടെ രാഷ്ട്രീയം വെളിപ്പെടുത്താനുള്ള അവകാശം പുരുഷന്മാര്‍ കവര്‍ന്നെടുക്കുന്നത് പാട്രിയാര്‍ക്കി മനോഭാവമാണ് നമ്മെ ഭരിക്കുന്നത് എന്നതിന്റെ തെളിവാണ്. നവോത്ഥാനവും ആചാരലംഘനവും നടക്കേണ്ടത് നമ്മുടെ മനസ്സുകളിലാണ്.

 

രാഷ്ട്രീയത്തിലെ ചേരികൾ വ്യത്യസ്തമാകുമ്പോഴും സ്ത്രീകളുടെ കാര്യത്തിൽ എല്ലാവരുടെയും മനോഭാവം ഒന്ന് തന്നെ. ഇപ്പോൾ കേരളത്തിലൂടെ ഒരു യുവജനജാഥ കടന്നുപോകുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ജ. മുനവ്വറലി ശിഹാബ് തങ്ങളും ജ. സിക്രട്ടറി ജ. പി കെ ഫിറോസും നയിക്കുന്ന യുവജന യാത്ര തീർച്ചയായും ലീഗ് അണികളിൽ ആവേശം നിറച്ചു തന്നെയാണ് പോകുന്നത്.1988 ൽ ഡോ. എം കെ മുനീർ നയിച്ച യുവജന യാത്ര കടന്നു പോയിട്ടു മുപ്പതു വർഷം പിന്നിട്ടു. കേരളീയ സമൂഹത്തിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചു. സാമൂഹ്യ കാഴ്ചപ്പാടുകളിലും സ്ത്രീ പുരുഷ സമത്വ സങ്കൽപങ്ങളിലും മാറ്റങ്ങൾ വന്നു. പൊതു ഇടങ്ങൾ സ്ത്രീകൾക്കു കൂടി അവകാശപ്പെട്ടതാണെന്നു സമൂഹം അംഗീകരിച്ചു തുടങ്ങി. ലീഗിലും മാറ്റങ്ങൾ കണ്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിത സാരഥികളെ ലീഗ് നിയമിച്ചു. വനിതാ ലീഗും ഹരിതയും സ്ത്രീകൾക്കുള്ള അംഗീകാരമായി. മുനവ്വറലി തങ്ങളുടെ യാത്രയെ അഭിവാദ്യം ചെയ്യുവാൻ വഴിയരികിൽ സ്ത്രീകളും കുട്ടികളും കൂട്ടം ചേർന്നു കൈ വീശി കാണിച്ചു.

 

ഇവിടെയും ഒരു ചോദ്യം ചോദിക്കാതിരിക്കാനാവില്ല. എന്തുകൊണ്ട് 150 ജാഥ അംഗങ്ങളിൽ ഒരാൾ പോലും വനിത ആയില്ല? വർഗ്ഗീയ വിരുദ്ധ ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഈ രാജ്യത്തെ സ്ത്രീകൾക്കു ഒരു പങ്കുമില്ലെ? അവരും രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമല്ലേ? അക്രമരഹിത കേരളം രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വേണ്ടേ? വർഗ്ഗീയതയുടെയും അക്രമത്തിന്റെയും ആദ്യ ഇര സ്ത്രീകളാണ്. അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും വ്യഥയും ഒരാണും വർഗ്ഗീയതയിലും അക്രമണങ്ങളിലും അനുഭവിക്കുന്നില്ല. തീർച്ചയായും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ. നിങ്ങളുടെ രാഷ്ട്രീയ ചർച്ചകളിൽ സ്ത്രീക്കു കൂടി ഇടം നൽകണം. ഈ ഭൂമിയും ആകാശവും രാഷ്ട്രീയവും രാഷ്ട്രവും അവൾക്കു കൂടി അവകാശപ്പെട്ടതാണ്. തുല്യത ഒരു ബോധ്യമാണ്, മനോഭാവമാണ്. ചരിത്രം തിരുത്തുന്നവരിലൂടെയാണ് കാലം മുന്നോട്ടു പോകുന്നത്. നവോത്ഥാനം വരുന്നത്.

 


(അത്യുത്തര കേരളത്തിലെ പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനുമാണ് അഡ്വ.സി.ഷുക്കൂർ)