Kerala News

19 Nov 2018 15:05 PM IST

Reporter-Leftclicknews

സന്നിധാനത്ത് ആർഎസ്എസ്സുകാർ അഴിഞ്ഞാടാൻ അനുവദിക്കില്ല : കടകംപള്ളി

സന്നിധാനത്ത് അഴിഞ്ഞാടാൻ സംഘപരിവാർ പ്രവർത്തകരെ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

സ്‌പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്‌ട് എന്ന നിലയില്‍ 2016 ൽ കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലക്കും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി 99.98 കോടി രൂപ അനുവദിച്ചതിൽ 18 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാൻ 36 മാസം സമയമുണ്ടെന്നും ഇതുപ്രകാരം 2019 ജൂലൈയിലാണ് പൂർത്തിയാക്കേണ്ടതെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

പമ്പയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 20 കോടിയാണ് അനുവദിച്ചിരുന്നത്.എന്നാല്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 65 കോടി രൂപ ആവശ്യമാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ഹൈപ്പവര്‍ കമ്മിറ്റിയുടെ കീഴില്‍ ഒരു ടെക്‌നിക്കല്‍ കമ്മറ്റിയുണ്ട്. എന്നാല്‍ ടെക്‌നിക്കല്‍ കമ്മിറ്റി ഒരിക്കലും കാര്യങ്ങള്‍ നടത്താന്‍ സമ്മതിക്കാറില്ല. അതായത് സര്‍ക്കാര്‍ നേരിട്ടല്ല ഈ പ്രവര്‍ത്തനം നടത്തുന്നത്. 20 കോടിക്ക് നിര്‍മാണം നടത്താന്‍ സാധിക്കാത്തതിനാല്‍ 20 കോടിയോടൊപ്പം കിഫ്ബിയില്‍ നിന്നും 45 കോടി കൂടി ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേറ്റീവ് അതോറിറ്റിയുടേയും പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും തടസങ്ങളാണ് കാലതാമസമുണ്ടാക്കിയത്. കടുവ സങ്കേത കേന്ദ്രമായതിനാല്‍ നിരവധി നിയന്ത്രണങ്ങളുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി നിയമിച്ച എംപവര്‍ കമ്മിറ്റി ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനവും പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതൊന്നും അറിയാതെയാണോ കണ്ണന്താനം സംസാരിക്കുന്നതെന്ന് കടകംപള്ളി ചോദിച്ചു.

 

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗകര്യം ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനം. അല്ലാതെ ഗുണ്ട സംഘത്തിന് സൗകര്യം ഒരുക്കലല്ല. ഇന്നലെ രാജേഷിന്റെ നേതൃത്വത്തില്‍ ആര്‍ എസ്എസ്- ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണത്തോടെ സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കുന്നതോടൊപ്പം കേരളത്തിലാകെയും മുഖ്യമന്ത്രിയുടെ വീടിനുമുന്നിലടക്കം പ്രശ്‌നം ഉണ്ടാക്കുക എന്നത് കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് എല്ലാവര്‍ക്കും അറിയാം. ചിത്തിര ആട്ടസമയത്തും, തുലാമാസ പൂജ സമയത്തും അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാന്‍ അവസരം നല്‍കില്ല. ശരണം വിളി എന്നാണ് ആര്‍എസ്എസ് സംഘത്തിന്റെ മുദ്രാവാക്യത്തിന്റെ പുതിയ പേര്. വളരെ വിനയത്തോടെയാണ് പൊലീസ് ആളുകളോട് സംസാരിച്ചത്. തേങ്ങ കൊണ്ട് അക്രമിച്ചപ്പോഴും പൊലീസ് ക്ഷമിച്ചുനിന്നു.

 

മഹാരാഷ്‌ട്രയില്‍ ശനി ക്ഷേത്രത്തില്‍ തൃപ്‌തി ദേശായി ഭക്തന്‍മാരുടെ നെഞ്ചത്ത് ചവിട്ടി കടന്നുപോയപ്പോള്‍ പൊലീസ് ഭക്തന്മാരുടെ കാലുവാരി തറയിലടിച്ചില്ലെ? അതൊന്നും ഇവിടുത്തെ പൊലീസ് ചെയ്‌തിട്ടില്ല. ഭക്തര്‍ക്ക് ഒരു പ്രയാസവുമില്ല. ആര്‍എസ്എസിനാണ് പ്രശ്‌നം ശബരിമല ആര്‍എസ്എസിനെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൊലീസുകാര്‍ വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ച ശേഷം ഭക്ഷണം നല്‍കിയില്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ചൂടുവെള്ളവും കിടക്കാന്‍ ബെഞ്ചും കൊടുത്തു.ഐപിഎസ് റാങ്കുള്ള എസ്‌പിയാണ് അദ്ദേഹത്തെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നിട്ട് ഇത്തരത്തില്‍ പച്ചക്കള്ളം പറയുകയായിരുന്നു. യുവതികള്‍ വരാത്ത സന്ദര്‍ഭത്തിലും സന്നിധാനത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.


മതേതര കേരളം സംഘപരിവാറിന്റെ കള്ളക്കളികളെല്ലാം അറിയുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലെത്തുന്നത് നല്ല കാര്യമാണ്. അവരെ സ്വാഗതം ചെയ്യുന്നു. അവരുടെ അനുയായികളുടെ കൊള്ളരുതായ്‌മകള്‍ നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു.

 

 


Reporter-Leftclicknews