Specials

06 Oct 2018 03:25 AM IST

നിങ്ങളുടെ അസ്തിത്വം ഞങ്ങളുടെ ആർത്തവ രക്തത്തിലാണ്

ആർത്തവം അശുദ്ധിയെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനക്കെതിരെ സ്ത്രീകൾ അശുദ്ധരല്ലെന്ന ക്യാമ്പയിൻ ശക്തമാകുന്നു.

ആർത്തവം അശുദ്ധിയെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനക്കെതിരെ സ്ത്രീകൾ അശുദ്ധരല്ലെന്ന ക്യാമ്പയിൻ ശക്തമാകുന്നു. ആർത്തവം തികച്ചും ശാരീരികമായ ഒരു പ്രക്രിയ മാത്രമാണെന്നും അത് അശുദ്ധമെന്ന പ്രസ്‌താവന തികഞ്ഞ വിവരദോഷമാണെന്നുള്ള അഭിപ്രായങ്ങളാണ് ക്യാമ്പയ്‌നിൽ ഭാഗമാകുന്നവർ പങ്കുവെക്കുന്നത്. തങ്ങള്‍ക്ക് ആര്‍ത്തവത്തിന്റെ പേരില്‍ നേരിടേണ്ടി വന്നിട്ടുള്ള അവഗണനകളെ കുറിച്ചും ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധി പെണ്‍കുട്ടികള്‍ കുറിച്ചു. #WomenAreNotImpure എന്ന പേരില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫ്രെയിമും വൈറല്‍ ആവുകയാണ്.

  

ആര്‍ത്തവം അശുദ്ധിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ലെന്നും വിശ്വാസം സംരക്ഷിക്കുന്നതാണ് അവരുടെ ബാധ്യതയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

എങ്ങനെയായിരുന്നോ അയിത്തം എന്ന ദുരാചാരം internalised ആയിരുന്നത്, അതുപോലെ തന്നെയാണ് ആർത്തവം അശുദ്ധമാകുന്നത് സ്വാഭാവികമാകുന്നതുമെന്ന് ഡൽഹി അംബേദ്‌കർ സർവ്വകലാശാല വിദ്യാർത്ഥിനി ആർദ്ര കുറിച്ചു . താഴ്ന്ന ജാതിക്കാർക്ക് അമ്പലങ്ങളിൽ എന്തിന്റെ പേരിലാണോ പ്രവേശനം നിഷേധിച്ചത്, അതേ കാരണം തന്നെയാണ് ആർത്തവത്തിന്റെ പേരിൽ സ്ത്രീയെയും മാറ്റിനിർത്തുന്നത്. കീഴ്ജാതിക്കാരൻ കയറി അശുദ്ധമാക്കി എന്ന അതേ സവർണ നിലവിളികളും, ആക്രോശങ്ങളും തന്നെയാണ് ആർത്തവ സമയത്ത് ഞാൻ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി അമ്പലത്തിൽ കയറി എന്നു പറഞ്ഞ പെൺകുട്ടിക്ക് നേരെ രണ്ട് ദിവസം മുന്നേ നടന്നത്. നോക്കു, ജാതി എങ്ങനെ പ്രവർത്തിക്കുന്നു അതേ രീതിയിൽ തന്നെ, purity / impurity എന്ന ബൈനറി വച്ചു തന്നെയാണ് ഒരു patriarchal സമൂഹം നിലനിൽക്കുന്നത്.
"സ്ത്രീ ഇസ് ഈക്വൽ ടു അമ്മ, ദേവി etc " എന്ന കള്ള വചനവും, കുടുംബം, മതം, വിവാഹം തുടങ്ങിയ സോഷ്യൽ ഇൻസ്റ്റിട്യൂഷനുകളും ഇത്തരം 'അസ്വാഭാവികതകളെ ' ലെജിറ്റിമൈസ് ചെയ്യുകയും സ്വാഭാവികമായ സംഗതിയായി മാറ്റുകയും ചെയ്യുന്നു. ഇന്നാട്ടിൽ നടന്ന പാഡ്മാൻ ചലഞ്ച് ഒക്കെ വെറും പ്രഹസനം മാത്രമായിരുന്നു എന്ന് ശബരിമല സ്ത്രീ പ്രവേശന വിധിയോടെ പൂർണമായും വ്യക്തമായിരിക്കുകയാണ്. 'അശുദ്ധിയുടെ പാഠങ്ങൾ' തന്നെയാണ് നാടു വാഴുന്നത് .
ആയതിനാൽ കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന തിരിച്ചറിവിന് പുറത്ത്, യൂണിവേഴ്സിറ്റിയുടെ ചുമരിൽ കണ്ട ഒരു വാചകം ഇവിടെ കുറിക്കന്നു.
" YOU EXIST , BECAUSE I BLEED "
#WomenAreNotImpure

 

നിങ്ങളീ അശുദ്ധി കൽപ്പിക്കുന്ന ആർത്തവരക്തത്തിൽ നിന്നാണ് നിങ്ങളെപ്പോലുള്ളവർ ജനിക്കുന്നത് എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് നിങ്ങളുടെ ആർത്തവ വിരുദ്ധ പോസ്റ്റുകൾ കാണുമ്പോൾ പുച്ഛിച്ചു തള്ളാൻ തോന്നുന്നതെന്ന് ക്യാമ്പയിന്റെ ഭാഗമായി വെബ് ഡിസൈനർ ആഷ്മി സോമൻ.

