National News

സർജിക്കൽ സ്ട്രൈക്ക് ദിനം കയ്യിൽവച്ചാൽ മതിയെന്ന് ബംഗാൾ

സെപ്റ്റംബര്‍ 29 സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനമായി ആചരിക്കണമെന്ന യുജിസിയുടെ നിര്‍ദ്ദേശം പശ്ചിമബംഗാളിലെ സർവ്വകലാശാലകൾ നടപ്പാക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി.

സെപ്റ്റംബര്‍ 29 സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനമായി ആചരിക്കണമെന്ന യുജിസിയുടെ നിര്‍ദ്ദേശം പശ്ചിമബംഗാളിലെ സർവ്വകലാശാലകൾ നടപ്പാക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി. ഇത് ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് പാര്‍ത്ഥാ ചാറ്റര്‍ജി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വഴിതെറ്റിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിയുടെ തന്ത്രം യു.ജി.സിയെക്കൊണ്ട് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു.

 

2016 സെപ്റ്റംബര്‍ 29ന് നിയന്ത്രണ രേഖയ്ക്ക് അപ്പുറം 7 കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ഓര്‍മ പുതുക്കാന്‍ വേണ്ടി അതിന്റെ രണ്ടാം വാർഷികദിനത്തിൽ രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനം ആഘോഷിക്കണമെന്നായിരുന്നു യുജിസി നിര്‍ദേശം. വിമുക്ത ഭടന്മാരുടെ പ്രഭാഷണങ്ങൾ, എൻ.സി.സിയുടെ പ്രത്യേക പരേഡുകൾ, എക്സിബിഷനുകൾ സന്ദർശിക്കൽ തുടങ്ങിയവ യു.ജി.സി നിർദ്ദേശിച്ച ദിനാചരണ പരിപാടികളിൽപെടുന്നു.

 

എക്കാലവും രാഷ്ട്രീയത്തിനും വിവാദങ്ങൾക്കും അതീതമായിരുന്ന ഇന്ത്യൻ സൈന്യത്തെ സ്വന്തം സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് പാർത്ഥ ചാറ്റർജി പറഞ്ഞു. അതേ സമയം സർക്കുലറിൽ പറഞ്ഞിട്ടുള്ളത് നിർദ്ദേശങ്ങൾ മാത്രമാണെന്നും നടപ്പാക്കണമെന്ന് നിർബ്ബന്ധമില്ലെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.