ഞങ്ങൾ പെണ്ണുങ്ങളുണ്ടല്ലോ പെണ്ണുങ്ങൾ :) ജനിക്കുമ്പോൾ മുതൽ വിവേചനം എന്തെന്നറിഞ്ഞും അനുഭവിച്ചും വളർന്നു വരുന്നവരാണ്. അത് വീട്ടിൽ നിന്ന് തന്നെ ആകണമെന്നില്ല ഈ സമൂഹത്തിലെ ഓരോ കോണിൽ നിന്നും പലപ്പോഴായി ഞങ്ങൾ അതൊക്കെ കണ്ടും അനുഭവിച്ചും അതിജീവിച്ചും മുന്നേറുന്നവരാണ്.

അപ്പോഴുണ്ടാല്ലോ ഈ കോണ്ഗ്രസ്സിന്റെ സുധാകരനെ പോലെ ആർത്തവം അശുദ്ധി ആണെന്നൊക്കെ വന്നു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ അവരോടൊക്കെ ഞങ്ങൾക്ക് പറയാനുള്ളത് എന്താന്നറിയോ.
ഞങ്ങൾ പെണ്ണുങ്ങൾ തന്നെയാണ്. ആർത്തവമുള്ള പെണ്ണുങ്ങൾ. ആ ആർത്തവം നിങ്ങൾക്ക് അശുദ്ധി ആയിട്ടൊക്കെ തോന്നുന്നത് തലയിൽ ചാണകം നിറഞ്ഞത് കൊണ്ടാകാം. :) നിങ്ങൾക്കിവിടെ ജീവിക്കാനുള്ള അവകാശം പോലെ തന്നെ ആർത്തവമുള്ള പെണ്ണിനും ഇവിടെ ജീവിക്കാനുള്ള മൗലിക അവകാശം ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. ഇല്ലെങ്കിലുണ്ടല്ലോ കുലസ്ത്രീ അല്ലാത്ത സ്വന്തം സ്വത്വത്തെ കുറിച്ച് ബോധമുള്ള പെണ്ണുങ്ങളുണ്ടല്ലോ അവർ കാർക്കിച്ച് തുപ്പും :)

 

സുധാകരൻ അവർകൾ അറിയുന്നതിന് എന്ന് തുടങ്ങുന്ന പോസ്റ്റിൽ അധ്യാപികയായ നിഷ മഞ്ചേഷ് പറയുന്നത് ഇങ്ങനെ

താങ്കളുടെ അശുദ്ധി പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിരുന്നു.
താങ്കൾക്ക് വിവരദോഷം എന്ന രോഗമാണ് എന്ന സത്യത്തെ ഞാൻ ഉൾക്കൊള്ളുന്നു. അതിൽ നിന്നും താങ്കൾക്ക് മുക്തി ഉണ്ടാവണം എന്ന ആഗ്രഹവും ഇതോടൊപ്പം അറിയിക്കുന്നു .അതോടൊപ്പം ,സ്വന്തം വീട്ടിലോ അയൽപ്പക്കങ്ങളിലോ ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലുമൊക്കെ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ സയൻസ് പുസ്തകം സംഘടിപ്പിച്ചു വായിച്ചാൽ ഇത് കുറച്ചൊക്കെ പരിഹരിക്കാൻ കഴിയും എന്ന കാര്യവും കൂടി അറിയിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. രോഗവസ്ഥയിലുള്ള താങ്കളുടെ ഈ ധാരണ അതീവം ഗുരുതരമാം വിധം തെറ്റാണ് എന്നും, ഞങ്ങൾ സ്ത്രീകൾ ഒരുത്തരത്തിലുമുള്ള അശുദ്ധിയുള്ളവർ അല്ലെന്നും, ആർത്തവം തികച്ചും ശാരീരികമായ ഒരു പ്രക്രിയ മാത്രമാണെന്നും കൂടി ഈ അവസരത്തിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുക കൂടി ചെയ്യുന്നു.

സ്നേഹത്തോടെ ,
ഒരിക്കലും അശുദ്ധയാവാത്ത ഒരു സ്ത്രീ.
ഒപ്പ്.

 

.ആർത്തവത്തെ അഴുക്കായും വിസർജ്യമായും ആർത്തവമുള്ള പെണ്ണിനെ അശുദ്ധമായും കണ്ടു അകറ്റിയും പുറത്താക്കിയും പഴിപറഞ്ഞും ഈ നൂറ്റാണ്ടിലും നിലനിൽക്കാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ മൂഢസ്വർഗ്ഗത്തിൽ ആണെന്ന് മാത്രം ഓർക്കുക എന്നാണ് സ്ത്രീകൾ അശുദ്ധരല്ല കാമ്പയിനിന്റെ ഭാഗമായി വീട്ടമ്മയായ ഫാത്തിമ സിദ്ദിഖിന് പങ്കുവക്കുന്നത്. പെണ്ണിനെ ആശുദ്ധയെന്ന പേരിൽ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ മൂലക്കിരുത്താൻ നോക്കുന്ന എല്ലാ മേലാളന്മാർക്കും നല്ല നമസ്ക്കാരം. നിങ്ങൾക്ക് ഈ കാലവും പ്രകൃതിയും ഒരിക്കലും മാപ്പു തരില്ല.